ഭാര്യയെ കൊന്നതിന് പ്രതികാരമായി പ്രതിയുടെ മാതാവിനെ കുത്തിക്കൊന്നു; മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsപള്ളുരുത്തി: എട്ട് വർഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി, പ്രതിയുടെ മാതാവിെന കൊലപ്പെടുത്തി. അക്രമിയുടെ കുത്തേറ്റ പള്ളുരുത്തി വ്യാസപുരം വേണാട്ടുപറമ്പിൽ സരസ്വതി (61) സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭർത്താവ് ധർമജനെ (70) ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം.
പ്രതി പള്ളുരുത്തി കാട്ടിശ്ശേരി വീട്ടിൽ ജയനെ (57) ആയുധവുമായി പൊലീസ് പിടികൂടി. പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതി കിടന്നുറങ്ങുകയായിരുന്ന ധർമജനെ വിളിച്ചെഴുന്നേൽപിച്ച് കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. പ്രാണരക്ഷാർഥം രക്ഷപ്പെട്ട് ഓടിയ ധർമജൻ സമീപത്തെ ബന്ധുവീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു.
ആക്രമണം നടന്ന സമയം കുളിക്കുകയായിരുന്ന സരസ്വതി, അയൽവാസിയായ പ്രസാദിന്‍റെ വീട്ടിൽ അഭയം തേടി അടുക്കളയിൽ ഒളിച്ചെങ്കിലും പ്രതി പിന്നാലെയെത്തി കഴുത്തിന് പിന്നിലും ദേഹത്തും തുരുതുരാ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കഴുത്തിന് പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് അറിയുന്നത്.
2014 ഏപ്രിൽ 16ന് ജയന്‍റെ ഭാര്യ സിന്ധുവിനെ (41) ആക്രമിക്കപ്പെട്ട ദമ്പതികളുടെ മകൻ മധു കുത്തിക്കൊലപ്പെടുത്തിയിരുന്നു. വിചാരണ കോടതി ജീവപര്യന്തം തടവിന് വിധിച്ച മധു ശിക്ഷ അനുഭവിച്ചുവരുകയാണ്. കഴിഞ്ഞ മാസം മധു പരോളിലിറങ്ങി തിരികെ ജയിലിലേക്ക് പോയിരുന്നു. ജയൻ കഴിഞ്ഞ ഒരുമാസമായി ആക്രമണം നടത്താൻ ലക്ഷ്യമിട്ട് പദ്ധതി തയാറാക്കി വരുകയായിരുന്നുവെന്നാണ് സൂചന. ആയുധം സംഘടിപ്പിച്ച പ്രതി കഴിഞ്ഞ ഒരുമാസമായി ജോലിക്കു പോയിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. പള്ളുരുത്തി പൊലീസിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരി അസി. പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.