തണൽമരങ്ങൾ വെട്ടുന്നത് പതിവ്; കണ്ണടച്ച് അധികൃതർ
text_fieldsമട്ടാഞ്ചേരി: പശ്ചിമ കൊച്ചിയിൽ കൂറ്റൻ തണൽ മരങ്ങൾക്ക് കോടാലി വീഴുന്നത് പതിവ് കാഴ്ചയാകുന്നു. നഗരസഭ എട്ടാം ഡിവിഷനിൽ കൂവപ്പാടം ഉണ്ണിമിശിഹാ പള്ളിക്ക് മുൻവശത്തെ 35 വർഷത്തോളം പഴക്കമുള്ള മൂന്ന് കൂറ്റൻ തണൽ മരങ്ങളാണ് മുറിച്ചത്. കൊച്ചിയുടെ വിവിധ മേഖലകളിൽ അനുമതിയോടെയും അല്ലാതെയും മരങ്ങൾ മുറിച്ചുനീക്കിക്കൊണ്ടിരിക്കുകയാണ്.
അപകടനിലയിലുള്ള ശിഖരങ്ങൾ വെട്ടാനുള്ള അനുമതിയുടെ മറവിലും മരങ്ങൾ പാടേ വെട്ടി മാറ്റുകയാണ്. കഴിഞ്ഞ ദിവസം തോപ്പുംപടി കവലയിൽ സൗന്ദര്യവത്കരണ മറവിൽ അവധി ദിനങ്ങൾ കണക്കാക്കി വൻ തണൽമരം മുറിച്ച് കടത്തിയത് ഏറെ വിവാദമായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള മരം അവരുടെ അനുവാദമില്ലാതെയാണ് മുറിച്ചുമാറ്റുന്നത്. അനധികൃതമായി മരങ്ങൾ മുറിച്ചതിനെതിരെ മട്ടാഞ്ചേരി പൊലീസിൽ പരാതി നൽകിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസി. എൻജിനീയർ ജസീല വ്യക്തമാക്കി. താൻ കൗൺസിലറായിരിക്കെ 35 വർഷംമുമ്പ് നട്ട മരം വെട്ടിനശിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുൻ കൗൺസിലർ വി.ജെ. ഹൈസിന്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.