കൊച്ചി കോർപറേഷൻ സ്ഥിരംസമിതി ചെയർപേഴ്സൻ സുനിത ഡിക്സൺ രാജിവെച്ചു
text_fieldsകൊച്ചി: കൊച്ചി കോർപറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും ആർ.എസ്.പി കൗൺസിലറുമായ സുനിത ഡിക്സൺ ചെയർപേഴ്സൻ സ്ഥാനം രാജിവെച്ചു. കഴിഞ്ഞ വർഷം രാജി വിവാദങ്ങൾ അരങ്ങേറിയിരുന്നെങ്കിലും ഒരുവർഷം പിന്നിടുമ്പോൾ അപ്രതീക്ഷിതമായാണ് രാജിനീക്കം.
കഴിഞ്ഞ ജനുവരിയിൽ ഇവരുടെ രാജി യു.ഡി.എഫ് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാത്തതിനെ തുടർന്ന് വലിയ വിവാദങ്ങളുണ്ടായിരുന്നു. പിന്നാലെ ഇവർക്കെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയനീക്കവുമുണ്ടായിരുന്നുവെങ്കിലും അന്ന് നീക്കം പാളി. ഒന്നരവർഷത്തിനുശേഷം യു.ഡി.എഫിലെ മറ്റൊരു അംഗത്തിന് അധ്യക്ഷസ്ഥാനം നൽകാൻ ധാരണയുണ്ടെന്ന വാദമുയർത്തിയാണ് കഴിഞ്ഞ വർഷം ഇവരോട് യു.ഡി.എഫ് രാജി ആവശ്യപ്പെട്ടത്. എന്നാൽ, രാജിവെക്കില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയായിരുന്നു സുനിത ഡിക്സൺ. തുടർന്നാണ് ഇവർക്കെതിരെ അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയത്. എന്നാൽ, അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ ചേർന്ന പൊതുമരാമത്ത് കമ്മിറ്റി യോഗം ക്വാറം തികയാതെ പിരിഞ്ഞു. എൽ.ഡി.എഫിന്റെ നാലു അംഗങ്ങളും സുനിത ഡിക്സണും യോഗത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് അവിശ്വാസം ചർച്ച ചെയ്യാതെ പിരിയുകയായിരുന്നു.
ഇതിനു പിന്നാലെ സുനിതക്കെതിരെ കമ്മിറ്റിയിലെ കോൺഗ്രസ് അംഗങ്ങളിലൊരാളായ അഡ്വ.വി.കെ. മിനിമോൾ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തു. ഇതിനെതിരെ സുനിത ഹൈകോടതിയെ സമീപിച്ചെങ്കിലും ആദ്യതവണ ഹരജി തള്ളിയതായി വി.കെ. മിനിമോൾ ചൂണ്ടിക്കാട്ടി. തുടർന്ന് വീണ്ടും കോടതിയിൽ അപ്പീൽ നൽകിയതിന്റെ അടിസ്ഥാനത്തിൽ മെയ് 15വരെ കേസ് നടപടികൾ സ്റ്റേ ചെയ്തിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. കേസിൽ പ്രതികൂല വിധിയുണ്ടാകുമെന്ന ഭയത്താലാണ് അപ്രതീക്ഷിത രാജിയെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. നേരത്തെ കോൺഗ്രസുകാരിയായിരുന്ന സുനിത കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ആർ.എസ്.പിക്ക് ഒപ്പം ചേർന്നത്. പാർട്ടിയുടെ ജില്ലയിലെ ഒരേയൊരു ജനപ്രതിനിധിയാണ്. രാജി സംബന്ധിച്ച പ്രതികരണത്തിനായി സുനിതയെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.