മഞ്ഞപ്പിത്തം: പ്രതിരോധം കര്‍ശനമാക്കി ആരോഗ്യവകുപ്പ്
text_fieldsകൊച്ചി: ജില്ലയില്‍ മഞ്ഞപ്പിത്ത ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുറത്തുനിന്ന് ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമെ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗം, ശീതളപാനീയത്തിലും മറ്റും വ്യവസായിക അടിസ്ഥാനത്തില്‍ ശുദ്ധമല്ലാത്ത വെള്ളത്തില്‍ നിര്‍മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്.
കല്യാണങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും തിളപ്പിക്കാത്ത വെള്ളത്തില്‍ തയാറാക്കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍ നല്‍കുന്നത്, ചൂട് വെള്ളത്തോടൊപ്പം പച്ചവെള്ളം ചേര്‍ത്ത് കുടിവെള്ളം നല്‍കുന്നത് എന്നിവ രോഗം കൂടുന്നതിന് കാരണമാകുന്നുണ്ട്. രോഗം പടരാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാരശുചിത്വം, കുടിവെള്ളശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാന്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
579 കേസുകൾ; രണ്ട് മരണം
ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ സംശയാസ്പദമായ 441 ഹെപ്പറ്റൈറ്റിസ് എ (മഞ്ഞപ്പിത്തം) കേസുകളും സ്ഥിരീകരിച്ച 138 കേസുകളും ഉള്‍പ്പെടെ ആകെ 579 കേസുകളും സംശയാസ്പദമായ നാല് മരണവും സ്ഥിരീകരിച്ച രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്രീമൂലനഗരം, മലയാറ്റൂര്‍, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, വേങ്ങൂര്‍, ആവോലി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
രോഗബാധിതര്‍ക്ക് മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടാകുന്നതും പൊതുയിടങ്ങള്‍ സന്ദര്‍ശിക്കുന്നതും രോഗവ്യാപനത്തിന് കാരണമാകാം. രോഗികള്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവെക്കരുത്. ജീവിതശൈലീരോഗങ്ങളുള്ളവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതരരോഗബാധിതര്‍ തുടങ്ങിയവരില്‍ കരളിന്റെ പ്രവര്‍ത്തനം തകരാറിലായി രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണം.
ഉദ്യോഗസ്ഥര്‍ രോഗബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ചു
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ രോഗബാധിതരുള്ള സ്ഥലങ്ങളിലെ വീടുകള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയും ചെയ്തു. രോഗബാധിത പ്രദേശങ്ങളില്‍ കിണറുകളിലും ജലസംഭരണികളിലും സൂപ്പര്‍ ക്ലോറിനേഷന് നടത്തി.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന നടത്തി. കേസുകള്‍ കൂടുതല്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ ബോധവത്കരണ ഭാഗമായി ഹാന്‍ഡ് വാഷിങ് ഡെമോ നടത്തി. കൂടുതല്‍ കേസുകള്‍ കണ്ടെത്തിയ വേങ്ങൂര്‍ പഞ്ചായത്തില്‍ പഞ്ചായത്തുതല യോഗങ്ങൾ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.