കേരള ഹൈകോടതി ആദ്യ സമ്പൂർണ കടലാസ് രഹിത കോടതി
text_fieldsകൊച്ചി: രാജ്യത്തെ ആദ്യ സമ്പൂർണ കടലാസ് രഹിത കോടതിയെന്ന ഖ്യാതി കേരള ഹൈകോടതിക്ക്. ഇതിനായി ചീഫ് ജസ്റ്റിസിന്റേത് അടക്കം ആറ് കോടതികളിൽ സ്മാർട്ട് കോടതിമുറിയൊരുക്കി. ഔപചാരിക ഉദ്ഘാടനം ശനിയാഴ്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിർവഹിക്കും.
കോടതിയിലേക്കെത്തുന്ന അഭിഭാഷകർക്ക് ഇനി വലിയ ഫയൽക്കെട്ടുകൾ കൈയിൽ കരുതേണ്ടിവരില്ല. ഹരജിയടക്കം ഫയൽ ചെയ്ത രേഖകളെല്ലാം കോടതിമുറിയിൽ അഭിഭാഷകെൻറ മുന്നിലെ കമ്പ്യൂട്ടറിൽ തെളിയും. ജഡ്ജിയുടെ മുന്നിലും ഇത് ലഭിക്കും. ടച് സ്ക്രീനിൽ നിന്ന്ഏത് രേഖയും പരിശോധിച്ച് വാദിക്കാം. ഓൺലൈൻ വഴി ഹാജരാകുന്ന അഭിഭാഷകർക്ക് അതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കോടതിയിൽ നേരിട്ടെത്തിയും വിഡിയോ കോൺഫറൻസ് വഴിയും വാദം പറയാൻ കഴിയുന്ന വെർച്വൽ ഹിയറിങ് വിത്ത് ഹൈബ്രിഡ് ഫെസിലിറ്റിയാണ് ഒരുക്കിയത്. മൈക്കും സ്പീക്കറും ഓൺ ലൈനുമായും ബന്ധിപ്പിക്കും. കേസ് ഫയലുകളിൽ മാർക്ക് ചെയ്യാം. കേസുകൾ ഫയൽ ചെയ്യുന്നതും പരിശോധന പൂർത്തിയാക്കുന്നതും ജഡ്ജിമാർ ഉത്തരവിടുന്നതും ഇ-മോഡ് വഴിയാകും. ഉത്തരവുകൾ ജീവനക്കാർ എഴുതിയെടുക്കുന്നതിന് പകരം കമ്പ്യൂട്ടറിൽ സ്വയം രേഖപ്പെടുത്തുന്ന ക്രമീകരണമാണ് വരുത്തിയത്.
പരിഗണിക്കുന്ന കേസ് ഏതെന്ന് കോടതിക്കകത്ത് പുറത്തും ഡിസ്പ്ലേ വഴി അറിയാം. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന കിയോസ്ക് എല്ലാ സ്മാർട്ട് കോടതികളിലും ഉണ്ടാകും. എല്ലായിടത്തും വൈ-ഫൈ സൗകര്യമുണ്ട്. സഹായത്തിന് ഇ-സേവ കേന്ദ്രവുമുണ്ട്. ഹൈകോടതിയിൽ ജാമ്യഹരജി സമർപ്പിക്കുന്നത് 2020 ജൂൺ 15 മുതൽ ഇ-ഫയലിങ് വഴിയാക്കിയിരുന്നു. കഴിഞ്ഞ മേയ് 17 മുതൽ എല്ലാ ഹരജികളും ഇ-ഫയൽ വഴി ആക്കി. ഡിജിറ്റൽ ഒപ്പോടെ ജാമ്യ ഉത്തരവുകൾ ഒക്ടോബർ 27 മുതൽ പുറപ്പെടുവിച്ച് തുടങ്ങി.
ഇ-ഫയലിങ് ആപ്ലിക്കേഷൻ ഹൈകോടതിയിലെ ഇൻഹൗസ് ഐ.ടി സംഘമാണ് വികസിപ്പിച്ചത്. ഹൈകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഓൺലൈനായി കേസ് ഫയൽ ചെയ്യാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. തീർപ്പായ കേസുകളുടെ രേഖകൾ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവൃത്തികൾ നടക്കുന്നു. 20 ലക്ഷത്തോളം പേപ്പറുകൾ ആവശ്യമായി വരുന്ന 40,000 കേസുകളുടെ രേഖകൾ ഡിജിറ്റലൈസ് ചെയ്തു. കീഴ്കോടതികളിൽ കേസ് ഫയൽ ചെയ്യേണ്ടത് ഇ-ഫയലിങ് മുഖേനയാണ്. തിരുവനന്തപുരം അഡീഷനൽ സി.ജെ.എം, എറണാകുളം കോലഞ്ചേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതികളാണ് സംസ്ഥാനത്ത് നിലവിലെ രണ്ട് കടലാസ് രഹിത കോടതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.