കൊച്ചി മെട്രോ രണ്ടാം ഘട്ടം; ട്രെയിൻ ഓടും മുമ്പ് റോഡ് നന്നാക്കണം
text_fieldsകാക്കനാട്: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന് മുന്നോടിയായി റോഡുകൾ അത്യാധുനിക നിലവാരത്തിൽ നവീകരിക്കണമെന്ന് തൃക്കാക്കര നഗരസഭ കൗൺസിലർമാർ. നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടാകാൻ ഇടയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്, പകരം സംവിധാനം ഒരുക്കേണ്ട റോഡുകൾ നവീകരിക്കണമെന്നായിരുന്നു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ കൗൺസിലർമാർ ആവശ്യപ്പെട്ടത്. ഏതൊക്കെ റോഡുകളാണ് പകരം ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച് നഗരസഭ മാസ്റ്റർ പ്ലാൻ തയാറാക്കി നൽകും.
നിർമാണവുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കും ഓട്ടോറിക്ഷ തൊഴിലാളികൾക്കുമുള്ള ആശങ്കകൾ പരിഹരിക്കണമെന്നും നഗരസഭ അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷത്തെ മഴയിൽ തകർന്ന ചെമ്പുമുക്ക് അട്ടിപ്പേറ്റി നഗർ റോഡ് പുനർ നിർമിച്ച ശേഷമേ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാവൂവെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. രണ്ടാംഘട്ട വികസനത്തിൽ തൃക്കാക്കര നഗരസഭയിലാണ് കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ വേണ്ടി വരിക. ഇത് ഒരേസമയം പലയിടത്ത് ചെയ്യുന്നതിന് പകരം തുടർച്ചയായി തന്നെ പൂർത്തിയാക്കണമെന്ന് ജനപ്രതിനിധികൾ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും ആശങ്കകളും അറിയിക്കുന്നതിനായി ഉത്തരവാദിത്തപ്പെട്ട ആരെയെങ്കിലും ചുമതലപ്പെടുത്തണമെന്നും ആവശ്യമുയർന്നു.
ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ കലൂരിലെ കൊച്ചി മെട്രോ ഓഫിസിലായിരുന്നു യോഗം. ഉമാ തോമസ് എം.എൽ.എ, തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ, കലക്ടർ ഡോ. രേണുരാജ്, കൊച്ചി സിറ്റി പൊലീസ് കമീഷണർ സി. നാഗരാജു, കൊച്ചി മെട്രോ എം.ഡി ലോക് നാഥ് ബെഹ്റ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.