കൊച്ചി നഗരത്തിന് സ്വകാര്യബസിനെ പേടിയാണ്; 10 ദിവസത്തിനിടെ ബസ് കയറി മരിച്ചത് രണ്ടുപേർ
text_fieldsകൊച്ചി: ‘മദമിളകി വരുന്ന ആനകളെക്കാൾ അപകടകാരികളാണ് നഗരത്തിൽ സർവിസ് നടത്തുന്ന സ്വകാര്യബസുകൾ’എന്നൊരു പറച്ചിലുണ്ട് കൊച്ചി നഗരത്തിന്. പേടിയാണ് എല്ലാവർക്കും. സ്വകാര്യബസുകളിൽനിന്ന് മാറി നടക്കുന്ന മനുഷ്യരുള്ള നഗരമാണ് കൊച്ചി. മനുഷ്യജീവനുകൾക്ക് യാതൊരു വിലയും കൽപ്പിക്കാതെയാണ് ഓരോ ബസുകളും നഗരത്തിൽ സർവിസ് നടത്തുന്നത്. അമിത വേഗത്തിനൊപ്പം യാതൊരു നിയമവും പാലിക്കാതെയാണ് മിക്ക ബസുകളുടെയും സർവിസ്. കഴിഞ്ഞ 10 ദിവസത്തിനിടെ രണ്ടുപേരാണ് ബസ് കയറി മരിച്ചത്.
രാസലഹരി അടക്കം മാരക ലഹരി പദാർഥങ്ങൾ ഉപയോഗിച്ചാണ് മിക്കവരും ബസ് സർവിസ് നടത്തുന്നത്. കഴിഞ്ഞയാഴ്ചയാണ് രാസലഹരി ഉപയോഗിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ ഫോര്ട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച നഗരത്തിൽ സ്വകാര്യ ബസിന്റെ അമിതവേഗത്തിലും അശ്രദ്ധയിലുമാണ് കുടുംബം അനാഥമായത്. കൊച്ചി വൈപ്പിൻ സ്വദേശി ആന്റണിയാണ് (46) ബസ് കയറി മരിച്ചത്.
കഴിഞ്ഞയാഴ്ച റോഡ് മുറിച്ചുകടക്കവേ സ്വകാര്യ ബസ് കയറിയിറങ്ങി വീട്ടമ്മക്കാണ് ജീവൻ നഷ്ടമായത്. തമിഴ്നാട് സ്വദേശിനിയും വർഷങ്ങളായി കളമശ്ശേരി വിടാക്കുഴയിൽ താമസിക്കുന്ന പള്ളിപ്പാട്ടുപറമ്പ് വീട്ടിൽ അയ്യപ്പന്റെ ഭാര്യ ലക്ഷ്മിയാണ് (43) മരിച്ചത്. സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട ബസ് ഡ്രൈവർ സൗത്ത് ചെല്ലാനം സാമ്പ്രിക്കൽ വീട്ടിൽ (37) സെബാസ്റ്റ്യനെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം നടപടിയെടുക്കുന്ന സമീപനമാണ് പൊലീസിന്റേത്. തുടർനടപടികൾ ഇല്ലാത്തതാണ് ഓരോ തവണയും ജീവൻ നഷ്ടമാകാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.