കരുവേലിപ്പടി മഹാരാജാസ് ആശുപത്രി സന്ദർശിച്ചു; മന്ത്രിക്ക് മുന്നിൽ പരാതിപ്രളയം
text_fieldsമട്ടാഞ്ചേരി: കരുവേലിപ്പടി മഹാരാജാസ് ആശുപത്രി സന്ദർശിക്കാനെത്തിയ ആരോഗ്യമന്ത്രി വീണ ജോർജിന് മുന്നിൽ പരാതികളുടെ പ്രളയം. സ്ത്രീകളും ആശുപത്രിയിൽ കിടക്കുന്ന രോഗികളും നാട്ടുകാരും പരാതികളുടെ കെട്ടഴിച്ചു. ആശുപത്രിയിൽ ഒരുമരുന്നും സൗജന്യമായി ലഭിക്കുന്നില്ലെന്നായിരുന്നു ആദ്യപരാതി. എക്സ് റേ അടക്കമുള്ള സംവിധാനം ഉണ്ടെങ്കിലും എല്ലാത്തിനും പുറത്തേക്കെഴുതും.
ഒരു ടെസ്റ്റും ആശുപത്രിയിൽ നടത്തുന്നില്ലെന്ന് സ്ത്രീകളുടെ പരാതി. പുറത്തേക്ക് രാവിലെ എഴുതിയ ചീട്ടുകളും ഇവർ മന്ത്രിയെ കാണിച്ചു. ഡോക്ടർമാർ ഉണ്ടെങ്കിലും ഒന്നോ രണ്ടോ പേരുടെ സേവനം മാത്രമാണ് ലഭിക്കുന്നതെന്ന് ആശുപത്രിയിൽ കിടക്കുന്നവർ പരാതിപ്പെട്ടു.
ചെറിയ അസുഖം വന്നാൽപോലും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുമെന്ന് മറ്റൊരു പരാതി. രോഗികളെ കിടത്തിച്ചികിത്സിക്കുന്നതിന് ഡോക്ടർമാർക്കും ജീവനക്കാർക്കും താൽപര്യമില്ലെന്ന് നാട്ടുകാരുടെ കൂട്ടത്തോടെയുള്ള പരാതി വേറെ.
ഡ്യൂട്ടി സമയം കഴിയും മുമ്പ് ജീവനക്കാർ വിടുകളിലേക്ക് ഓടുന്നുവെന്ന പരാതി സമീപവാസികൾ ഉയർത്തി. സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ലെന്ന് മറ്റൊരു കൂട്ടരുടെ പരാതി.
ആശുപത്രിക്ക് സമീപത്തെ തൈക്കാവ് റെസി. അസോസിയേഷൻ ഭാരവാഹികളും വിവിധ പരാതികൾ ആരോഗ്യമന്ത്രിക്ക് മുന്നിൽ ഉയർത്തി. കിഫ്ബി പദ്ധതിപ്രകാരം ആരംഭിച്ച കെട്ടിട നിർമാണം നിലച്ചുകിടക്കുന്നത്.
കാന്റീൻ സൗകര്യമില്ലാത്തത്, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് തുടങ്ങിയ പരാതികൾ ഉയർത്തിയപ്പോൾ മുൻകാലങ്ങളിൽ ധർമാശുപത്രിയെന്ന നിലയിൽ ലഭ്യമായിരുന്ന സേവനങ്ങളും ചിലർ ചൂണ്ടിക്കാട്ടി.
ജില്ലയിലെ വിവിധ ആശുപത്രികൾ സന്ദർശിച്ച തനിക്ക് ഇത്രയേറെ പരാതിയുള്ള ഒരു ആശുപത്രിയും കാണാൻ കഴിഞ്ഞില്ലെന്ന് മന്ത്രിതന്നെ അഭിപ്രായപ്പെട്ടു.
നാട്ടുകാർ പറഞ്ഞ കാര്യങ്ങൾ അർഥവത്താണെന്ന് ആശുപത്രി സന്ദർശിച്ച മന്ത്രിക്കും ബോധ്യമായി. രോഗികൾ ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന കട്ടിലുകൾ, മന്ത്രിയുടെ വരവ് കണക്കിലെടുത്ത് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ എല്ലാം കണ്ടുമനസ്സിലാക്കിയാണ് മന്ത്രി മടങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.