ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാത വികസനം ആശങ്ക പരിഹരിക്കാൻ സംയുക്ത പരിശോധന
text_fieldsകാക്കനാട്: ഇടപ്പള്ളി-മൂത്തകുന്നം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ആശങ്കകൾ ചർച്ച ചെയ്യാനായി യോഗം ചേർന്നു. ആശങ്കകൾ പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി അധികൃതരും സംയുക്ത പരിശോധന നടത്താൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് ഉയർന്നപ്പോൾ ഇരുവശത്തുമുള്ള കനാലുകളും തോടുകളും കാനകളും അടഞ്ഞിരിക്കുന്ന സാഹചര്യമാണുള്ളത്.
മഴ ശക്തിയാകുന്നതോടെ റോഡിന് ഇരുവശത്തും വെള്ളക്കെട്ട് രൂക്ഷമാവും, കക്കൂസ് മാലിന്യം അടക്കമുള്ള മലിനജലം വീടുകളിൽ കയറും തുടങ്ങിയ പ്രശ്നങ്ങൾ ജനപ്രതിനിധികൾ യോഗത്തിന്റെ ശ്രദ്ധയിൽപെടുത്തി. സ്ഥലം വിട്ടുകൊടുത്തവർ അടക്കം ദേശീയ പാതയുടെ അരികിൽ വീട് വെക്കുന്ന ആളുകൾക്ക് ലഭിക്കേണ്ട സമ്മതപത്രം നൽകുന്നതിൽ കാലതാമസം വരുത്തുകയാണെന്ന് ഹൈബി ഈഡൻ എം.പി അറിയിച്ചു.
ദേശീയപാതയിലേക്ക് നേരിട്ട് പ്രവേശനം ഉള്ള കെട്ടിടങ്ങൾക്ക് മാത്രമേ എൻ.ഒ.സി ആവശ്യമുള്ളൂ എന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. വാണിജ്യ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഫീസ് ഈടാക്കുന്നത്. വീട് നിർമാണത്തിനുള്ള എൻ.ഒ.സിക്ക് ഫീസ് ഇല്ല. ഈ നടപടികൾ വേഗത്തിലാക്കാമെന്ന് ദേശീയപാത അധികൃതർ ഉറപ്പുനൽകി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന പ്രതിനിധികളുടെ ആശങ്കകൾ ഗൗരവമായെടുക്കണമെന്ന് പറവൂർ എം.എൽ.എ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.