കാക്കനാട് വാക്സിൻ വിതരണം പാളി; പൊലീസും ജനപ്രതിനിധികളും തമ്മിൽ കൈയാങ്കളി
text_fieldsകാക്കനാട്: വാക്സിൻ വിതരണത്തെ ചൊല്ലി തൃക്കാക്കരയിൽ പൊലീസും ജനപ്രതിനിധികളുമായി സംഘർഷം. കാക്കനാട് യൂത്ത് ഹോസ്റ്റലിലെ വാക്സിൻ കേന്ദ്രത്തിൽ വെച്ചാണ് നഗരസഭ കൗൺസിലർമാരും പൊലീസുമായി സംഘർഷം ഉണ്ടായത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായ റാഷിദ് ഉള്ളം പള്ളിയെ പൊലീസ് മർദിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. വാക്സിൻ എത്താൻ വൈകിയതിനെ തുടർന്ന് യൂത്ത് ഹോസ്റ്റൽ പരിസരത്ത് ജനങ്ങൾ കൂട്ടം കൂടിയിരുന്നു. തുടർന്ന് ഇവിടെയുണ്ടായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥ സ്റ്റേഷനിൽ വിവരം അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വാക്സിൻ കേന്ദ്രത്തിലെത്തിയ എസ്.ഐ ഷെമീറിെൻറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് പൊലീസും കൗൺസിലർമാരുമായുണ്ടായ തർക്കങ്ങളെ തുടർന്ന് യൂത്ത് ഹോസ്റ്റലിലെ വസ്തുക്കൾ ചവിട്ടിപ്പൊളിക്കാൻ ശ്രമിച്ചെന്നാരോപിച്ച് റാഷിദുമായി എസ്.ഐ വാക്കേറ്റം നടത്തുകയും ഒടുവിൽ പിടിച്ച് തള്ളുകയുമായിരുന്നെന്ന് കൗൺസിലർമാർ പറഞ്ഞു.
ഏഴ് വാർഡുകളിലെ 200 പേർക്ക് വാക്സിൻ നൽകാമെന്നായിരുന്നു നഗരസഭക്ക് ലഭിച്ച വിവരം. ഇതനുസരിച്ച് വിവിധ വാർഡുകളിൽ മുൻഗണന ക്രമമനുസരിച്ച് ടോക്കൺ നൽകിയിരുന്നു. രാവിലെ ഒൻപത് മുതൽ വൈകീട്ട് മൂന്ന് വരെയായിരുന്നു വാർഡുകൾ തിരിച്ച് സമയം അനുവദിച്ചിരുന്നത്. എന്നാൽ, വാക്സിൻ എത്താൻ താമസിച്ചതോടെ സ്ഥലത്തെത്തിയവരുടെ എണ്ണം വർധിക്കുകയായിരുന്നു.
200 ഡോസ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും 180 ഡോസ് മാത്രമാണ് എത്തിയത്. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറുമായ നടന്ന ചർച്ചയിൽ ഒരു വാർഡിനെ ഒഴിവാക്കി ബാക്കിയുള്ളവയിൽ 30 ഡോസ് വീതം നൽകാൻ ധാരണയായി. സമൂഹ അകലം പാലിക്കുന്നതിനായി അഞ്ച് പേരെ വീതം വിളിക്കാനും തീരുമാനിച്ചു.
അതിനിടെയാണ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാരോപിച്ച് പൊലീസ് എത്തിയത്. ഇനി കാര്യങ്ങൾ തങ്ങൾ നോക്കിക്കോളമെന്ന പൊലീസ് വാദം നിരസിച്ച കൗൺസിലർമാർ തങ്ങൾക്ക് അറിയാമെന്ന് പറഞ്ഞ് പൊലീസിനോട് മടങ്ങാൻ ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തിന് കാരണമായി. അതേസമയം പുറത്തിറങ്ങിയ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായ റാഷിദ് ഉള്ളം പള്ളിയെ പൊലീസ് തടഞ്ഞത് സംഘർഷത്തിലേക്ക് നയിച്ചു.
പൊലീസും നാട്ടുകാരും തമ്മിലുള്ള വാക്ക് തർക്കത്തിനിടെ എസ്.ഐ ഷെമീർ റാഷിദിനെ രണ്ട് തവണ തള്ളിമാറ്റിയതായി നാട്ടുകാർ പറഞ്ഞു. ഇത് ചോദ്യം ചെയ്ത നാട്ടുകാരോട് എസ്.ഐ അസഭ്യം പറഞ്ഞതായും കൂട്ടിച്ചേർത്തു. വാക്കേറ്റം രൂക്ഷമായതോടെ തൃക്കാക്കര എ.സി.പി, സി.ഐ എന്നിവരെത്തി എസ്.ഐയെ തിരിച്ചയച്ചാണ് പ്രശ്നം പരിഹരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.