കടൽക്ഷോഭം കലക്ടറും എം.പിയും ദുരിതമേഖല സന്ദർശിച്ചു
text_fieldsപള്ളുരുത്തി: കടൽക്ഷോഭം മൂലം ദുരിതം നേരിടുന്ന ചെല്ലാനം ഗ്രാമപഞ്ചായത്തിലെ കണ്ണമാലി, ചെറിയകടവ് പ്രദേശങ്ങൾ കലക്ടർ എൻ.എസ്.കെ. ഉമേശ് സന്ദർശിച്ചു. തെക്കൻ ചെല്ലാനത്ത് പണിത മാതൃകയിൽ തങ്ങളുടെ മേഖലയിലും ടെട്രോപോഡ് കടൽഭിത്തി നിർമിച്ച് തീരവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്ന് സ്ത്രീകൾ അടക്കമുള്ളവർ കലക്ടറോട് അഭ്യർഥിച്ചു.2024 മേയ് മാസത്തിന് മുമ്പായി രണ്ടാംഘട്ട പദ്ധതിപ്രകാരം ടെട്രോപോഡ് നിർമാണം മേഖലയിൽ പൂർത്തീകരിക്കുമെന്ന് കലക്ടർ നാട്ടുകാർക്ക് ഉറപ്പുനൽകി. താൽക്കാലിക സംവിധാനമെന്ന നിലയിൽ ജിയോ ബാഗുകൾ സ്ഥാപിക്കുമെന്നും ജനങ്ങളുടെ സുരക്ഷയാണ് സർക്കാർ ലക്ഷ്യമെന്നും കലക്ടർ പറഞ്ഞു. ഹൈബി ഈഡൻ എം.പിയും സ്ഥലം സന്ദർശിച്ചു.
എത്രയും പെട്ടെന്ന് തന്നെ ടെട്രാപോഡുകൾ പുത്തൻ തോട് മുതൽ ഫോർട്ട്കൊച്ചി ബീച്ച് റോഡ് വരെ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ സമാശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ടവരെ താൽക്കാലികമായി മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിക്കാമെന്ന് കലക്ടർ ഹൈബിയോട് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ് അടക്കം ജനപ്രതിനിധികളും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു. കടലാക്രമണത്തിൽ തകർന്ന വീടുകൾ, ദുരിതാശ്വാസ ക്യാമ്പ്, കടലാക്രമണം രൂക്ഷമായ പ്രദേശങ്ങൾ എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു.
കണ്ണമാലി, ചെറിയകടവ് മേഖലകൾ ബിഷപ്പുമാര്‍ സന്ദര്‍ശിച്ചു
പള്ളുരുത്തി: കടലേറ്റം രൂക്ഷമായ കണ്ണമാലി ചെറിയകടവ് പ്രദേശങ്ങൾ ലത്തീന്‍ കത്തോലിക്ക ബിഷപ്പുമാരുടെ സംഘം സന്ദര്‍ശിച്ചു. ഇടക്കൊച്ചിയിൽ നടക്കുന്ന കെ.ആര്.എല്‍.സി.സി ത്രിദിന ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ ബിഷപ്പുമാരും വൈദികരും സന്ന്യസ്ഥരും അൽമായരുമാണ് പ്രദേശങ്ങൾ സന്ദര്‍ശിച്ചത്.
ദുരിതബാധിതരെ കണ്ട് സംഘം വിവരങ്ങള്‍ അന്വേഷിച്ചു. തീരദേശവാസികളുടെ ദുരിതങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉണ്ടാകണമെന്ന് കെ.ആര്.എല്‍.സി.സി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് ചെല്ലാനം മാതൃകയില്‍ ടെട്രാപോഡ് ഉപയോഗിച്ച് കടല്‍ഭിത്തി നിർമിക്കണം. ദുരിതമനുഭവിക്കുന്നവരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി ആവശ്യമായ സഹായങ്ങളും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിഷപ്പുമാരായ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, ഡോ. ക്രിസ്തുദാസ്, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കെ.ആര്.എല്‍.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, കൊച്ചി രൂപത വികാരി ജനറല്‍ ഷൈജു പര്യാത്തുശ്ശേരി, ആലപ്പുഴ രൂപത വികാരി ജനറല്‍ ജോയി പുത്തന്‍വീട്ടില്‍, സുല്‍ത്താന്‍ പേട്ട് രൂപത വികാരി ജനറല്‍ സുന്ദര്‍രാജ് അലിസ്, കൊച്ചി രൂപത ചാന്‍സലർ ഡോ. ജോണി സേവ്യര്‍ പുതുക്കാട്ട്, ഫാ. ഫ്രാന്‍സിസ് കൊടിയനാട്ട്, ഫാ. സോളമന് ചാരങ്ങാട്ട്, ഫാ. ജോപ്പന് അണ്ടിശ്ശേരി, ഡോ. അഗസ്റ്റിന് കടേപറമ്പില്‍, ഫാ. ആന്റണി കുഴിവേലി, ഫാ. സെബാസ്റ്റ്യന്‍ പനച്ചിക്കല്‍, ഫാ. പ്രമോദ് ശാസ്താംപറമ്പില്‍, ഫാ. ടോമി, ടി.എ. ഡാല്‍ഫിന്‍, പൈലി ആലുങ്കല്‍, ബാബു കാളിപറമ്പില്‍, ജോബ് പുളിക്കല്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്ദര്‍ശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.