ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ഓർമദിനം ഇന്ന്; സ്മാരക പ്രഖ്യാപനങ്ങൾ കടലാസിൽതന്നെ
text_fieldsകൊച്ചി: നാട് കണ്ട മികച്ച നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ഓർമകൾക്ക് തിങ്കളാഴ്ച ഒമ്പതാണ്ട്. കാലമിത്രയായിട്ടും കൊച്ചിയിൽ അദ്ദേഹത്തിനൊരു സ്മാരകമായില്ല.
കൃഷ്ണയ്യർ താമസിച്ചിരുന്ന സദ്ഗമയ എന്ന വീട് സർക്കാർ ഏറ്റെടുത്ത് നിയമപഠന ഗവേഷണകേന്ദ്രമാക്കുമെന്ന് പ്രഖ്യാപിക്കുകയും പ്രാഥമിക നടപടികൾ പൂർത്തിയാക്കുകയും ചെയ്തെങ്കിലും പിന്നീട് എങ്ങുമെത്തിയില്ല. കൃഷ്ണയ്യരുടെ ഓർമക്കായി ഹൈകോടതിയുടെ സമീപത്ത് ‘കൃഷ്ണയ്യർ ചത്വരം’ എന്ന പേരിൽ സ്മാരകം നിർമിക്കുമെന്ന് കൊച്ചി കോർപറേഷൻ മേയറും പ്രഖ്യാപിച്ചിരുന്നു. ഇതും തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്.
എം.ജി റോഡിലാണ് അദ്ദേഹം വിശ്രമകാലത്ത് താമസിച്ച സദ്ഗമയ വീട്. നീതി തേടിയെത്തുന്ന പാവങ്ങളുടെയും അശരണരുടെയും മുന്നിൽ ഇതിന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരുന്നു. കൃഷ്ണയ്യരുടെ സ്മാരകമായി ഈ വസതി സർക്കാർ ഏറ്റെടുക്കണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നതോടെ ഇതിന് സർക്കാറും കുടുംബാംഗങ്ങളും പച്ചക്കൊടി കാണിക്കുകയായിരുന്നു. തുടർന്ന് നിയമമന്ത്രി കൂടിയായ പി. രാജീവ് ഉൾപ്പെടെ വീട് സന്ദർശിക്കുകയും 2022-23ലെ ബജറ്റിൽ ഒരുകോടി രൂപ മാറ്റിവെക്കുകയും ചെയ്തു. പിന്നീട്, ഇക്കഴിഞ്ഞ ഏപ്രിലിൽ അഡീഷനൽ ലോ സെക്രട്ടറിയുടെ നേതൃത്വത്തിൽ നിയമ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ വീട് സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ, പിന്നീട് നടപടികളൊന്നുമുണ്ടായില്ലെന്ന് അദ്ദേഹത്തിന്റെ പേരിലുള്ള ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് ചൂണ്ടിക്കാണിക്കുന്നു.
ഇതുകൂടാതെ ഹൈകോടതി പരിസരത്ത് കൃഷ്ണയ്യരുടെ പേരിലുള്ള സ്ക്വയർ ഒരുങ്ങുമെന്ന് പ്രഖ്യാപിച്ചത് മേയർ എം. അനിൽകുമാറാണ്. രൂപകൽപനക്കായി പ്രമുഖ ആർക്കിടെക്ട് കെ.ടി. രവീന്ദ്രനെ നിയോഗിക്കുകയും ചെയ്തു. തുടർ നടപടികളുണ്ടായില്ല. ഹൈകോടതിയുടെ മുന്നിൽ ഗതാഗതം തടസ്സപ്പെടുത്തി മാത്രമേ നിർമാണം നടത്താനാവൂ എന്നതുകൊണ്ടാണ് തൽക്കാലം ഇത് വൈകുന്നതെന്ന് മേയർ ‘മാധ്യമ’ത്തോട് പറഞ്ഞു. ഹൈകോടതിയുടെ മുന്നിൽ റോഡ് തടസ്സപ്പെടുത്തുന്നത് അപ്രായോഗികമായതിനാൽ, മറ്റേതെങ്കിലും രീതിയിലുള്ള പദ്ധതി ആലോചിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷ്ണയ്യരുടെ സ്മാരകം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണയ്യർ മൂവ്മെന്റ് മുഖ്യമന്ത്രി, റവന്യൂ, ധനകാര്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാർ, മേയർ തുടങ്ങിയവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.