ഐ.എസ്.എൽ, ഗാന്ധിജയന്തി; അധിക സർവിസും നിരക്കിളവുമായി മെട്രോ
text_fieldsകൊച്ചി: ഞായറാഴ്ചത്തെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളും തിങ്കളാഴ്ചത്തെ ഗാന്ധിജയന്തി ദിനാചരണവും കണക്കിലെടുത്ത് അധിക സർവിസുകളും യാത്രക്കാർക്ക് പ്രത്യേക നിരക്കിളവുമായി കൊച്ചി മെട്രോ.
ഞായറാഴ്ച കലൂർ ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് ആലുവ ഭാഗത്തേക്കും എസ്.എൻ ജങ്ഷനിലേക്കും അവസാന ട്രെയിൻ സർവിസ് രാത്രി 11.30ന് ആയിരിക്കും. രാത്രി 10 മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവുമുണ്ട്. മത്സരം കാണാൻ മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം മടക്കയാത്രക്കുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാം.
മെട്രോയിൽ സ്റ്റേഡിയം സ്റ്റേഷനിലേക്ക് എത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കാതെ മെട്രോ സ്റ്റേഷന് അകത്തുനിന്ന് തന്നെ സ്റ്റേഡിയം ഭാഗത്തേക്ക് പ്രവേശിക്കാം. കൊച്ചിയിൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30വരെ മെട്രോ അധിക സർവിസ് ഏർപ്പെടുത്തുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണം സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൗകര്യം ഉപയോഗിക്കാം. തൃശൂർ, മലപ്പുറം ഭാഗങ്ങളിൽനിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് ബസുകളും കാറുകളും പാർക്ക് ചെയ്ത ശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാനാകും. ഒരേ സമയം 50 കാറും 10 ബസും പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.
ഗാന്ധി ജയന്തി ദിനത്തിൽ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബർ രണ്ടിനും തുടരും. നിലവിൽ 20 മുതൽ 60 രൂപ വരെ ഈടാക്കുന്ന യാത്രദൂരം ഗാന്ധി ജയന്തി ദിനത്തിൽ 20 രൂപക്ക് യാത്ര ചെയ്യാം.
പേപ്പർ ക്യൂ ആർ, മൊബൈൽ ക്യൂ ആർ, കൊച്ചി വൺ കാർഡ് എന്നിവയിൽ ഈ ഇളവ് ലഭിക്കും. അന്നേ ദിവസം രാവിലെ ആറ് മുതൽ 10.30 വരെ മറ്റ് ഓഫറുകൾ ലഭ്യമായിരിക്കില്ല. കൊച്ചി വൺ കാർഡ് ഉപഭോക്താക്കൾക്ക് ഇളവ് കാഷ് ബാക്കായി ലഭിക്കും.
കേന്ദ്ര സർക്കാറിന്റെ സ്വച്ഛത ഹി സേവ കാമ്പയിനിൽ കൊച്ചി മെട്രോയും പങ്കാളിയാകുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് രാവിലെ 10ന് കൊച്ചി മെട്രോയുടെ കോർപറേറ്റ് ഓഫിസിന്റെയും മുട്ടത്ത് കൊച്ചി മെട്രോ യാർഡിന്റെയും പരിസരം ഉദ്യോഗസ്ഥർ വൃത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.