മൂലംകുഴി ബീച്ചിൽ പരിക്കേറ്റ ഡോൾഫിൻ; കടലിൻെറ സുരക്ഷയിലേക്ക് തിരിച്ചയച്ച് ഇവർ...
text_fieldsകൊച്ചി: പരിക്കേറ്റ് കരക്കടിഞ്ഞ ഡോൾഫിനെ സുരക്ഷിതമായി കടലിലേക്ക് തിരിച്ചയക്കാനായതിൻ്റെ ചാരിതാർഥ്യത്തിലാണ് ഇവർ. വെള്ളിയാഴ്ച രാവിലെയാണ് മൂലംകുഴി ബീച്ചിൽ പരിക്കേറ്റ ഡോൾഫിനെ കണ്ടെത്തിയത്. സ്കൂബ ഡൈവിങ് ഇൻസ്ട്രക്ടറായ വിൽഫ്രഡ് മാനുവലിൻ്റെ നേതൃത്വത്തിലാണ് ഡോൾഫിനെ രക്ഷപ്പെടുത്തി കടലിലേക്ക് തിരിച്ചയച്ചത്.
വിൽഫ്രഡും മകൾ ഏയ്ഞ്ചലും രാവിലെ കടലിൽ നീന്താനെത്തിയപ്പോഴാണ് പരിക്കേറ്റ് തീരത്ത് കിടക്കുന്ന ഡോൾഫിനെ കാണുന്നത്. നായയോ മറ്റോ ഉപദ്രവിക്കുമെന്നതിനാൽ അതിനെ തിരികെ കടലിൽ വിടാൻ ഇരുവരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഡോൾഫിൻ കടലിലേക്ക് പോകാൻ കൂട്ടാക്കാതെ തിരികെ തീരത്തേക്ക് തന്നെ വരികയായിരുന്നു.
മുറിവിൽ ചെറുമീനുകൾ കൊത്തുന്നതിനാലാകാം ഇതെന്ന് തിരിച്ചറിഞ്ഞ വിൽഫ്രഡും ഏയ്ഞ്ചലും പാട്രിക്, ബിപിൻ എന്നിവരുടെ സഹായത്തോടെ ഡോൾഫാനെ ശുശ്രൂഷിച്ച ശേഷം ഏറെ പരിശ്രമിച്ച് അതിനെ ഒരു കിലോമീറ്ററോളം എത്തിച്ച് കടലിൽ വിടുകയായിരുന്നു. പ്രൊപല്ലർ ഇടിച്ചാകാം ഡോൾഫിന് പരിക്കേറ്റതെന്ന് സംശയിക്കുന്നതായി വിൽഫ്രഡ് പറഞ്ഞു.
ഇതിനുമുമ്പ് പരിക്കേറ്റ നിരവധി കടലാമകളെ ഇവർ രക്ഷപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഡോൾഫിനെ സഹായിക്കുന്നത്. പരിക്കേറ്റ് കരക്കടിയുന്ന കടൽ ജീവികളെ സഹായിക്കുന്നതിന് ഹെൽപ് ഡെസ്ക് തുറക്കേണ്ടത് അനിവാര്യമാണെന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നതെന്ന് വിൽഫ്രഡ് പറഞ്ഞു. ഒരു ഹെൽപ് ലൈൻ നമ്പർ കൊണ്ടുവരികയും അതേക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും വേണം. അത്തരമൊരു സംവിധാനമുണ്ടായിരുന്നെങ്കിൽ കൂടുതൽ കരുതൽ ഡോൾഫിന് നൽകാമായിരുന്നെന്നും വിൽഫ്രഡ് ചൂണ്ടിക്കാട്ടി.
'നമ്മുടെ തീരപ്രദേശത്തു കാണപ്പെടുന്നതും നമ്മളുമായി വളരെ വേഗം ഇണങ്ങുന്നവയും മനുഷ്യന് പലപ്പോഴും സഹായമായിട്ടുള്ളതുമായ ജീവിയാണ് ഡോൾഫിനുകൾ. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഡോൾഫിനുകളെ മറ്റു രാജ്യങ്ങൾ സംരക്ഷിച്ചു പോരുമ്പോൾ ഇവിടെ അവയെ സംരക്ഷിക്കാനോ പരിപാലനത്തിനോ മറ്റുള്ളവരുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷിക്കാനോ യാതൊരു വിധ സംവിധാനങ്ങളും ഇല്ല. ഇവക്കുവേണ്ടി തീരക്കടലിൽ ഓഷ്യനേറിയം സ്ഥാപിക്കുമെന്ന പഴയ വാഗ്ദാനമൊന്നും പാലിക്കപ്പെട്ടിട്ടില്ല. മാറിമാറി ഭരിക്കുന്ന സർക്കാരുകളോടും അനുബന്ധ വകുപ്പുകളോടും പറയാനുള്ളത് വംശനാശം നേരിടുന്ന പക്ഷിമൃഗാദികളെ സംരക്ഷിക്കാൻ സംവിധാനം കൊണ്ടുവരണമെന്നാണ്. വരും തലമുറക്ക് കൊടുക്കുന്ന വളരെ വിലപ്പെട്ട സമ്മാനം കൂടിയാകും അത് ' - വിൽഫ്രഡ് പറയുന്നു.
ദുബൈയിൽ സ്കൂബ ഡൈവിങ് ഇൻസ്ട്രക്ടറായ വിൽഫ്രഡ് ഇൻ്റർ ഡൈവ് അഡ്വെഞ്ചർ ആൻഡ് സ്പോർട്സ് സെൻ്റർ നടത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.