കനത്ത ചൂട്; കടലിലും കായലിലും മത്സ്യം കിട്ടുന്നില്ല
text_fieldsമട്ടാഞ്ചേരി: ചൂട് കനത്തതോടെ കടലിലും കായലിലും മത്സ്യലഭ്യത കുറഞ്ഞതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. കടലിൽ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളാണ് ഏറെ ദുരിതത്തിലായത്. ചൂട് കനത്തതോടെ മത്സ്യങ്ങൾ ഉപരിതലം വിട്ട് ഉള്ളിലോട്ട് വലിഞ്ഞതോടെ ആഴക്കടലിലും തീരക്കടലിലും മത്സ്യം ലഭിക്കാത്ത അവസ്ഥയാണ്. ചൂട് ഏറിയതോടെ കടലിന്റെ ആഴങ്ങളിൽ കഴിച്ചുകൂട്ടുകയാണ് മത്സ്യങ്ങളെന്ന് മുതിർന്ന മത്സ്യത്തൊഴിലാളികൾ പറയുന്നു. കായലുകളുടെ അടിത്തട്ടിലേക്ക് മത്സ്യങ്ങൾ വലിഞ്ഞിരിക്കയാണെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളും പറയുന്നു.
രണ്ടു മാസത്തോളമായി അനുഭവപ്പെടുന്ന കടുത്ത ചൂട് മത്സ്യത്തൊഴിലാളികളെ ശരിക്കും വലക്കുകയാണ്. ഇതോടെ കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ്. കടലിൽ ഒരു ദിവസം മത്സ്യബന്ധനം നടത്തുന്നതിന് ഇന്ധന ചെലവുകൾ അടക്കം ശരാശരി 25,000 രൂപ ചെലവ് വരും. എന്നാൽ, കടലിൽ യാനം ഇറക്കിയാൽ പോലും മത്സ്യം ലഭിക്കാത്ത സാഹചര്യത്തിൽ മത്സ്യബന്ധനം നഷ്ടത്തിലേക്കാണ് നീങ്ങുന്നതെന്നും അതിലും ഭേദം യാനങ്ങൾ ഇറക്കാതിരിക്കുന്നതാണെന്നും മത്സ്യതൊഴിലാളി ജേക്കബ് കൊച്ചുപറമ്പിൽ പറഞ്ഞു.
ഇനി മഴ പെയ്ത് കടൽ ഇളകിയാൽ മാത്രമേ മത്സ്യം ലഭിക്കുകയുള്ളൂ എന്നും ജേക്കബ് പറഞ്ഞു. രണ്ടു മാസം കഴിഞ്ഞാൽ ട്രോളിങ് നിരോധനം അടിച്ചേൽപ്പിക്കപ്പെടുമെന്നും ഈ സമ്പ്രദായം പുനപരിശോധിക്കേണ്ട കാലം കഴിഞ്ഞെന്നും മറ്റൊരു മത്സ്യതൊഴിലാളിയായ പൊന്നൻ മാചുവട്ടിലും പറഞ്ഞു. ചൂട് കടുത്തത് മൂലം ലഭിക്കുന്ന മത്സ്യത്തിന് വിപണിയിൽ പൊള്ളുന്ന വിലയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.