മറൈൻഡ്രൈവിലെ സാമൂഹികവിരുദ്ധ ശല്യം; നഗരത്തിലിനി പൊലീസ് വക ഇലക്ട്രിക് ഹോവറിലും പട്രോളിങ്
text_fieldsകൊച്ചി: മെട്രോ നഗരത്തിൽ ഇലക്ട്രിക് ഹോവർ പട്രോളിങ്ങുമായി കൊച്ചി സിറ്റി പൊലീസ്. പൊതുജനങ്ങൾക്ക് എളുപ്പം സഹായം ലഭിക്കാനും തിരക്കേറിയ സ്ഥലങ്ങളിൽ പൊലീസ് സാന്നിധ്യം ഉറപ്പുവരുത്താനുമാണ് പുതിയ സേവനം ആരംഭിച്ചത്. മറൈൻ ഡ്രൈവ് വാട്ടർ മെട്രോ സ്റ്റേഷന് മുൻവശത്തെ വാക് വേയിൽ സിറ്റി പൊലീസ് കമീഷണർ എ.അക്ബർ പട്രോളിങ് ഫ്ലാഗ് ഓഫ് ചെയ്തു.
ഉദ്ഘാടനച്ചടങ്ങിൽ ഡെപ്യൂട്ടി കമീഷണർ സുദർശനനും സംബന്ധിച്ചു. രാവിലെയും ഉച്ചക്കും വൈകുന്നേരങ്ങളിലും മൂന്ന് ഷിഫ്റ്റായാണ് പട്രോളിങ് ആസൂത്രണം ചെയ്തിരിക്കുന്നത്. മറൈൻ ഡ്രൈവ് വാക് വേ മഴവിൽപാലം മുതൽ അബ്ദുൽ കലാം മാർഗ് വരെയുള്ള ഭാഗത്ത് സാമൂഹികവിരുദ്ധരുടെ ശല്യം ഒഴിവാക്കി സ്ത്രീകളും കുട്ടികളും അടക്കമുള്ള പൊതുജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാനാണ് ഹോവർ പട്രോളിങ്ങിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ, തിരക്കേറിയ വാക്വേകളിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തി പൊതുജനങ്ങളിൽ സുരക്ഷാബോധം സൃഷ്ടിക്കാനും പരാതികൾ എളുപ്പം കൈമാറാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.