ഇൻഡോർ സ്റ്റേഡിയം; വീണ്ടും പ്രതീക്ഷ
text_fieldsമൂവാറ്റുപുഴ: അനിശ്ചിതത്വത്തിനൊടുവിൽ മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ ഭാഗമായി നിർമിക്കുന്ന ഒളിമ്പ്യൻ ചന്ദ്രശേഖരൻ നായർ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ജീവൻ വെക്കുന്നു. സ്വിമ്മിങ് പൂൾ ഉൾപ്പെടെ ഇൻഡോർ സ്റ്റേഡിയം നിർമാണത്തിന 18 കോടി രൂപ കൂടി വർധിപ്പിച്ച് എസ്റ്റിമേറ്റ് പുതുക്കി.
ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം നിർമിക്കുന്നതിന് 43 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്. ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് സ്റ്റേഡിയം നിർമാണത്തിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്ന സ്പോർട്സ് കേരള ഫൗണ്ടേഷന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സ്പോർട്സ് കേരള ഫൗണ്ടേഷന്റെ ഉന്നത ഉദ്യോഗസ്ഥർ മൂവാറ്റുപുഴയിൽ എത്തി പരിശോധന നടത്തി.
സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ എ. ഷാജഹാൻ, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് െഡപ്യൂട്ടി ഡയറക്ടർ സി.എസ്. രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയത്. തുടർന്ന് മാത്യു കുഴൽനാടൻ എം.എൽ.എ, നഗരസഭ ചെയർമാൻ പി.പി. എൽദോസ്, വൈസ് പ്രസിഡന്റ് സിനി ബിജു, നഗരസഭ സെക്രട്ടറി ആരിഫ് ഖാൻ, സ്ഥിരംസമിതി അധ്യക്ഷരായ അജി മുണ്ടാട്ട്, പി.എം. അബ്ദുൽ സലാം എന്നിവരുമായി ചർച്ച നടത്തി. 32.55 കോടി രൂപയായിരുന്നു ഇൻഡോർ സ്റ്റേഡിയത്തിന്റെ ആദ്യത്തെ എസ്റ്റിമേറ്റ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമാണ ഉദ്ഘാടനവും നടത്തിയിരുന്നെങ്കിലും ശിലാഫലകം സ്ഥാപിച്ചതല്ലാതെ നിർമാണം ആരംഭിക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളെ തുടർന്നാണ് കിഫ്ബിയിൽനിന്ന് 18 കോടി രൂപ കൂടി അനുവദിച്ച് 43 കോടിരൂപയുടെ എസ്റ്റിമേറ്റ് തയാറാക്കിയത്.
നഗരസഭയുടെ കീഴിലുള്ള മുനിസിപ്പൽ സ്റ്റേഡിയം 17 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. സ്റ്റേഡിയത്തിന്റെ പിൻഭാഗത്ത് സ്ഥിതിചെയ്യുന്ന ആധുനിക മത്സ്യമാർക്കറ്റ് ഇരിക്കുന്നഭാഗം ഉൾപ്പെടെ ഉപയോഗപ്പെടുത്തിയാണ് ഇൻഡോർ സ്റ്റേഡിയം നിർമിക്കുന്നത്. വെള്ളപ്പൊക്ക ഭീഷണിനേരിടുന്ന സ്ഥലത്ത് സ്റ്റേഡിയം നിർമിക്കുന്നതിന് കൂടുതൽ തുക വേണ്ടിവരുമെന്ന് വന്നതോടെയാണ് നിർമാണ പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലായത്. ഫ്ലഡ് ലവലിന് മുകളിൽ മണ്ണിട്ടുയർത്താതെ തന്നെ ഇൻഡോർ സ്റ്റേഡിയം നിർമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. താഴെ പാർക്കിങ്ങ് സൗകര്യങ്ങൾ നൽകി മൂന്നു നിലകളിൽ സ്റ്റേഡിയം നിർമിക്കും. ബാഡ്മിൻറൺ, ബാസ്കറ്റ്ബാൾ, വോളിബാൾ, ഷട്ടിൽ കോർട്ടുകൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള പ്രത്യേക ഹോസ്റ്റൽ സൗകര്യങ്ങൾ എന്നിവയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.