മൂന്നുമാസം, ഇന്ത്യക്കാർ വാങ്ങിയത് 102.5 ടൺ സ്വർണാഭരണം
text_fieldsകൊച്ചി: പിന്നിട്ട മൂന്നുമാസം കൊണ്ട് ഇന്ത്യക്കാർ വാങ്ങിക്കൂട്ടിയത് 102.5 ടൺ സ്വർണാഭരണം. സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് ഉപഭോക്താക്കളിലൂടെ പ്രതിഫലിച്ചതും കഴിഞ്ഞ ലോക്ഡൗൺ കാലത്ത് മാറ്റിവെച്ച വിവാഹങ്ങൾ നടത്തിയതുമാണ് 2021 ആദ്യപാദത്തിൽ സ്വർണ വ്യാപാര മേഖലക്ക് തുണയായത്.
2020നേക്കാൾ 39 ശതമാനം ആവശ്യകത ഉയർന്നു. അതേസമയം, 2019ൽ ആദ്യപാദത്തിൽ രാജ്യത്ത് വിറ്റുപോയ 125.4 ടൺ സ്വർണാഭരണങ്ങൾ എന്നതിന് ഒപ്പമെത്താൻ ഇക്കുറി കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ മൂന്നുമാസം കൊണ്ട് ഇന്ത്യയിൽ വാങ്ങിയ സ്വർണാഭരണത്തിെൻറ ആകെ മൂല്യം 43,100 കോടി രൂപ വരുമെന്നാണ് വേൾഡ് ഗോൾഡ് കൗൺസിൽ വ്യാഴാഴ്ച പുറത്തിറക്കിയ സ്വർണ വ്യാപാരമേഖലയുടെ ആദ്യപാദ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിവാഹ സീസൺ മുന്നിൽ കണ്ട് ഉപഭോക്താക്കളെ ആകർഷിക്കാൻ ജ്വല്ലറികൾ നൽകിയ പണിക്കൂലി കുറവ് ഉപഭോക്താക്കളെ ആകർഷിച്ചു. ഇക്കാലയളവിൽ പത്ത് ഗ്രാം സ്വർണത്തിന് ശരാശരി 47,131 രൂപയായിരുന്നു വില. ഇത് സ്വർണത്തിന് ഏറ്റവും കൂടുതൽ വില ഉയർന്ന 2020 ആഗസ്റ്റിലെക്കാൾ 16 ശതമാനം കുറവായിരുന്നു.
അതേസമയം, അടുത്ത മൂന്നുമാസത്തിൽ സ്വർണ വ്യാപാര മേഖല കടുത്ത ജാഗ്രതയിലാണ്. കോവിഡ് വ്യാപനവും ലോക്ഡൗണുകളുമാണ് കാരണം. അടുത്ത വിവാഹ സീസണിലേക്ക് വിലക്കുറവ് അനുഭവപ്പെട്ട കഴിഞ്ഞ നാളുകളിൽ തന്നെ സ്വർണം വാങ്ങിപ്പോയിട്ടുണ്ട്. കൂടാതെ, ഓൺ ലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കാനും ജ്വല്ലറി ഗ്രൂപ്പുകൾ സജ്ജമായി.
കേരളത്തിെൻറ സ്വർണാഭരണ മേഖലയിൽ വാർഷിക വിറ്റുവരവ് 40,000 മുതൽ 50,000 കോടി വരെ രൂപവരെയാണ്. സ്വർണത്തെ നിക്ഷേപമായി കണ്ട് നാണയവും ബാറുമായി വാങ്ങിവെക്കുന്ന പ്രവണതയും രാജ്യത്ത് ഉയരുകയാണ്. ഇതിനായി 37.5 ടൺ സ്വർണം കഴിഞ്ഞ മൂന്നുമാസങ്ങളിലായി വാങ്ങിയെന്നാണ് കണക്ക്. 34 ശതമാനമാണ് വളർച്ച. 50 ഗ്രാം, 100 ഗ്രാം എന്നിങ്ങനെയാണ് കൂടുതലും ഈ രൂപത്തിൽ വാങ്ങുന്നത്.
ലോകത്ത് സ്വർണം വാങ്ങുന്നവരിൽ ഇന്ത്യക്കാർക്ക് മുകളിൽ ചൈന മാത്രമേയുള്ളൂ. 2021 ആദ്യപാദത്തിൽ ചൈനയിൽ വാങ്ങിയത് 191.1 ടൺ സ്വർണമാണ്. ആഭരണ മേഖലയിൽ ലോകത്ത് ഇക്കാലയളവിൽ വിറ്റുപോയ 477.4 ടൺ സ്വർണത്തിൽ 293.6 ടണ്ണും ഇന്ത്യയും ചൈനയും കൂടി സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.