കൊച്ചി മെട്രോ; കാക്കനാട് പാതയൊരുങ്ങുന്നു
text_fieldsകൊച്ചി: ജെ.എൽ.എൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിനുള്ള നടപടി പുരോഗമിക്കുന്നു. പാലാരിവട്ടം മുതൽ ചെമ്പുമുക്ക് വരെയുള്ള ഭാഗത്ത് ഡക്ട്, ഡ്രെയിൻ എന്നിവയുടെ നിർമാണം 90 ശതമാനത്തോളം പൂർത്തിയായി. റോഡ് നിർമാണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാകും. പാലാരിവട്ടം മുതൽ ചെമ്പ്മുക്ക് വരെയുള്ള റോഡ് വീതികൂട്ടൽ ഇതിൽ ഉൾപ്പെടും.
കൊച്ചിൻ സെസ് (സ്പെഷൽ ഇക്കണോമിക് സോൺ) സ്റ്റേഷനിലെ പ്രവേശനത്തിനും പുറത്തേക്ക് പോകാനുമുള്ള ഭാഗങ്ങളുടെ പൈലിങ് അവസാനിച്ചു. കാക്കനാട് സ്റ്റേഷന്റെ പൈലിങ്ങിന് മുന്നോടിയായുള്ള നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ചിറ്റേത്തുകര, കിൻഫ്ര, ഇൻഫോപാർക്ക് സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് മേഖലയുടെ പൈലിങ്ങിനുള്ള നിർമാണത്തിനുള്ള അനുമതിയായി.
പാതയിലെ വയഡക്ടുകളുടെ നിർമാണ ടെൻഡർ നവംബർ പകുതിയോടെ തുറക്കും. നടപടി പുരോഗമിക്കുകയാണ്. പാതയിലെ പ്രാരംഭഘട്ട പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. സ്റ്റേഷനുകൾക്കായുള്ള ഭൂമി അളന്ന് വില നിശ്ചയിക്കാനുള്ള വിജ്ഞാപനം വന്നിട്ടുണ്ട്. അതിന്റെ നടപടി ഉടൻ പൂർത്തീകരിക്കും. പിങ്ക് ലൈൻ എന്നാണ് രണ്ടാംഘട്ട പാതയെ വിശേഷിപ്പിക്കുന്നത്. പ്രധാന നിർമാണ പ്രവർത്തനങ്ങൾ ഡിസംബറിൽ തുടങ്ങി 2025 ഡിസംബറിൽ പൂർത്തീകരിച്ച് സർവിസ് ആരംഭിക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ലക്ഷ്യമിടുന്നത്.
നിര്‍മാണ ജോലി 20മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. സിഗ്നല്‍ സംവിധാനങ്ങള്‍ അടക്കമുള്ള സാങ്കേതിക ജോലിക്കായി നാലുമാസംകൂടി ആവശ്യമായി വരും. ഒരേസമയം ആറ് സ്ഥലങ്ങളില്‍ നിര്‍മാണം കേന്ദ്രീകരിക്കും. കൊച്ചി മെട്രോ രണ്ടാംഘട്ട പദ്ധതിയുടെ ചെലവ് 1957 കോടിയാണ്. കേന്ദ്ര സർക്കാർ 338.75 കോടിയും കേരള സർക്കാർ 555.18 കോടിയും അനുവദിക്കും.
പദ്ധതിയുടെ ഫണ്ടിങ് ഏജൻസിയ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മന്റെ് ബാങ്ക്(എ.ഐ.ഐ.ബി) 1016.24 കോടിയാണ് അനുവദിക്കുക. 46.88 കോടി പി.പി.പി മാതൃകയിൽ സമാഹരിക്കും. അതേസമയം, ജലമെട്രോ ചിറ്റൂർ റൂട്ടിൽ സർവിസ് ആരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. നിലവിൽ 12 ബോട്ടുകളാണ് ജലമെട്രോ സർവിസിനുള്ളത്. ബോട്ടുകളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ചായിരിക്കും കൂടുതൽ റൂട്ടുകളിലേക്കുള്ള സർവിസുകൾ ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.