കുതിരപ്പുറത്ത് കുതിച്ചുപാഞ്ഞ് 'പോഞ്ഞാശ്ശേരിയിലെ ഝാൻസി റാണി'
text_fieldsപെരുമ്പാവൂരിനടുത്ത് പോഞ്ഞാശ്ശേരിയിലൂടെ ബ്രൗൺ നിറത്തിലുള്ളൊരു കുതിരപ്പുറത്തേറി 15കാരി നാസ്നിൻ സിത്താര കുതിച്ചുപായുമ്പോൾ കണ്ടുനിൽക്കുന്നവർ ഒരു ചെറുചിരിയോടെ പറയും ''അതാ നമ്മുടെ പോഞ്ഞാശ്ശേരിയിലെ ഝാൻസി റാണി പോകുന്നു'' എന്ന്. തമാശക്കാണ് പറയുന്നതെങ്കിലും നാസ്നിന് അത് കേൾക്കുമ്പോൾ സന്തോഷമാണ്. കാരണം, ടിപ്പു എന്ന് സ്നേഹത്തോടെ വിളിക്കുന്ന ആ കുതിരക്കൊപ്പം നാടുചുറ്റാൻ അവൾക്കത്രമാത്രം ഇഷ്ടമാണ്.
പെരുമ്പാവൂർ മുടിക്കൽ ക്വീൻ മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്ന് ഇത്തവണ ഫുൾ എ പ്ലസോെട 10ാം ക്ലാസ് ജയിച്ച നാസ്നിന് കുതിരക്കമ്പം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, പിതാവ് മുള്ളൻകുന്ന് ഇലവുംകുടി വീട്ടിൽ ഷമീറിൽനിന്ന് പൈതൃകമായി കിട്ടിയതാണ്.
മകളെ കുതിരയോട്ടം പഠിപ്പിച്ചതും കടുത്ത കുതിരപ്രേമിയായ ഷമീർതന്നെ. സമൂഹ മാധ്യമങ്ങളിൽ കുതിരയോട്ട വിഡിയോകൾ കണ്ട് ഹരം കയറിയാണ് ഡിയർ ആൻഡ് നിയർ എന്ന ബസിെൻറയും പോഞ്ഞാശ്ശേരി അൾട്ടിമേറ്റ് ഫിറ്റ്നസ് സെൻററിെൻറയും ഉടമയായ ഷമീർ മൂന്നുവർഷം മുമ്പൊരു കുഞ്ഞുകുതിരയെ വാങ്ങിയത്. അത് ചെറുതായതിനാൽ ഓടിക്കാനായില്ല. പിന്നീടതിനെ കൊടുത്ത് റഫാൻ എന്ന വെള്ളക്കുതിരയെ വാങ്ങി. സ്വന്തമായി റൈഡിങ് പഠിച്ചതിനൊപ്പം 'തൽപരകക്ഷിയായ' മകളെയും പരിശീലിപ്പിച്ചു.
പിന്നീട് റഫാനെ വിറ്റ് സിദ്ധയെന്ന കറുത്ത കുതിരയെയും വാങ്ങി. ആറുമാസം മുമ്പാണ് ഇവരുടെ പ്രിയപ്പെട്ട ടിപ്പു കുടുംബത്തിലേക്കെത്തുന്നത്. ഏറെ ഇണക്കമുള്ള കുതിരയാണിതെന്നും തുടക്കത്തിൽ പേടിയുണ്ടായിരുന്നെങ്കിലും വൈകാതെ പഠിച്ചെടുെത്തന്നും നാസ്നിൻ പറയുന്നു. ലഡു, ബിസ്കറ്റ് തുടങ്ങി മധുരമുള്ള എന്തും ഇഷ്ടമാണ് ടിപ്പുവിന്. ഇത്തരം സാധനങ്ങൾ കൊണ്ടുവന്നാൽ പകുതിയും അവനുതന്നെ കൊടുക്കേണ്ടിവരുമെന്നും അവൾ കൂട്ടിച്ചേർത്തു.
ആദ്യം കാണുന്നവർക്കെല്ലാം അത്ഭുതവും കൗതുകവും പരിഹാസവുമൊക്കെയായിരുന്നു, പിന്നെ പിന്നെ അതെല്ലാം മാറി. ഇന്ന് നിത്യേന നാലോ അഞ്ചോ കി.മീ. നാട്ടിലെ ഇടവഴികളിലൂടെയും റോഡിലൂടെയുമെല്ലാം നാസ്നിൻ ടിപ്പുവുമായി കുതിക്കും. ഡോക്ടറാവാൻ കൊതിക്കുന്ന ഈ പെൺകുട്ടിക്ക് കുതിരയോട്ട മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടണമെന്നും ഏറെ മോഹമുണ്ട്, അതിനുള്ള പ്രാരംഭ പരിശീലനത്തിലാണ് ഇപ്പോൾ. മാതാവ് ജാസ്മിനും സഹോദരൻ അഷ്ബിനും പിതൃമാതാവ് ഫാത്തിമയുമെല്ലാം കട്ട സപ്പോർട്ടുമായി പിന്നാലെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.