ഒരുമാസം തരൂ, കൊതുകിനെ തുരത്താമെന്ന് കോർപറേഷൻ
text_fieldsകൊച്ചി: ഫെബ്രുവരി ഒന്നിന് തുടങ്ങി ഒരുമാസം കൊണ്ട് കൊച്ചിയിലെ കൊതുകുശല്യത്തിന് പരിഹാരമുണ്ടാക്കുമെന്ന് കൗൺസിൽ യോഗത്തിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്റെ ഉറപ്പ്. വൃശ്ചിക വേലിയേറ്റത്തിൽ ഇക്കുറി നഗരത്തിലെ കനാലുകളിലേക്ക് എത്തിയ അഴുക്കുജലമാണ് കൊതുക് പെരുകാൻ കാരണം. കിഴക്കന്‍മേഖലയില്‍ ആറ് വാഹനത്തിലും പടിഞ്ഞാറന്‍ മേഖലയില്‍ നാല് വാഹനത്തിലുമായി ഫോഗിങ്ങും പവര്‍ സ്പ്രേയിങും ആരംഭിച്ചു. ഭരണ-പ്രതിപക്ഷ ഭേദമന്യേ കൊതുകുശല്യം ഏറിയതിൽ വലിയ പ്രതിഷേധം യോഗത്തിൽ ഉയർന്നു. കൗണ്‍സില്‍ ചുമതലയേറ്റശേഷം കൊതുകുനശീകരണത്തിന് മാസ് വര്‍ക്ക് ആരംഭിച്ചിരുന്നെന്ന് മേയർ എം. അനിൽകുമാർ പറഞ്ഞു. ഹീല്‍ പദ്ധതിയുടെ ഭാഗമായി മൂന്ന് ജീവനക്കാരെ നിയോഗിച്ചിരുന്നു. കൊതുക് വളരുന്ന ഇടങ്ങളില്‍ ഏഴുദിവസത്തെ ഇടവേളയില്‍ മരുന്ന് സ്പ്രേ ചെയ്യുന്നതായിരുന്നു അന്ന് സ്വീകരിച്ച രീതി. അതിനാല്‍തന്നെ ആ സന്ദര്‍ഭത്തില്‍ കൊതുകുശല്യം നല്ല രീതിയില്‍ കുറഞ്ഞിരുന്നു.
നിലവിൽ കൊതുകുശല്യം പൂര്‍ണമായി പരിഹരിക്കാൻ നഗരത്തില്‍ സ്വീവേജ് പദ്ധതി നടപ്പാക്കണം. സെപ്ടിക് ടാങ്കുകളും വെന്റ് പൈപ്പുകളുമാണ് കൊതുക് ഉത്പാദനത്തിന് പ്രധാനപ്പെട്ട കാരണം. രാവിലെ അഞ്ചുമുതല്‍ ഏഴുവരെ ഫോഗിങ്ങും 7.30 മുതല്‍ 12 വരെ അതേയിടത്തുതന്നെ പവര്സ്പ്രേയിങ്ങും നടത്തുമെന്ന് ഹെല്‍ത്ത് കമ്മിറ്റി ചെയര്മാന് ടി.കെ. അഷ്റഫ് അറിയിച്ചു. ഇതുകൂടാതെ, വൈകീട്ട് ആറുമുതല്‍ 7.30 വരെ വാഹനങ്ങള്‍ക്ക് കടന്നുചെല്ലാനാവാത്ത ചതുപ്പ് പ്രദേശങ്ങളിലുള്‍പ്പെടെ ഹീല്‍ പദ്ധതിപ്രകാരം നിയോഗിച്ച തൊഴിലാളികള്‍ ഹാൻഡ് സ്പ്രേയിങ്ങും നടത്തും. ഇതിനൊക്കെ പുറമെ, നഗരത്തില്‍ സാധാരണ നടന്നുവരുന്ന വലിയ വാഹനത്തിലുള്ള ഫോഗിങ്ങും തടസ്സം കൂടാതെ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.