ജോലി തേടി അന്തർസംസ്ഥാനങ്ങളിൽനിന്ന് കുട്ടികളുടെ ഒഴുക്ക്
text_fieldsകൊച്ചി: കോവിഡ് അടച്ചുപൂട്ടലിനുശേഷം ട്രെയിൻ സർവിസുകൾ പുനരാരംഭിച്ചതോടെ കേരളത്തിലേക്ക് അന്തർസംസ്ഥാനങ്ങളിൽനിന്ന് ജോലിക്കായി കുട്ടികളുടെ ഒഴുക്ക്. 14 വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഹോട്ടലുകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി എത്തിക്കുന്നത്. എറണാകുളം ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽനിന്ന് മാത്രം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകർ 103 കുട്ടികളെ കണ്ടെത്തി; 70 ആൺകുട്ടികളും 33 പെൺകുട്ടികളും.
അന്തർസംസ്ഥാനങ്ങളിൽനിന്ന് ജോലിക്ക് വരുന്ന കുട്ടികളും വീടുകളിൽനിന്ന് ഇറങ്ങിത്തിരിക്കുന്നവരുമാണ് ട്രെയിൻ വഴിയെത്തുന്ന കുട്ടികളിൽ കൂടുതലുമെന്ന് റെയിൽവേ ചൈൽഡ്ലൈൻ പ്രവർത്തകർ പറയുന്നു. കോവിഡ് കാലത്തിന് മുമ്പ് പ്രതിവർഷം 200 -300 കുട്ടികളെയാണ് ട്രെയിനുകളിൽനിന്ന് ഉറ്റവരില്ലാതെ കണ്ടെത്തിയിരുന്നത്. ട്രെയിൻ സർവിസുകൾ പരിമിതമായ നാളുകളിൽ ഇവരുടെ എണ്ണം കുറഞ്ഞിരുന്നു.
ഝാർഖണ്ഡ്, യു.പി, ഒഡിഷ, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്നാണ് കുട്ടികളെ എറണാകുളം മേഖലകളിലേക്ക് എത്തിക്കുന്നത്. സ്റ്റേഷനുകളിലും ട്രെയിനുകളിലും ചൈൽഡ് ലൈനിന്‍റെ ഔട്ട്റീച്ച് പട്രോളിങിൽ ഒറ്റക്കോ കൂട്ടായോ കുട്ടികളെ കാണുബോൾ വിവരങ്ങൾ തേടും. ഇവരെ കൊണ്ടുവരുന്നവർ സമീപത്ത് ഉണ്ടെങ്കിൽ ചൈൽഡ് ലൈൻ പ്രവർത്തകരുടെ കണ്ണിൽപെടാതെ മാറിക്കളയും. പിടികൂടുമ്പോൾ മിക്ക കുട്ടികൾക്കും കൈയിൽ ഫോണോ വിലാസമോ ഉണ്ടായിരിക്കില്ല.
ചൈൽഡ് ലൈൻ കണ്ടെത്തുന്ന കുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലേക്ക് കൈമാറും. തുടർന്ന് മാതാപിതാക്കളെ കണ്ടെത്തി കുട്ടികളെ ഏൽപിക്കുകയോ ഏറ്റെടുക്കാൻ ആളില്ലെങ്കിൽ ഷെൽട്ടറുകളിലേക്ക് മാറ്റുകയോ ചെയ്യും. അന്തർ സംസ്ഥാനത്തുനിന്നുള്ള കുട്ടികളെ അതത് ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേക്ക് കൈമാറും. 12 മുതൽ 15 വരെ പ്രായക്കാരെയാണ് കൂടുതലും കൊണ്ടുവരുന്നത്. ഇതിന് പിന്നിൽ ഏജന്‍റുമാരുണ്ടെങ്കിലും കൃത്യമായി പിടികൂടാറില്ല. ട്രെയിൻ കൂടുതൽ സമയം നിർത്തിയിടുന്ന സ്റ്റേഷൻ എന്ന നിലക്ക് എറണാകുളം സൗത്തിലാണ് കൂടുതലും കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തുന്നത്. ഹോട്ടലുകൾ, പൈനാപ്പിൾ തോട്ടങ്ങൾ, വീട്ടുജോലി എന്നിവക്കായി അന്തർസംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ എത്തിക്കുന്ന സംഘങ്ങൾ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.