ആ കുഞ്ഞിനെ വാരിയെടുത്തത് ഈ കൈകളിൽ; വിശദീകരിക്കാൻ വാക്കുകളില്ലാതെ ആൻറണി
text_fieldsകൊച്ചി: ‘‘ഈ കൈകളിലാണ് ഞാനാ കുട്ടിയെ വാരിയെടുത്ത് കൊണ്ടുപോയത്. ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നുപോലും അറിയില്ല. ആകെ പൊള്ളലേറ്റ നിലയിലായിരുന്നു. ജീവൻ ബാക്കിയുണ്ടാവണേ എന്നുമാത്രമേ പ്രാർഥനയുണ്ടായിരുന്നുള്ളൂ. ഇപ്പോഴും അറിയില്ല ആ കുട്ടിയുടെ അവസ്ഥയെന്താണെന്ന്’’ -സ്ഫോടനം നടന്ന അടുത്ത നിമിഷത്തിൽ ഗുരുതര പരിക്കേറ്റ കുരുന്നു ബാലികയെ സ്വന്തം കൈകളിൽ വാരിയെടുത്ത് ആംബുലൻസിലേക്കെത്തിച്ചതിനെക്കുറിച്ച് പറഞ്ഞപ്പോൾ ഇടപ്പള്ളി സ്വദേശി ആൻറണിയുടെ വാക്കുകൾ ഇടക്കിടെ മുറിഞ്ഞുകൊണ്ടിരുന്നു.
രാവിലെ നടന്ന സംഭവത്തിന്റെ ഞെട്ടുന്ന ഓർമയിൽനിന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും മോചിതനായിട്ടില്ല അദ്ദേഹം. മനസ്സിലിപ്പോഴും മായാതെ കിടക്കുന്ന സംഭവത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയെങ്കിലും ആൻറണിയുടെ ഉള്ളിലിരമ്പിവന്ന വേദനയും ഞെട്ടലും സ്വരത്തിൽ പതർച്ചയുണ്ടാക്കുന്നുണ്ടായിരുന്നു. താൻ നിന്നിരുന്ന വരിയുടെ മൂന്നുവരികൾക്ക് മുന്നിലാണ് സ്ഫോടനമുണ്ടായതെന്നും അദ്ദേഹം ഓർക്കുന്നു.
‘എല്ലായിടത്തും ആകെ തീയും പുകയും മാത്രം. കസേരകൾക്ക് തൊട്ടരികിൽ ഒരു കുഞ്ഞുകുട്ടി കിടക്കുന്നുണ്ടായിരുന്നു. മരിച്ചെന്നാണ് ആദ്യം കരുതിയത്. എന്നാൽ, വേദനകൊണ്ട് ഞെരങ്ങുന്നത് കണ്ടപ്പോൾ പിന്നെയൊന്നും നോക്കാതെ വാരിയെടുത്ത് ഓടുകയായിരുന്നു. ആകെ പൊള്ളിപ്പടർന്നിരുന്നു ശരീരം. എന്നാലും വേഗം ആംബുലൻസിലെത്തിച്ചു. ആ കുട്ടിയുടെ ജീവൻ ബാക്കിയുണ്ടാവണേ, ജീവിതത്തിലേക്ക് തിരിച്ചുവരണേ എന്നുമാത്രമാണ് പ്രാർഥിച്ചു കൊണ്ടിരിക്കുന്നത്’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
തൂവെള്ള ഷർട്ട് ധരിച്ചുവന്ന ആൻറണിയുടെ ഷർട്ടിലാകെ കരി പുരണ്ടിരുന്നു. കൈക്ക് ചെറുതായി പൊള്ളലും ഏറ്റിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.