നവീകരണ പദ്ധതികൾ ലക്ഷ്യം കാണുന്നു; സിയാൽ ചിറകടിക്കുന്നു കുതിപ്പിലേക്ക്
text_fieldsകൊച്ചി: കോവിഡ് സൃഷ്ടിച്ച ആഘാതത്തിൽനിന്ന് സിയാൽ പുരോഗതിയുടെ പാതയിലേക്ക്. 2020-21 സാമ്പത്തിക വർഷത്തിൽ 85 കോടി രൂപയോളം നഷ്ടമുണ്ടാക്കിയ സിയാൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിെൻറ കണക്കുകൾ പുറത്തുവരാനിരിക്കെ, ലാഭപ്രതീക്ഷ പങ്കുവെക്കുന്നു. ട്രാഫിക്കും വരുമാനവും വർധിപ്പിക്കാൻ പുതിയ സാരഥ്യം നടപ്പാക്കുന്ന പദ്ധതികൾ ലക്ഷ്യംകണ്ടുതുടങ്ങിയിട്ടുണ്ട്. കോവിഡ് കാലത്ത്, രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളെപ്പോലെ സിയാലിെൻറ സ്ഥിതിയും പരുങ്ങലിലായി. വർഷം ഒരുകോടിയോളം യാത്രക്കാർ ഉണ്ടായിരുന്ന സ്ഥാനത്ത് 2020-21ൽ 24.7 ലക്ഷമായി കുറഞ്ഞു. എന്നാൽ, കഴിഞ്ഞ ഒരുവർഷമായി ട്രാഫിക്കും വരുമാനവും വർധിപ്പിക്കാൻ മാനേജ്‌മെന്‍റ് നവീനമായ പല പദ്ധതികളും നടപ്പാക്കി. എയർ ബബിൾ രീതിയിൽ യു.എ.എ സർവിസുകൾ രാജ്യത്ത് ആദ്യമായി നടത്തിയത് സിയാലിലായിരുന്നു. ഒരേസമയം 800 പേർക്ക് റാപിഡ് പി.സി.ആർ ചെയ്യാനുള്ള സൗകര്യം ഒരുക്കി. കോവിഡ് കാലത്ത് സുരക്ഷിത യാത്രയൊരുക്കാൻ നടപ്പാക്കിയ 'ഓപറേഷൻ സേഫ്ഗാർഡിങ്' ഉൾപ്പെടെയുള്ള പദ്ധതികൾ ലക്ഷ്യംകണ്ടു. എയർലൈൻ കമ്പനികളുമായി നിരന്തരം ബന്ധം പുലർത്താനുള്ള സംവിധാനമൊരുക്കിയതോടെ മുടങ്ങിപ്പോയ പല സർവിസുകളും തിരിച്ചെത്തി. ലണ്ടനിലേക്ക് ആഴ്ചയിൽ മൂന്ന് സർവിസുകൾ തുടങ്ങാനായി. സിംഗപ്പൂർ, ക്വാലാലംപൂർ, ബാങ്കോക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കും പുനരാരംഭിച്ചു.
ഇതോടെ 2021-22ൽ യാത്രക്കാരുടെ എണ്ണത്തിൽ 97 ശതമാനം വർധന രേഖപ്പെടുത്തി. ഡ്യൂട്ടി ഫ്രീ ഷോപ്പിെൻറ വരുമാനം 2020-21ൽ 58.6 കോടിയിൽനിന്ന് 2021-22ൽ 159.6 കോടിയായി. പ്രീ ഓർഡറിങ് സംവിധാനം ഉൾപ്പെടെ ഡ്യൂട്ടി ഫ്രീയിൽ നടപ്പാക്കി. വാടക ഉൾപ്പെടെ ഇതര വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികളും ആരംഭിച്ചു. ഈയിനത്തിലെ വരുമാനം 56.7 കോടിയിൽനിന്ന് 127 കോടിയായി.
പ്രതിസന്ധികൾക്കിടയിലും അടിസ്ഥാനസൗകര്യ വികസനത്തിൽ വൻ മുന്നേറ്റം സിയാൽ കാഴ്ചവെച്ചു. 4.5 മെഗാവാട്ട് അരിപ്പാറ ജലവൈദ്യുതി പദ്ധതിയും 12 മെഗാവാട്ട് പയ്യന്നൂർ പദ്ധതിയും ഇക്കാലയളവിൽ കമീഷൻ ചെയ്തു. ബിസിനസ് ജറ്റ് ടെർമിനലിെൻറ നിർമാണം തുടങ്ങി. വെള്ളപ്പൊക്ക നിവാരണ പദ്ധതി പൂർത്തിയാക്കുകയും ദീർഘകാലമായി നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് കഴിയാതിരുന്ന ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കുകയും ചെയ്തു. 900 മീറ്ററോളം ഭാഗത്താണ് താൽക്കാലിക ഷീറ്റ് മതിലിന് പകരം സ്ഥിരം മതിൽ പണിതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.