ലഹരിമാഫിയക്കെതിരെ അന്വേഷണം ഊർജിതമാക്കും –കൊച്ചി സിറ്റി പൊലീസ് കമീഷണർ
text_fieldsഎക്സൈസും പൊലീസും സംയുക്തമായി സംഘടിപ്പിച്ച ശിൽപശാല
കൊച്ചി സിറ്റി പൊലീസ് കമീഷണർ
കെ. സേതുരാമൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ജില്ലയിൽ ലഹരിമാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം ഊർജിതമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമൻ. പെൺകുട്ടികൾ ഉൾപ്പെടെ വിദ്യാർഥികളാണ് ഇത്തരം മാഫിയകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണ മേളയോടനുബന്ധിച്ച് ലഹരി ഉപയോഗം യുവജനങ്ങൾക്കിടയിൽ എന്ന വിഷയത്തിൽ നടന്ന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിമാഫിയയെ തുരത്തി സമൂഹത്തെ രക്ഷിക്കുക എന്ന ഉത്തരവാദിത്തം പൊലീസ്, എക്സൈസ് വകുപ്പുകൾക്ക് മാത്രമല്ലെന്നും ഓരോ വ്യക്തിയുടെയും ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ മയക്കുമരുന്നിനെതിരെ ബോധവത്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
എക്സൈസും പൊലീസും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ വിമുക്തി മിഷൻ ജില്ല മാനേജർ സി. സുനു അധ്യക്ഷതവഹിച്ചു. വിമുക്തി മിഷൻ ജില്ല കോഓഡിനേറ്റർ ബിബിൻ ജോർജ് വിഷയാവതരണം നടത്തി. കോവിഡ് കാലം കുട്ടികളിൽ മൊബൈൽ ഉപയോഗം വർധിക്കുന്നതിനും അത് നോമോഫോബിയ പോലുള്ള അവസ്ഥക്ക് കാരണമാവുകയും ചെയ്തിരുന്നു.
നോമോഫോബിയ വരുന്ന കുട്ടികളിൽ ലഹരി ഉപയോഗിക്കുവാനുള്ള പ്രവണത കൂടുതലാണെന്നും ലഹരിമാഫിയയുടെ കൈകളിൽ അകപ്പെടാതെ കുട്ടികളെ സംരക്ഷിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞുശിൽപശാലയിൽ അസി. പൊലീസ് കമീഷണർമാരായ കെ. അബ്ദുസ്സലാം, പി. രാജ്കുമാർ, എറണാകുളം അസി. എക്സൈസ് കമീഷണർ സി.ബി. ടെനിമോൻ, എക്സൈസ് പ്രിവന്റിവ് ഓഫിസർമാരായ കെ.എസ്. ഇബ്രാഹീം, കെ.കെ. രമേശൻ തുടങ്ങിയവർ സംസാരിച്ചു.
ലഹരിയുടെ ദുരിതക്കയത്തിൽനിന്ന് മോചിതനായ എൽദോസ് ഊരമന ലഹരി ഉപയോഗിച്ചിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചു.തൃക്കാക്കര ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫിസർ. ഡോ. ഹരീഷ് ബാബു ലഹരി വിമോചന ഹോമിയോപതി ചികിത്സയായ പുനർജനിയെക്കുറിച്ച് വിശദീകരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.