കൊച്ചി കോർപറേഷൻ; കോൺഗ്രസിലെ വി.കെ. മിനിമോൾ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ
text_fieldsകൊച്ചി: കൊച്ചി കോർപറേഷൻ മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഡ്വ. വി.കെ. മിനിമോൾക്ക് വിജയം. ഒമ്പതംഗ കമ്മിറ്റിയില്‍ അഞ്ച് വോട്ട് നേടിയാണ് മാമംഗലം (40) ഡിവിഷനിലെ മിനിമോള്‍ വിജയിച്ചത്. സി.പി.എം കൗൺസിലറായ ദീപ വര്‍മയായിരുന്നു എതിർസ്ഥാനാർഥി. നിലവിലെ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന ഏക സ്ഥിരംസമിതിയാണ് മരാമത്ത്.
വൈറ്റില ഡിവിഷന് കൗണ്‍സിലറും ആർ.എസ്.പി പ്രതിനിധിയുമായ സുനിത ഡിക്സണ്‍ രാജിവെച്ചതിനാൽ ഒഴിവുവന്ന അധ്യക്ഷ സ്ഥാനത്തേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസിനും സി.പി.എമ്മിനും തുല്യ അംഗബലമായതിനാൽ സുനിതയുടെ വോട്ടുതന്നെയാണ് മിനിമോളുടെ വിജയത്തിൽ നിര്‍ണായകമായത്. കൗൺസിലർമാരായ പയസ് ജോസഫ്, അഭിലാഷ് തോപ്പിൽ, സീന ടീച്ചർ എന്നിവരുടെ വോട്ടും മിനിമോൾക്ക് കിട്ടി.
രണ്ട് വര്‍ഷത്തിന് ശേഷം സ്ഥാനമൊഴിഞ്ഞ് കോൺഗ്രസിന് നൽകുമെന്ന ധാരണയിൽ യു.ഡി.എഫ് പ്രതിനിധിയായാണ് സുനിത ഡിക്സണ്‍ കമ്മിറ്റിയുടെ ചെയർപേഴ്സൻ സ്ഥാനം ഏറ്റെടുത്തത്. എന്നാൽ, രണ്ടരവര്‍ഷം കഴിഞ്ഞപ്പോള്‍ രാജിവെക്കാന്‍ യു.ഡി.എഫ് സുനിതയോട് ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് സുനിതക്കെതിരെ അവിശ്വാസം കൊണ്ടുവന്നു. കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന പാര്‍ട്ടി വിപ്പ് ലംഘിച്ച് സുനിത എൽ.ഡി.എഫിനൊപ്പം അവിശ്വാസ ചര്‍ച്ചയിൽനിന്ന് വിട്ടുനിന്നു. ഇതോടെ അവിശ്വാസം തള്ളിപ്പോകുകയും യു.ഡി.എഫിന്റെ പിന്തുണയില്ലാതെ സുനിത ചെയര്മാൻ സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.
ഇതിനിടെ വിപ്പ് ലംഘിച്ചതിന് ഇവർക്കെതിരെ ആർ.എസ്.പിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമീഷന് നല്കി. പരാതിയില്‍ ഹൈകോടതിയിൽനിന്ന് തിരിച്ചടി നേരിട്ടതോടെ പ്രതികൂല നടപടി വരുമെന്ന ഭയന്ന് ഏപ്രിലിൽ ചെയര്മാന് സ്ഥാനം രാജിവെക്കുകയായിരുന്നു. നേരത്തേ കോൺഗ്രസുകാരിയായിരുന്ന സുനിത കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ആർ.എസ്.പിക്ക് ഒപ്പം ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.