രണ്ടാംഘട്ട പിങ്ക് ലൈൻ നിർമാണത്തിലേക്ക് അതിവേഗം; അകലങ്ങളിലേക്ക് അടുപ്പിച്ച് കൊച്ചി മെട്രോ
text_fieldsകൊച്ചി: ജെ.എൽ.എൻ സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന രണ്ടാം ഘട്ട (പിങ്ക് ലൈൻ) നിർമാണത്തിലേക്ക് കൊച്ചി മെട്രോ അതിവേഗമടുക്കുന്നു. റോഡ് വീതികൂട്ടലടക്കം മുന്നൊരുക്ക പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ജെ.എൽ.എൻ സ്റ്റേഡിയം മുതൽ പാലാരിവട്ടം ജങ്ഷൻ വരെ സ്ഥലമേറ്റെടുക്കൽ നടക്കുന്നുണ്ട്. ഇത് രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു. റോഡ് വീതികൂട്ടലിനുള്ള തയാറെടുപ്പ് പ്രവൃത്തികളും രണ്ട് മാസത്തിനകം പൂർത്തീകരിക്കും. സിവിൽ സ്റ്റേഷൻ ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക് എന്നിവിടങ്ങളിലെ സ്റ്റേഷൻ എൻട്രി/എക്സിറ്റ് കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇത് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്. ഇതിന്റെ നിർമാണ പ്രവൃത്തികൾ വിവിധ കൺസ്ട്രക്ഷൻ കമ്പനികളെ ഏൽപിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിലെ വയഡക്ടുകൾ, സ്റ്റേഷനുകൾ എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട ജിയോടെക്നിക്കൽ പ്രവൃത്തിയും ധൃതഗതിയിൽ പുരോഗമിക്കുകയാണ്. ടോപ്പോഗ്രഫി സർവേ ജോലികൾ പൂർത്തിയായി. അലൈൻമെന്റെ് ഉടൻ അന്തിമഘട്ടത്തിലെത്തും. രണ്ട് ടെസ്റ്റ് പൈലുകൾ പൂർത്തീകരിക്കുകയും മറ്റൊരെണ്ണം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കുകയും ചെയ്യും. മറ്റ് രണ്ട് ടെസ്റ്റ് പൈലുകൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ വയഡക്ടുകൾക്കുള്ള കൂടുതൽ പൈലുകളുടെ നിർമാണം ആരംഭിക്കും. കളമശ്ശേരി എച്ച്.എം.ടി ഭൂമിയിൽ നിർമാണ പ്രവൃത്തികൾക്കുള്ള കാസ്റ്റിങ് യാർഡ് സ്ഥാപിക്കുന്നത് അന്തിമഘട്ടത്തിലാണ്. ആദ്യ യു ഗർഡർ സെപ്റ്റംബർ ആദ്യ ആഴ്ചയിൽ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കെ.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി.
കൂടുതൽ ടെൻഡറുകൾ സെപ്റ്റംബർ ആദ്യവാരം
നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ ടെൻഡറുകൾ സെപ്റ്റംബർ ആദ്യവാരത്തിൽ നടക്കുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി. ആർകിടെക്ചറൽ ജോലികൾ, അഞ്ച് സ്റ്റേഷനുകളുടെ എൻട്രി/ എക്സിറ്റ് ബിൽഡിങുകളുടെ നിർമാണം, ട്രാക്ക്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ജോലികൾ എന്നിവയൊക്കെയാണ് ഇതിൽ ഉൾപ്പെടുക. നിർമാണം ആരംഭിക്കുമ്പോൾ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുമെന്ന് അധികൃതർ മുൻകൂട്ടി അറിയിച്ചിരുന്നു. ഇത് പ്രകാരം വഴിതിരിച്ചുവിടേണ്ട റോഡുകൾ ഏതൊക്കെയാണെന്ന് തീരുമാനിച്ചിട്ടുണ്ട്. പ്രധാന റോഡ് അടച്ചിടില്ലെങ്കിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വേണ്ടിയാണ് സമാന്തര റോഡുകൾ പ്രയോജനപ്പെടുത്തുന്നത്.
വായ്പ കരാർ രണ്ടുമാസത്തിനുള്ളിൽ
രണ്ടാം ഘട്ടത്തിന് ആവശ്യമായ തുക ലഭിക്കുന്നതിന് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ്ബാങ്കുമായി (എ.ഐ.ഐ.ബി) വായ്പ കരാർ രണ്ട് മാസത്തിനുള്ളിൽ ഒപ്പുവെക്കും. 11.2 കിലോമീറ്റർ ദൂരത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ നിന്നാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗൾ, സിവിൽ സ്റ്റേഷൻ ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി എന്നിങ്ങനെയാണ് സ്റ്റേഷനുകൾ.
സ്റ്റേഷനുകൾ ഇവ:
പാലാരിവട്ടം ജങ്ഷൻ, ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുഗൾ, സിവിൽ സ്റ്റേഷൻ ജങ്ഷൻ, കൊച്ചിൻ സെസ്, ചിറ്റേത്തുകര, കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.