തെരുവുനായ്ക്കളുടെ ഭീഷണിയിൽനിന്ന് രക്ഷിക്കണം
text_fieldsമട്ടാഞ്ചേരി: നവകേരള സദസ്സിൽ പരാതി സ്വീകരിച്ച ജീവനക്കാർക്കും പരാതി. കൊച്ചി താലൂക്കിലെ റവന്യൂ ജീവനക്കാരാണ് തെരുവ് നായ്ക്കളുടെ ഭീഷണിയിൽ നിന്നും തങ്ങളെ രക്ഷിക്കണമെന്ന ആവശ്യവുമായി തങ്ങളുടെതായ പരാതി കൂടി സമർപ്പിച്ചത്. കൊച്ചി താലൂക്ക് ഓഫിസും ആർ.ഡിഓഫിസും സ്ഥിതി ചെയ്യുന്ന ഫോർട്ട്കൊച്ചി റവന്യൂ ഓഫിസ് വളപ്പിൽ ജീവനക്കാർ തെരുവ് നായ്ക്കളെ ഭയന്ന് കഴിയുകയാണ്. രാത്രി ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരാണ് തെരുവ് നായ ശല്യം മൂലം ഭയന്ന് ജോലി ചെയ്യുന്നത്.
അവധി ദിനങ്ങളിലെ പകൽ ഡ്യൂട്ടിക്ക് എത്തുന്ന വനിത ജീവനക്കാരും നായയെ ഭയന്ന് ഡ്യൂട്ടി എടുക്കാൻ വിസമ്മതിക്കുന്ന അവസ്ഥയാണ്. വൈകിട്ട് ഓഫിസ് സമയം കഴിയുന്നതോടെ 20 ഓളം തെരുവ് നായ്ക്കൾ ഓഫിസ് വളപ്പ് കൈയടക്കും. ഓഫിസ് വളപ്പിൽ സൂക്ഷിച്ചിരിക്കുന്ന പഴയ ഫയലുകളും ജീവനക്കാരുടെ വാഹനങ്ങളുടെ സീറ്റുകളും നായ്ക്കൾ നശിപ്പിക്കുകയാണ്. അവധി ദിനങ്ങളിൽ പകൽ ഡ്യൂട്ടിക്ക് എത്തുന്ന വനിത ജീവനക്കാർ ഓഫിസിനകത്ത് പ്രവേശിക്കുവാൻ മറ്റുള്ളവരുടെ സഹായം തേടേണ്ട അവസ്ഥയാണ്.
നായകൾ പകൽ സമയങ്ങളിൽ ഓഫിസിലെത്തുന്ന പൊതുജനങ്ങൾക്കും ഭീഷണിയാണ്. തെരുവ് നായ ശല്യം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നഗരസഭ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തെരുവ് നായ ശല്യത്തിന് പരിഹാരമുണ്ടാക്കാൻ നഗരസഭക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി തഹസിൽദാർ ജില്ല കലക്ടർക്ക് കത്തും നൽകിയിരുന്നു. തെരുവ് നായ ഭീഷണി സംബന്ധിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷിനോട് ജീവനക്കാർ സൂചിപ്പിക്കുകയും ചെയ്തു. ഒപ്പം നവ കേരള പരാതി പെട്ടിയിൽ എഴുത്ത് പരാതിയും നിക്ഷേപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.