ദുരിതയാത്രക്ക് അറുതിതേടി യാത്രക്കാർ; ആർത്തിരമ്പി പ്രതിഷേധം
text_fieldsകൊച്ചി: ട്രെയിൻ യാത്രാദുരിതം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കി യാത്രക്കാർ.കായംകുളം-കോട്ടയം-എറണാകുളം പാതയിലെ യാത്രയിലും എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിലും സംഘടിപ്പിച്ച സംഗമത്തിൽ യാത്രക്കാരുടെ പ്രതിഷേധമിരമ്പി. പാലരുവി, വേണാട് എക്സ്പ്രസുകളിലെ അതിരൂക്ഷമായ തിരക്ക് നിയന്ത്രിക്കുന്നതിന് ഇരുട്രെയിനുകൾക്കുമിടയിൽ ഒരു മെമു അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രതിഷേധം. പാലരുവിയിലെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുക, വന്ദേഭാരത് കടന്നുപോകാൻ മുളന്തുരുത്തിയിൽ പിടിച്ചിടുന്നത് ഒഴിവാക്കി തൃപ്പൂണിത്തുറയിലേക്ക് മാറ്റുക എന്നീ ആവശ്യങ്ങളും അവർ ഉയർത്തി.
കറുത്ത ബാഡ്ജ് ധരിച്ചാണ് യാത്രക്കാർ ട്രെയിനിൽ കയറിയത്. ഫ്രണ്ട്സ് ഓൺ റെയിൽസ് എക്സിക്യൂട്ടിവ് അംഗം അജാസ് വടക്കേടം, ശ്രീജിത് കുമാർ, എൻ.എ. ശശി, കൃഷ്ണ മധു, ജീന, സിമി ജ്യോതി, യദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യാത്രക്കാർ സംഘടിച്ച് എറണാകുളം ടൗൺ സ്റ്റേഷൻ മാനേജർ ബാലകൃഷ്ണ പണിക്കർക്ക് ഭീമ ഹരജി നൽകി. പരാതി ഉന്നതാധികാരികളിലേക്ക് കൈമാറുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി ഫ്രണ്ട്സ് ഓൺ റെയിൽസ് പ്രതിനിധികൾ അറിയിച്ചു. യാത്രാക്ലേശം പരിഹരിക്കുന്നതിന് ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
അതേസമയം, പ്രതിഷേധദിനത്തിലും പാലരുവി എക്സ്പ്രസിലെ കഠിനമായ തിരക്കിൽപെട്ട് രണ്ട് സ്ത്രീകൾ കുഴഞ്ഞുവീണു. തിരക്ക് നിയന്ത്രിക്കാനാവാതെ വന്നപ്പോൾ സ്ത്രീകൾക്കായി അംഗപരിമിതരുടെ കോച്ച് തുറന്നുകൊടുത്തു. ശേഷം പാലരുവി വന്ദേഭാരത് കടന്നുപോകാൻ മുളന്തുരുത്തിയിൽ പിടിച്ചിട്ടപ്പോഴാണ് രണ്ടാമത്തെ യാത്രക്കാരി കുഴഞ്ഞുവീണത്. അവരെ ഗാർഡിന്റെ കാബിനിൽ കയറ്റി പ്രാഥമിക ശുശ്രൂഷ നൽകുകയും തൃപ്പൂണിത്തുറ സ്റ്റേഷനിൽ മെഡിക്കൽ എമർജൻസി സൗകര്യം ഒരുക്കുകയും ചെയ്തു. തിരക്കിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് യാത്രക്കാർ കുഴഞ്ഞുവീഴുന്നത് പാലരുവി എക്സ്പ്രസിൽ പതിവായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.