കിഴക്കമ്പലം മാർക്കറ്റ് കെട്ടിടം പൂർണമായും ഒഴിപ്പിച്ചു
text_fieldsകിഴക്കമ്പലം: പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന മാർക്കറ്റിലെ ഷോപ്പിങ് കോപ്ലക്സിലെ മുഴുവൻ കടകളും ഒഴിപ്പിച്ചു. കോടതി വിധിയെത്തുടർന്ന് പഞ്ചായത്ത് അസി. സെക്രട്ടറി കെ.എൽ. ലിജി, കുന്നത്തുനാട് തഹസിൽദാർ, കുന്നത്തുനാട് എസ്.എച്ച്.ഒ എന്നിവരുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ ഒഴിപ്പിക്കുകയായിരുന്നു.
47 കടമുറികളിൽ പച്ചക്കറി കർഷകസംഘത്തിന്റെ ഓഫിസ് ഉൾപ്പെടെ നാല് കടമുറികളാണ് ഒഴിപ്പിച്ചത്. ചില കടയുടമകൾ ചെറുത്തുനിൽക്കാൻ ശ്രമിച്ചു.
ചിലർ സാവകാശം ചോദിച്ചങ്കിലും ഉടൻ ഒഴിയണമെന്ന നിലപാടിൽ അധികൃതർ ഉറച്ചുനിന്നു. തുടർന്ന് എല്ലാവരെയും ഒഴിപ്പിച്ച് മുറികൾ സീൽ ചെയ്യുകയായിരുന്നു. ഒരു വർഷം മുമ്പാണ് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് പുതുക്കിപ്പണിയുന്നതിന് പഞ്ചായത്ത്, കടയുടമകൾക്ക് നോട്ടീസ് നൽകിയത്.
അന്ന് ശക്തമായ പ്രതിഷേധമുയർന്നെങ്കിലും പിന്നീട് പല ഘട്ടങ്ങളിലായി പല കച്ചവടക്കാരും ഒഴിയുകയായിരുന്നു. തുടർന്ന് ലഭിച്ച പരാതിയിൽ കലക്ടർ ഇടപെടുകയും കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ, ബദൽ സംവിധാനം ഒരുക്കുന്നതുവരെ കച്ചവടം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാർ കോടതിയെ സമീപിച്ചു. ഹരജി കോടതി തള്ളിയതോടെയാണ് പഞ്ചായത്ത് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്.
ബദൽ സംവിധാനമില്ല; കർഷക സംഘം ഓഫിസ് പൂട്ടി
കിഴക്കമ്പലം: ബദൽ സംവിധാനം ഒരുക്കാതെ പച്ചക്കറി കർഷക സംഘം ഓഫിസ് പൂട്ടിയതോടെ ഇനി പ്രവർത്തിക്കാൻ കഴിയില്ലെന്ന് സംഘം പ്രസിഡന്റ് കെ.വി. ഹംസ പറഞ്ഞു. 2014ലാണ് സംഘം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ, കോടതി വിധിയുടെ മറവിൽ മുന്നറിയിപ്പൊന്നുമില്ലാതെ ശനിയാഴ്ച രാവിലെ ഓഫിസിലെ ഉപകരണങ്ങളും കണക്കുവിവരങ്ങളും എടുത്തുകൊണ്ട് പോകുകയും ഓഫിസ് പൂട്ടി സീൽ ചെയ്യുകയുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.