കൊച്ചിക്കാരുടെ ഓരു വെള്ള ദുരിതത്തിന് പരിഹാരം കാണാൻ കൊച്ചി നഗരസഭ
text_fieldsകൊച്ചി: വേലിയേറ്റ സമയങ്ങളില്‍ വീടുകളില്‍ ഓരുവെള്ളം കയറുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാൻ ഒരുങ്ങി കൊച്ചി കോര്പറേഷന്. തുറമുഖ, തീരദേശ വികസനത്തിനായി നടപ്പാക്കുന്ന സാഗര്‍മാല പദ്ധതിയില്‍ വിഷയം ഉള്‍പ്പെടുത്തി പദ്ധതി ആവിഷ്കരിക്കണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്വഴി കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് മേയര്‍ അഡ്വ.എം. അനില്‍കുമാര്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. ഇതിനായി ബി.ജെ.പി കൗണ്‍സിലര്‍മാരുടെ സഹായവും ആവശ്യപ്പെട്ടു. മന്ത്രി പി.രാജീവ് വഴി സംസ്ഥാന സര്‍ക്കാരിലും വിഷയം ഉന്നയിക്കും.
കൊച്ചി നിവാസികള്‍ നേരിടുന്ന ഗുരുതര പ്രശ്നത്തിന് പരിഹാരം കാണാന്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മേയര്‍ അഭ്യര്‍ത്ഥിച്ചു. കോര്‍പറേഷന്റെ ഒട്ടേറെ ഡിവിഷനുകളെ ബാധിക്കുന്ന വിഷയം പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയും പ്രതിപക്ഷ കൗണ്‍സിലര്‍ അഭിലാഷ് തോപ്പിലും ചേര്‍ന്നാണ് പ്രമേയമായി അവതരിപ്പിച്ചത്.
പശ്ചിമകൊച്ചി മേഖലയില്‍ കായലോര ഡിവിഷനുകളിലും തേവര-പേരണ്ടൂര്‍ കനാലിനോട് ചേർന്ന ഡിവിഷനുകളിലുമാണ് ഓരുവെള്ള കയറ്റം രൂക്ഷമെന്ന് പ്രമേയത്തില്‍ പറയുന്നു. കായല്‍ തീരങ്ങളില്‍ സംരക്ഷണ ഭിത്തി ഇല്ലാത്തതും വെള്ളക്കയറ്റം തടയുന്നതിന് സ്ലുയിസുകള്‍ ഇല്ലാത്തതുമാണ് കാരണം. സ്ലുയിസുകളുടെ നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും ഭരണാനുമതി ലഭിച്ച സംരക്ഷണ ഭിത്തി നിര്‍മാണത്തിന് പണം കണ്ടെത്തേണ്ടതായുണ്ട്.
ഡിവിഷന് ഫണ്ടുകള്‍ക്ക് പുറമേ എംപി, എം.എൽ.എ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മുന്നോട്ടുവച്ചെങ്കിലും കേന്ദ്ര പദ്ധതിയിലൂടെ മാത്രമേ ശാശ്വത പരിഹാരം സാധ്യമാകൂ എന്ന് മേയര്‍ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.