അസൗകര്യത്തിൽ ഫിഷറീസ് ഹാർബർ; ബോട്ടുകൾ ഹാർബർ വിടുമെന്ന് ആശങ്ക
text_fieldsമട്ടാഞ്ചേരി: തോപ്പുംപടി ഫിഷറീസ് നവീകരണ പ്രവർത്തനങ്ങൾ ഒരുവർഷത്തോളമായി നിലച്ചനെത്തുടർന്ന് ബോട്ടടുപ്പിക്കുന്നതിലും മറ്റുമുള്ള അസൗകര്യങ്ങൾമൂലം ബോട്ടുകൾ കൊച്ചി വിടുമെന്ന ആശങ്ക പരക്കുന്നു. ഹാർബർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിലവിൽ ഹാർബറിന്റെ പകുതിഭാഗം നവീകരണ പ്രവർത്തനങ്ങൾക്കായി പൊളിച്ചിട്ടിരിക്കുകയാണ്. പൊളിച്ചശേഷം തുടർപ്രവർത്തനങ്ങൾ സ്തംഭിച്ചു. ഇതുമൂലം ഹാർബറിൽ എത്തുന്ന ബോട്ടുകൾക്ക് ഇവിടെ പിടിക്കാൻ കഴിയാത്ത അവസ്ഥയാണ്. ബോട്ടുകൾ പിടിക്കുന്ന മീൻ വിൽപന നടത്തുന്നതിലും ബുദ്ധിമുട്ടുണ്ട്.
പ്രതിസന്ധികൾക്കിടയിലും അവ തരണംചെയ്താണ് നിലവിൽ ഹാർബറിൽ ബോട്ടടുപ്പിച്ചുവരുന്നത്. എന്നാൽ, നവീകരണ ജോലികൾ അനിശ്ചിതമായി നീണ്ടുപോയാൽ വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കും.
പോർട്ട് അധികൃതരുടെ കെടുകാര്യസ്ഥതയാണ് നിലവിൽ നവീകരണ ജോലികൾ പ്രതിസന്ധിയിലാകാൻ കാരണമെന്നാണ് ആരോപണം. ഈ പശ്ചാത്തലത്തിലാണ് ഹാർബറിലെ തൊഴിലാളികളും കച്ചവടക്കാരും ബോട്ടുടമകളും ഒന്നടങ്കം ബഹുജന പിന്തുണയോടെ സമര രംഗത്തിറങ്ങാൻ തീരുമാനിച്ചത്. നവംബർ ഏഴിന് നിശ്ചയിച്ച പോർട്ട് ഉപരോധസമരം 13ലേക്ക് മാറ്റി.
ഉപരോധം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി, കെ.ജെ. മാക്സി എം.എൽ.എ എന്നിവർ പങ്കെടുക്കുമെന്ന് സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.