മഴക്കാലമാണ്, സൂക്ഷിക്കണം പകർച്ചവ്യാധികളെ
text_fieldsകൊച്ചി: കടുത്ത വേനലിന് ശേഷം ശക്തമായ മഴയും വെള്ളക്കെട്ടുമുണ്ടായതോടെ പകർച്ചവ്യാധി ഭീഷണിയേറുന്നു. മലിനജലവും കൊതുക് പ്രജനനവുമാണ് പൊതുജനാരോഗ്യത്തിന് ആശങ്ക പടർത്തുന്നത്. മഴ ശക്തമായ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 65 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 82 പേർക്ക് ഡെങ്കി സംശയിക്കുന്നുണ്ട്. ഇക്കാലയളവിൽ 2620 പേർ ഒ.പിയിൽ പനിബാധിച്ച് ചികിത്സ തേടി. 74 പേരെ കിടത്തിച്ചികിത്സക്ക് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.
സർക്കാർ ആശുപത്രികളിൽനിന്നുള്ള ഔദ്യോഗിക കണക്കുകൾ മാത്രമാണിത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്കുകൾ ഇതിലുമേറെയുണ്ടാകും. ചൂർണിക്കര, എടത്തല (രണ്ട്), കളമശ്ശേരി (രണ്ട്), കരുമാല്ലൂർ, മാലിപ്പുറം, മൂലംകുഴി, വാഴക്കുളം (രണ്ട്), വെണ്ണല എന്നിവിടങ്ങളിലാണ് 29ന് ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തത്.
28ന് എടത്തല, കലൂർ- രണ്ട്, കരുമാലൂർ, കുത്താപാടി, കുട്ടമ്പുഴ- രണ്ട്, മലയിടംതുരുത്ത്- രണ്ട്, പോത്താനിക്കാട്, പുന്നേക്കാട്, തമ്മനം, വരാപ്പുഴ എന്നിവിടങ്ങളിലും ഡെങ്കി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 29ന് മാത്രം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പനി ബാധിച്ച് 467 പേർ ചികിത്സ തേടി. കൊതുക് നിയന്ത്രണമാണ് ഡെങ്കി രോഗപ്പകര്‍ച്ച തടയാനുള്ള പോംവഴി.
രോഗം ബാധിച്ചാൽ
കടുത്ത പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛർദി, ക്ഷീണം, കണ്ണിനു പിറകില്‍ വേദന, തൊലിപ്പുറത്ത് പാടുകള്‍ എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ഏതു പനി ബാധിച്ചാലും ഉടൻ ഡോക്ടറെ കണ്ട് ചികിത്സക്ക് വിധേയമാകണം. രോഗി പരമാവധി സമയം കൊതുക് വലക്കുള്ളിൽതന്നെ കഴിയണം. ധാരാളം പാനീയങ്ങൾ കുടിക്കുകയും ഡോക്ടർ നിര്ദേശിക്കുന്നകാലം വരെ വിശ്രമിക്കുകയും വേണം.
പ്രതിരോധം വീട്ടിൽനിന്ന് തുടങ്ങാം
ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നത് വീടിനുള്ളിലും പരിസരത്തും കെട്ടിക്കിടക്കുന്ന ജലത്തിലാണ്. ഈ സ്ഥലങ്ങള്‍ കണ്ടെത്തി കൂത്താടികളെ നശിപ്പിക്കുകയാണ് എളുപ്പവും ഫലപ്രദവും. വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍, ഫ്രിഡ്ജിന്റെയും കൂളറിന്റെയും അടിഭാഗത്തുള്ള ട്രേ, ടെറസ്, സണ്‍ഷേഡ് എന്നിവിടങ്ങളിലെല്ലാം കൊതുക് മുട്ടയിട്ടുപെരുകാൻ സാധ്യതയുണ്ട്. ആഴ്ചയിലൊരിക്കല്‍ ഇവ വെള്ളം നീക്കി ശുചീകരിക്കണം. അടപ്പില്ലാത്ത വെള്ളം ശേഖരിക്കുന്ന ടാങ്കുകള്‍ കൊതുകുവലകൊണ്ട് മൂടണം.
മരപ്പൊത്തുകള്‍ മണ്ണിട്ട് അടക്കണം. ചിരട്ട, ടിൻ, മുട്ടത്തോട്, തൊണ്ട്, പ്ലാസ്റ്റിക് കൂട്, കപ്പ്, ചെടിച്ചട്ടി, കേടായ കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കണം. റബര്‍ പാല് ശേഖരിക്കാന്‍ വെച്ചിട്ടുള്ള ചിരട്ട, കപ്പ് എന്നിവ ആവശ്യത്തിനു ശേഷം കമിഴ്ത്തിവെക്കണം. സെപ്റ്റിക് ടാങ്കിന്റെ വെൻഡ് പൈപ്പിന്റെ അഗ്രത്തില്‍ കൊതുകുവല ചുറ്റണം. വീടുകളോടൊപ്പം പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും കൊതുക് നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും ശുചീകരണവും നടത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.