തൃക്കാക്കരയിലെ രാത്രിവ്യാപാര നിരോധനത്തിനെതിരെ കെ.എച്ച്.ആർ.എ
text_fieldsകാക്കനാട്: ലഹരി-മയക്കുമരുന്ന് ഉല്പന്ന വിതരണം തടയാന്‍ രാത്രി 11 മുതല്‍ പുലര്‍ച്ച നാലുവരെ ഹോട്ടലുകളും കടകളും അടക്കണമെന്ന തൃക്കാക്കര നഗരസഭയുടെ നിര്‍ദേശത്തിനെതിരെ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്.
മയക്കുമരുന്ന് വിതരണം തടയാന്‍ പൊലീസ് പരിശോധനകള്‍ ശക്തമാക്കുകയാണ് വേണ്ടതെന്ന് ജില്ല കമ്മിറ്റി വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടാല്‍ മയക്കുമരുന്ന് വിതരണം ഇല്ലാതാകുമെന്ന തീരുമാനം അപ്രായോഗികമാണെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി. ഇടപ്പള്ളി ടോളില്‍നിന്ന് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലേക്കുള്ള വഴിയുടെ ഒരുവശം തൃക്കാക്കരയുടെയും മറുവശം കളമശ്ശേരി നഗരസഭയുടെയും ഭാഗമായ പ്രദേശമാണ്.
ഒരുഭാഗത്തെ സ്ഥാപനങ്ങള്‍ക്ക് മാത്രം രാത്രിനിരോധനം ഏര്‍പ്പെടുത്തുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. വ്യാപാര നിരോധനത്തിനെതിരെ സമരപരിപാടികള്‍ ആവിഷ്കരിക്കുമെന്നും കോടതിയെ സമീപിക്കുമെന്നും ജില്ല പ്രസിഡന്റ് ടി.ജെ. മനോഹരനും ജില്ല സെക്രട്ടറി കെ.ടി. റഹീമും അറിയിച്ചു. വാർത്തസമ്മേളനത്തില്‍ കാക്കനാട് യൂനിറ്റ് പ്രസിഡന്റ് അനീഷ്, യൂനിറ്റ് സെക്രട്ടറി ഷെയ്ക്ക് ഷാഫി അഹമ്മദ്, ട്രഷറർ മുഹമ്മദ് നിസാർ എന്നിവരും പങ്കെടുത്തു.
ഭക്ഷണത്തിന് രാത്രി നിയന്ത്രണം; ടെക്കികളുടെ പ്രതിഷേധ ജാഥ ഇന്ന്
കാക്കനാട്: തൃക്കാക്കര നഗരസഭ പരിധിയിലെ ഹോട്ടലുകളും തട്ടുകടകളും ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങൾ രാത്രി 11 മുതൽ അടച്ചിടാനുള്ള നഗരസഭ തീരുമാനത്തിനെതിരെ ടെക്കികൾ പ്രതിഷേധം സംഘടിപ്പിക്കുന്നു. പ്രോഗ്രസീവ് ടെക്കീസ് സംഘടനയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാത്രി 10ന് ഇൻഫോപാർക്ക് റോഡിൽ ടെക്കിക്കളെ അണിനിരത്തി ‘നൈറ്റ് വാക്ക്’ പേരിൽ പ്രതിഷേധജാഥ സംഘടിപ്പിക്കും. രാത്രിയും പകലുമായി ജോലിചെയ്യുന്ന ഐ.ടി മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഇന്‍ഫോപാര്‍ക്കില്‍ തീരുമാനം ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് പ്രോഗ്രസിവ് ടെക്കീസ് സംഘടന ഭാരവാഹികള്‍ പറഞ്ഞു.
ലഹരിയുടെ വിതരണവും ഉപയോഗവും തടയേണ്ടത് വളരെ അത്യാവശ്യമാണ്. പക്ഷേ, അതിനുവേണ്ടി ഒരു മേഖലയൊന്നാകെ അടച്ചിട്ട് പരീക്ഷണം നടത്തണമെന്ന തൃക്കാക്കര നഗരസഭയുടെ നടപടി ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.