കൊച്ചി കോർപറേഷൻ; ഓണത്തിനുമുമ്പ് റോഡിലെ കുഴികള്‍ അടക്കും
text_fieldsകൊച്ചി: ഓണത്തിന് മുമ്പായി കൊച്ചി കോർപറേഷൻ പരിധിയിലുള്ള റോഡുകളിലെ കുഴികള്‍ അടച്ച് ഗതാഗതം സുഗമമാക്കുന്നതിനായി അവലോകന യോഗം ചേര്‍ന്നു. കനത്ത മഴയെ തുടര്‍ന്ന് നഗരസഭ പരിധിയിലുളള പല റോഡുകളിലും കുഴികള്‍ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായി മാറിയിരുന്നു. എല്ലാ റോഡുകളുടെയും നിലവിലെ സ്ഥിതി അവലോകനം ചെയ്യുന്നതിനും അറ്റകുറ്റപ്പണി ആവശ്യമുള്ളവയുടെ പണികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനും തീരുമാനമായി.
മേയർ എം. അനിൽകുമാറിന്റെ ചേംബറിൽ ചേർന്ന യോഗത്തിൽ മേയർ അധ്യക്ഷത വഹിച്ചു. കോർപറേഷൻ പരിധിയില്‍ വരുന്ന അറ്റകുറ്റപ്പണി ആവശ്യമുള്ള മിക്ക കോര്പറേഷന് റോഡുകളുടെയും പ്രവൃത്തി പൂര്‍ത്തീകരിച്ചതായി സൂപ്രണ്ടിങ് എൻജിനീയര്‍ അറിയിച്ചു. നഗരസഭയുടെ ഏഴ് സോണല്‍ ഓഫിസുകള്‍ക്ക് കീഴില്‍ വരുന്ന 132 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചതായി അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. ഓണത്തിന് മുമ്പ് റോഡുകളുടെ കുഴികളടച്ച് ഗതാഗതം സുഗമമാക്കാൻ കഴിയുന്നത്ര പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും. ചില റോഡുകള്‍ റീ ടാര്‍ ചെയ്യാന്‍ സമയം കൂടുതല്‍ എടുക്കും. കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഡി.സി.പി കെ.എസ്. സുദര്ശന്, ആര്.ടി.ഒ, പൊതുമരാമത്ത്, നാഷനല്‍ ഹൈവേ അതോറിറ്റി, സി.എസ്.എം.എല്‍, കെ.എം.ആര്.എല്‍, ജി.സി.ഡി.എ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.