ജീവവായു തേടുന്ന ‘ജൈവ്’
text_fieldsകാർഷിക മേഖലയിൽ മലയാളിയുടെ യശസ്സുയർത്തിയ നടുക്കര അഗ്രോ പ്രോസസിങ് കമ്പനി തകർച്ചയുടെ വക്കിലാണ്. മൂലധനമില്ലാത്തിനാൽ പ്രവർത്തനം ഏത് നിമിഷവും അവസാനിപ്പിക്കാവുന്ന സാഹചര്യം. യന്ത്രത്തകരാർ മൂലം ഉൽപാദനം നിലച്ചു. ജീവനക്കാർക്കാകട്ടെ ഒരു വർഷത്തെ ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും കുടിശ്ശിക. ബില്ലടക്കാത്തതിനാൽ ഒന്നിലധികം തവണ വൈദ്യുതി വിേച്ഛദിച്ചു. സർക്കാർ കനിഞ്ഞില്ലെങ്കിൽ ഈ കമ്പനിയും ചരിത്രത്തിന്റെ ഭാഗമാകും. ജൈവ് കമ്പനിയുടെ നിലവിലെ അവസ്ഥക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ച് ‘മാധ്യമം’ നടത്തുന്ന അന്വേഷണം ഇന്നുമുതൽ
‘ജൈവ്’എന്ന നാമം മലയാളിക്ക് സുപരിചതമാണ്. ഒരു കാലത്ത് മലയാളക്കരയിലും മറുനാട്ടിലും രുചിയുടെ വൈവിധ്യം തീർത്ത പേര്. സർക്കാർ പരിപാടികളിലും സ്വകാര്യ പരിപാടികളിലും വിമാനങ്ങളിൽ പോലും ‘ജൈവ് ടെട്രാ പാക്ക് ജ്യൂസുകൾ’ നിറഞ്ഞാടി. ഗുണനിലവാരവും രുചിയും അതിനെ ഇഷ്ട വിഭവമാക്കി. എന്നാൽ ജൈവുൾപ്പടെയുള്ള മൂല്യവർധിത ഉൽപന്നങ്ങൾക്ക് ജന്മം നൽകിയിരുന്ന നടുക്കരയിലെ അഗ്രോ പ്രോസസിങ്ങ് കമ്പനിക്ക് കാറ്റുവീഴ്ച സംഭവിച്ചു. കൃഷിവകുപ്പിന് കീഴിലുള്ള ഈ സ്ഥാപനം സർക്കാറിന്റെ കെടുകാര്യസ്ഥതയുടെ പ്രതീകമായി മാറുകയാണ്.
കർഷക മാനേജ്മെൻറിന്റെ നേതൃത്വത്തിൽ ലാഭകരമായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനാണ് സർക്കാർ ഏറ്റെടുത്ത് ഒരു പതിറ്റാണ്ട് പിന്നിടുമ്പോൾ ഈ ദുർഗതി. പൈനാപ്പിൾ കർഷകരുടെ ഈറ്റില്ലമായ വാഴക്കുളം പെരുമ കടൽ കടത്തിയ കമ്പനി സർക്കാർ കനിഞ്ഞില്ലെങ്കിൽ ഏത് നിമിഷവും പൂട്ടുവീഴാവുന്ന സ്ഥിതിയിലാണ്. കാർഷികമേഖലക്ക് കൈതാങ്ങാകുമെന്നും പൈനാപ്പിൾ കർഷകരുടെ കണ്ണീരൊപ്പുമെന്നും പ്രഖ്യാപിച്ച് തുടങ്ങിയ സ്ഥാപനം ഇന്ന് കെടുകാര്യസ്ഥതയുടെ പ്രതീകമാണ്.
പ്രതീക്ഷയോടെ എത്തിയ സ്വപ്നപദ്ധതി
പതിറ്റാണ്ടുകൾക്ക് മുമ്പേ പൈനാപ്പിൾ കൃഷിക്ക് കേളികേട്ട കാർഷിക ഗ്രാമമായിരുന്നു വാഴക്കുളം. എന്നാൽ പൈനാപ്പിൾ കൃഷി പരിപോഷിപ്പിക്കുന്നതിനോ കർഷകർക്ക് കൈതാങ്ങാകുന്നതിനോ അക്കാലത്ത് കാര്യമായ സർക്കാർ പദ്ധതികളൊന്നുമുണ്ടായില്ല. ഇങ്ങനെയിരിക്കെയാണ് കാർഷിക മേഖലയുടെ നവീകരണത്തിനായി സർക്കാർ 1992ൽ വിവിധ പദ്ധതികളാവിഷ്കരിച്ചത്. യൂറോപ്യൻ യൂനിയൻ ഈ പദ്ധതികൾക്ക് സാമ്പത്തിക സഹായവുമായെത്തി.
അന്ന് മൂവാറ്റുപുഴ എം.എൽ.എ ആയിരുന്ന ജോണിനെല്ലൂർ തന്റെ മണ്ഡലത്തിലെ പൈനാപ്പിൾ കർഷകർക്ക് പ്രയോജനകരമാകുന്ന രീതിയിൽ ഇത്തരമൊരു പദ്ധതി മണ്ഡലത്തിൽ വേണമെന്ന ആവശ്യമുന്നയിച്ചു. പൈനാപ്പിൾ കർഷകരുടെ ഈറ്റില്ലമായ വാഴക്കുളത്ത് പദ്ധതിയാരംഭിക്കണമെന്ന ആവശ്യവുമായി അദ്ദേഹം ഭരണതലങ്ങളിൽ കയറിയിറങ്ങി. ഒടുവിൽ ആവശ്യം അംഗീകരിക്കപ്പെട്ടു. അങ്ങനെ കെ.എച്ച്.ഡി.പിക്ക് കീഴിൽ വാഴക്കുളത്ത് നിന്നും മൂന്ന് കിലോമീറ്റർ മാറിമൂവാറ്റുപുഴയാറിന്റെ തീരത്ത് കമ്പനിക്ക് ശിലപാകി.
1994 നവംബർ അഞ്ചിന് അന്നത്തെ കൃഷിമന്ത്രിയായിരുന്ന പി.പി. ജോർജിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനാണ് ശിലാസ്ഥാപനം നിർവഹിച്ചത്. യൂറോപ്യൻ യൂനിയന്റെ സാമ്പത്തിക സഹായത്തോടെ 24 കോടി രൂപ ചെലവിട്ടായിരുന്നു നിർമാണം. ഇറ്റാലിയൻ കമ്പനിക്കായിരുന്നു നിർമാണച്ചുമതല. നാല് വർഷം കൊണ്ട് 1998ൽ നിർമാണം പൂർത്തിയാക്കി. കാർഷികമേഖലക്ക് പ്രത്യേകിച്ച് പൈനാപ്പിൾ അടക്കമുള്ള ഫലവർഗങ്ങൾ ഉൽപാദിപ്പിക്കുന്ന കർഷകർക്ക് കൈതാങ്ങാകുന്നതോടൊപ്പം കമ്പനി നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.
കമ്പനി പ്രവർത്തനസജ്ജമാകുന്നു
കെ.എച്ച്.ഡി.പിക്ക് കീഴിൽ നിർമാണം പൂർത്തിയാക്കിയ കമ്പനി 1999ൽ നടുക്കര അഗ്രോ പ്രോസസിങ് കമ്പനി ലിമിറ്റഡിന് കൈമാറി. 70 ശതമാനം ഓഹരി കർഷക പ്രതിനിധികൾക്കും 30 ശതമാനം സർക്കാറിനുമെന്ന വ്യവസ്ഥയിലായിരുന്നു കൈമാറ്റം. ഇതോടൊപ്പം ജീവനക്കാരുടെ നിയമനമടക്കമുളള കാര്യങ്ങളും നടന്നു. പിന്നാലെ 2000ൽ കമ്പനിയിൽ വ്യവസായികാടിസ്ഥാനത്തിൽ ഉൽപാദനവും ആരംഭിച്ചു. ‘ജൈവ് ജ്യൂസ് ടെട്രാപാക്ക്’ പുറത്തിറക്കി. ഗുണമേന്മയും രുചിയും ഒത്ത് ചേർന്നതോടെ ഇതിന് ആവശ്യക്കാരുമേറി.
എന്നാൽ ബാലാരിഷ്ടിതകൾ പ്രവർത്തനത്തിൽ വില്ലനായി. ഇവിടെ നിന്നുളള പ്രധാന ഉൽപന്നമായ പൈനാപ്പിൾ കോൺസൺട്രേറ്റിന് അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലത്തകർച്ചയും അസംസ്കൃത വസ്തുവായ പൈനാപ്പിളിന്റെ വിലക്കയറ്റവും കമ്പനിയുടെ പ്രവർത്തനം താളംതെറ്റിച്ചു. ഇതോടെ ഉൽപാദനവും വിപണനവും പ്രതീക്ഷിച്ച രീതിയിൽ നടക്കാതെ വന്നു. ദൈനംദിന ചെലവുകൾക്കായി കമ്പനിയുടെ പ്രവർത്തന മൂലധനത്തെ ആശ്രയിക്കേണ്ടി വന്നു. ഈ സമയത്തെല്ലാം കമ്പനിയുടെ പ്രവർത്തനം നിയന്ത്രിച്ചിരുന്നത് കർഷക പ്രതിനിധികൾ ഉൾപ്പെട്ട ബോർഡായിരുന്നെങ്കിലും അന്തിമ തീരുമാനങ്ങളെടുത്തിരുന്നത് കൃഷിവകുപ്പ് സെക്രട്ടറി/അഗ്രികൾച്ചർ പ്രൊഡക്ഷൻ കമീഷണർ ചെയർമാനായുളള ബോർഡിലെ സർക്കാർ നോമിനികളായിരുന്നു. ഈ പ്രവർത്തന മാന്ദ്യവും അനിശ്ചിതത്വവും നിലനിൽക്കെയാണ് 2006ൽ കർഷക പ്രതിനിധി ചെയർമാനായ ബോർഡ് കമ്പനിയുടെ ഭരണം ഏറ്റെടുത്തത്.
നാളെ: കർഷക പ്രതീക്ഷകൾ തകർത്തെറിഞ്ഞ രാഷ്ട്രീയ താൽപര്യങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.