കിഴക്കമ്പലം-നെല്ലാട് റോഡ് നിർമാണം; ഇനി ആര് പറയണം?
text_fieldsകിഴക്കമ്പലം: വര്‍ഷങ്ങളായി ശോച്യാവസ്ഥയിലായ കിഴക്കമ്പലം-നെല്ലാട് റോഡ് നിര്‍മിക്കാന്‍ ഇനി ആരുടെ കാലു പിടിക്കണമെന്നാണ് നാട്ടുകാരുടെ ചോദ്യം. മഴപെയ്താല്‍ ചളിയും വെള്ളക്കെട്ടും വെയിലായാല്‍ രൂക്ഷമായ പൊടിശല്യവും. മഴ മാറിയാല്‍ താല്‍ക്കാലികമായി കുഴി അടക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് പറഞ്ഞെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വെയിലാണെങ്കിലും ഒരു നടപടിയുമില്ല. മഴയിൽ കുഴികളില്‍ വീണ് ഇരുചക്രവാഹന യാത്രികരും സ്കൂള്‍ കുട്ടികളും അപടത്തില്പെടാന് തുടങ്ങിയതോടെ താല്‍ക്കാലികമായി റെഡിമിക്സ് കൊണ്ടുവന്ന് റോഡില്‍ ഇട്ടിരുന്നു.
എന്നാല്‍, മഴ മാറിയതോടെ മെറ്റല്‍ റോഡില്‍ നിരക്കുകയും പൊടിശല്യം രൂക്ഷമാകുകയും ചെയ്തു. ഇപ്പോൾ മെറ്റലില്‍ കയറി ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍പെടുന്നതും പതിവാണ്. റോഡിനോട് ചേര്‍ന്നുള്ള വീടുകളില്‍ പൊടിശല്യം മൂലം പുറത്തേക്കുള്ള വാതില്‍ തുറക്കാന്‍ പോലും പറ്റുന്നില്ലന്ന് നാട്ടുകാര്‍ പറയുന്നു. പ്രായമായവര്‍ക്ക് ശ്വാസതടസ്സമടക്കള്ള അസുഖങ്ങള്‍ വ്യാപകമാണ്. നിരവധി സമരങ്ങള്‍ നാട്ടുകാര്‍ നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്ന് കോടതിയെ സമീപിക്കുകയും രണ്ട് കോടിയിലധികം അനുവദിച്ചെങ്കിലും നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നില്ല. പിന്നീട് വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കിഴക്കമ്പലം- പട്ടിമറ്റം റോഡിന് 1.34 കോടി അനുവദിക്കുകയും നെല്ലാട് വരെ ഉടന്‍ നിർമാണം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, നിര്‍മാണം ഇഴയുകയാണ്. പുത്തന്‍കുരിശ് ഡിവിഷനില്‍ എ.ഇ ഇല്ലെന്നാണ് ഇപ്പോള്‍ കാരണം പറയുന്നത്. കഴിഞ്ഞ നാലുമാസമായി ഇവിടെ എ.ഇ ഇല്ലെന്നിരിക്കെ ഇനി എ.ഇ എത്തി റോഡിന് ലെവല്‍ എടുത്താല്‍ മാത്രമേ നിർമാണം പുരോഗമിക്കുകയുള്ളൂ എന്നാണ് പൊതുമരാമത്ത് പറയുന്നത്. പത്ത് വര്‍ഷത്തിലധികമായി റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട്. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും മൗനത്തിലാണെന്ന് നാട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.