നാടിനെ ആശങ്കയിലാക്കി മഞ്ഞപ്പിത്തം പടരുന്നു
text_fieldsകൊച്ചി: ജില്ലയെ ആശങ്കയിലാക്കി മഞ്ഞപ്പിത്ത വ്യാപനം തുടരുന്നു. പെരുമ്പാവൂർ വേങ്ങൂരിൽ വലിയ തോതിൽ രോഗം റിപ്പോർട്ട് ചെയ്തതോടെ ആശങ്ക ഇരട്ടിക്കുകയാണ്.
ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിലെ പാളിച്ചയാണ് രോഗകാരണമെന്ന് വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ മൂവാറ്റുപുഴ, കോതമംഗലം, അങ്കമാലി മേഖലകളിലും വ്യാപകമായി മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരുന്നു. കനത്ത ചൂടിൽ ശുദ്ധജല ലഭ്യത കുറഞ്ഞതോടെയാണ് രോഗം പടർന്നുപിടിക്കാനിടയാക്കിയതെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. വയറിളക്കരോഗങ്ങളും ഹെപ്പറ്റൈറ്റിസ് എയുമാണ് കഴിഞ്ഞ മാസങ്ങളിൽ കൂടുതൽ റിപ്പോർട്ട് ചെയ്തത്. മേയ് ഒന്ന് മുതൽ 13 വരെ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത് 46 ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്.
കഴിഞ്ഞ ഒരു മാസത്തിനിടെ 65 പേരാണ് ഹെപ്പറ്റൈറ്റിസ് എ ബാധിതരായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം രോഗബാധിതരിർ ഭൂരിഭാഗവും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിച്ചിരിക്കുന്നതെന്നതിനാൽ ഈ കണക്കുകൾ പൂർണമല്ലെന്നാണ് വിവരം. വലിയ തോതിൽ ആളുകൾക്ക് രോഗം ബാധിച്ചിട്ടുണ്ട്. വേങ്ങൂരിൽ മാത്രം 189 ഓളം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായാണ് പുറത്തുവന്ന വിവരം. അന്തർ സംസ്ഥാന തൊഴിലാളികൾ തിങ്ങിത്താമസിക്കുന്ന ഇടങ്ങളിലും മഞ്ഞപ്പിത്തം ബാധിതരുണ്ടെന്ന് സംശയിക്കുന്നു. ഇവരിൽ പലരും മെഡിക്കൽ ഷോപ്പുകളിലെത്തി മരുന്നുകൾ വാങ്ങി സ്വയം ചികിത്സ നടത്തുന്നതിനാൽ ശരിയായ കണക്കുകളും ലഭ്യമല്ല. മഴക്കാലത്തും മഞ്ഞപ്പിത്തത്തിനുള്ള സാധ്യത വലുതാണെന്നതിനാൽ വരും ദിവസങ്ങളിലും ജാഗ്രത തുടരണം.
ഹെപ്പറ്റൈറ്റിസ് -എ ശ്രദ്ധിക്കണം
ഹെപ്പറ്റൈറ്റിസ്-എ വൈറസ് മനുഷ്യന്റെ കരളിനെ ബാധിക്കുമ്പോഴുണ്ടാകുന്ന ഒരു രോഗമാണിത്. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂർണമായും ഭേദമാക്കാനാകും. അസുഖ ബാധിതർ ധാരാളം വെള്ളം കുടിക്കുകയും കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും വേണം.
ഡോക്ടറുടെ നിർദേശങ്ങൾക്കനുസരിച്ച് മരുന്നുകൾ കഴിക്കണം. അംഗീകൃതമല്ലാത്തതും ആവശ്യമില്ലാത്തതുമായ മരുന്നുകളുടെ ഉപയോഗം കരളിന്റെ പ്രവർത്തനം കൂടുതൽ വഷളാക്കും.
രോഗലക്ഷണങ്ങൾ
മഞ്ഞപ്പിത്തം പല രോഗങ്ങളുടെയും ലക്ഷണമാണ്. അതിനാൽ മഞ്ഞപ്പിത്തം എന്തു കൊണ്ട് വന്നു എന്നറിഞ്ഞ് മാത്രമേ ചികിത്സിക്കാവൂ. ഹെപ്പറ്റൈറ്റിസ് എ വൈറസ് ശരീരത്തെ ബാധിച്ചാൽ 80-95 ശതമാനം കുട്ടികളിലും 10-25 ശതമാനം മുതിർന്നവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. രണ്ട് മുതൽ ആറാഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചിൽ, മഞ്ഞപ്പിത്തം (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിൽ ആവുക.) എന്നിവയാണ് രോഗ ലക്ഷണങ്ങൾ.
പ്രതിരോധ മാർഗങ്ങൾ
- തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
- തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസർജനം ഒഴിവാക്കുക.
- കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക
- സെപ്ടിക് ടാങ്കും കിണറും തമ്മിൽ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പുവരുത്തുക
- ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജനത്തിനുശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
- രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിങ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.