ജെഫ് ജോൺ കൊലപാതകം; പ്രതികളുമായി പൊലീസ് ഇന്ന് ഗോവയിലേക്ക്
text_fieldsകൊച്ചി: രണ്ട് വർഷം മുമ്പ് എറണാകുളം തേവരയിൽനിന്ന് കാണാതായ ജെഫ് ജോണിന്റെ കൊലപാതക കേസിൽ വിശദമായ തെളിവെടുപ്പിനും അന്വേഷണത്തിനും പ്രതികളുമായി പൊലീസ് ഗോവയിലേക്ക് തിരിക്കും.
കോട്ടയം വെള്ളൂർ മേവെള്ളൂർ പെരുംതിട്ട കല്ലുവേലിൽ വീട്ടിൽ അനിൽചാക്കോ (28), വയനാട് വൈത്തിരി പാരാലിക്കുന്ന് ടി.വി. വിഷ്ണു(25), വെള്ളൂർ കല്ലുവേലിൽ വീട്ടിൽ സ്റ്റെഫിൻ തോമസ്(24) എന്നിവരുമായാണ് തിങ്കളാഴ്ച ഉദ്യോഗസ്ഥർ ഗോവയിലേക്ക് തിരിക്കുന്നത്.
ഞായറാഴ്ച പോകാനായിരുന്നു പദ്ധതിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ യാത്ര ഒരുദിവസത്തേക്ക് കൂടി മാറ്റിവെക്കുകയായിരുന്നു. അതേസമയം, കേസിൽ രണ്ടുപേർക്ക് കൂടി പങ്കുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തതിൽനിന്ന് ഇതിനെക്കുറിച്ച് വിവരം ലഭിച്ചതായാണ് അറിവ്. ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായാൽ പ്രതികളുടെ എണ്ണം അഞ്ചായേക്കും. പ്രതികളുമായി ഗോവയിൽ വിശദമായ തെളിവെടുപ്പ് നടക്കും.
എങ്ങനെയാണ് കൊലപ്പെടുത്തിയത്, എവിടെയാണ് മൃതദേഹം ഉപേക്ഷിച്ചത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തും. വടക്കൻ ഗോവയിലെ ആളൊഴിഞ്ഞ കുന്നിൻപ്രദേശത്തുവെച്ച് കൊലനടന്നുവെന്നാണ് സൂചനകൾ.
കേസിലെ ഒന്നാം പ്രതി അനിൽ ചാക്കോയിൽനിന്ന് ജെഫ് വൻതുക കൈപ്പറ്റിയിരുന്നു. ഇത് തിരിച്ച് നൽകാതിരുന്നത് തർക്കങ്ങളിലേക്ക് നയിച്ചു. മദ്യപിക്കുന്നതിനിടെ ഇതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലയിൽ കലാശിച്ചെന്നാണ് വിവരം. 2021 നവംബറിലാണ് തേവര പെരുമാനൂർ ചെറുപുന്നത്തിൽ ഗ്ലാഡിസ് ലൂയിസിന്റെ മകൻ ജെഫ് ജോൺ ലൂയിസിനെ(27) കാണാതായത്. ആഗസ്റ്റിൽ മറ്റൊരു കേസിൽ ഒരു പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെയാണ് ജെഫ് ജോൺ ഗോവയിൽവെച്ച് കൊല്ലപ്പെട്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികൾ പിടിയിലായത്. 17 ദിവസത്തേക്കാണ് പ്രതികളെ പൊലീസിന് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്. ജെഫിനെ കാണാതായ 2021 നവംബറിൽ തന്നെ കൊല നടന്നിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതികളുടെ കുറ്റസമ്മത മൊഴിയുടെയും സാഹചര്യതെളിവുകളുടെയും അടിസ്ഥാനത്തിൽ സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.