വല്ലംകടവ്-പാറപ്പുറം പാലം ഉദ്ഘാടനം 24ന്
text_fieldsപെരുമ്പാവൂര്‍: ആലുവ, പെരുമ്പാവൂര്‍ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വല്ലംകടവ്-പാറപ്പുറം പാലത്തിന്റെ ഉദ്ഘാടനം 24ന് രാവിലെ 10ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 23 കോടി ചെലവിലാണ് പെരിയാറിന് കുറുകെപാലം നിർമിച്ചത്. 2016 തുടക്കത്തിലാണ് നിർമാണം ആരംഭിച്ചത്. പെരുമ്പാവൂര്‍ മണ്ഡലത്തിലെ വല്ലം ഭാഗം എത്തിയപ്പോള്‍ നിർമാണം മുടങ്ങി. തുടര്‍ന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളിയും അന്‍വര്‍ സാദത്തും കത്ത് നല്‍കുകയും നിരവധിതവണ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയതിന്റെയും അടിസ്ഥാനത്തിലാണ് പണി പുനരാരംഭിച്ചത്.
വിഷയം എം.എല്‍.എമാര്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. പഴയ കരാറുകാരനെ മാറ്റി പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് വീണ്ടും ടെന്‍ഡര്‍ ചെയ്തു. ടെന്‍ഡര്‍ തുകയെകൂടുതല് തുക കാണിച്ചതിനെ തുടര്‍ന്ന് പദ്ധതിക്ക് വീണ്ടും പ്രതിസന്ധിയായി. ഇത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ടെന്‍ഡര്‍ അംഗീകരിച്ച് 2020ല്‍ പാലത്തിന്റെ നിര്‍മാണം വീണ്ടും തുടങ്ങുകയായിരുന്നു. പ്രാദേശികമായ നിരവധി പ്രശ്നങ്ങള്‍ നിർമാണ സമയത്ത് ഉയർന്നിരുന്നു. അതെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിച്ചാണ് നിർമാണം പൂര്‍ത്തീകരിച്ചത്.
ഇനി പാലത്തിന് അനുബന്ധമായുള്ള റോഡിന്റെ വീതികൂട്ടുന്ന കാര്യം പരിഗണനയിലാണ്. പാലത്തിന് 289.45 മീറ്റര്‍ നീളവും നടപ്പാത ഉള്‍പ്പെടെ 11.23 മീറ്റര്‍ വീതിയുമുണ്ട്. കാലടി ശ്രീശങ്കര പാലത്തിനും എം.സി റോഡില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈപാസ് റോഡായി പാലം മാറും. മറ്റു ജില്ലകളില്‍നിന്ന് എം.സി റോഡ് വഴി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് വരുന്നവര്‍ക്ക് കാലടി ടൗണ്‍ ഒഴിവാക്കി എത്തിച്ചേരാനാകും. പാലത്തിലൂടെ കാഞ്ഞൂരില്‍നിന്ന് പെരുമ്പാവൂരിലെത്തുമ്പോള്‍ ആറ് കിലോമീറ്ററോളം ലാഭിക്കാം. പെരിയാറിന്റെ ഇരുകരകളിലുമുള്ള കാഞ്ഞൂര്‍ സെന്റ് മേരീസ് പള്ളി, പുതിയേടം ക്ഷേത്രം, തിരുവൈരാണികുളം ക്ഷേത്രം, ചേലാമറ്റം ക്ഷേത്രം തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.