യാത്രക്കാരുടെ എണ്ണം ഒരുലക്ഷമാക്കാൻ കൊച്ചി മെട്രോ
text_fieldsകൊച്ചി: യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വർധന എന്ന ലക്ഷ്യവുമായി കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്ത് കൊച്ചി മെട്രോ. പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിച്ച് നിലവിലെ പ്രവര്‍ത്തന നഷ്ടം കുറക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് നടപടികൾ.
പൊതുജനങ്ങളെ ആകർഷിക്കാൻ പുതിയ ട്രാവല്‍ പാസ്, വിദ്യാർഥികൾക്ക് കൂടുതൽ ഡിസ്കൗണ്ട്, ഇന്ററാക്ടീവ് മൊബൈല്‍ ആപ്, കൂടുതൽ ജനകീയമാക്കാൻ എഫ്.എം റേഡിയോ തുടങ്ങിയ പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. കോവിഡ് ലോക്ഡൗണും നിയന്ത്രണങ്ങളും മൂലം യാത്രക്കാരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിരുന്നു. പ്രതിദിനം 70,000 ആയിരുന്നു കോവിഡിന് മുമ്പ് പ്രതിദിന യാത്രക്കാരുടെ എണ്ണം. എന്നാൽ, ലോക്ഡൗൺ വന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. തുടർന്ന് ജനജീവിതം സാധാരണ നിലയിലെത്തിയപ്പോൾ മുതൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന പ്രകടമായി തുടങ്ങി. ശനിയാഴ്ച 71,560 പേരാണ് മെട്രോയില്‍ യാത്ര ചെയ്തത്.
• വിഷുവിന് പുതിയ ട്രാവൽ പാസ്
യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന് വിഷുവിന് കൊച്ചി മെട്രോ പുതിയ ട്രാവൽ പാസ് പുറത്തിറക്കും. ഏഴ്ദിവസം, 15ദിവസം, 30 ദിവസം, 45 ദിവസം എന്നിങ്ങനെ വിവിധ കാലയളവിലേക്കുള്ള ട്രാവല്‍ പാസുകളാണ് പുറത്തിറക്കുക. ഡിസ്‌കൗണ്ടോടുകൂടിയാകും ഈ പാസ് യാഥാർഥ്യമാകുക.
പാസിന്റെ കാലവധിക്കുള്ളില്‍ ഏതു സ്റ്റേഷനില്‍ നിന്ന് ഏതു സ്റ്റേഷനിലേക്കും എത്ര യാത്രകള്‍ വേണമെങ്കിലും ചെയ്യാം. ഏതു സ്റ്റേഷനില്‍നിന്നും ഇതുവാങ്ങാം. കസ്റ്റമര്‍ രജിസ്‌ട്രേഷനോ, കെ.വൈസി, രേഖകളോ ആവശ്യമില്ല. ട്രാവല്‍ പാസില്‍ ഉപയോഗിക്കാത്ത പണം ബാക്കിയുണ്ടെങ്കില്‍ അത് റീഫണ്ട് ചെയ്യാം.
• സംയോജിത ഗതാഗത മാർഗങ്ങൾക്ക് പരിഗണന
സൈക്കിള്‍, ഇലക്ട്രിക്ഓട്ടോ, ഇലക്ട്രിക് ബസുകള്‍ എന്നിവയുടെ സംയോജിത ഉപയോഗത്തിലൂടെ ഫസ്റ്റ് മൈല്‍, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി കൂടുതല്‍ വര്‍ധിപ്പിക്കാനാണ് പദ്ധതി. ഇത്തരത്തിൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കഴിയുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു. ഒമ്പത് ഇലക്ട്രിക് ബസുകളും 200 ഓട്ടോറിക്ഷകളും ഇതിനായി പ്രാരംഭമായി സര്‍വിസ് നടത്തും. നാല് ഇലക്ട്രിക് ബസുകള്‍ മൂന്ന് റൂട്ടുകളിലായി പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്.
ആലുവ-അങ്കമാലി, ആലുവ- പറവൂര്‍ റൂട്ടുകളില്‍ ഓരോ ബസ് വീതവും ആലുവ- നെടുമ്പാശ്ശേരി റൂട്ടില്‍ രണ്ട് ബസ് വീതവും ഇപ്പോള്‍ സര്‍വിസ് നടത്തുന്നുണ്ട്. ആലുവ-നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് സര്‍വിസുകള്‍ ഉണ്ടാകും. 10 ഹൈഡ്രജന്‍ ബസുകള്‍ ഈ ആവശ്യത്തിനായി വാങ്ങാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനുള്ള ടെൻഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
• വിദ്യാർഥികൾക്ക് കൂടുതൽ ഡിസ്കൗണ്ടും മൊബൈൽ ആപ്പും
വിദ്യാർഥികൾക്കായി പദ്ധതികൾ ആവിഷ്കരിച്ചതോടെ നല്ല പ്രതികരണം ലഭിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ വിദ്യാർഥികളെ ആകര്‍ഷിക്കാന്‍ അടുത്ത അക്കാദമിക് വര്‍ഷം മുതൽ പുതിയ ഡിസ്‌കൗണ്ട് സ്‌കീമുകള്‍ ആരംഭിക്കാനാണ് പദ്ധതി. ട്രാവല്‍ പ്ലാന്‍ ചെയ്യാനും ബുക്കിങിനുമൊക്ക സഹായിക്കുന്ന പുതിയ മൊബൈല്‍ ആപ്പും കൊച്ചി മെട്രോ വികസിപ്പിച്ചുവരികയാണ്. സ്വന്തമായി എഫ്.എം റേഡിയോ ആരംഭിക്കാനും ലക്ഷ്യമിടുന്നു. കൊച്ചിയിലെ ഗതാഗതക്കുരുക്കുകള്‍ റോഡുകളിലെ തിരക്കുകള്‍ തുടങ്ങിയവ മുന്‍കൂട്ടി അറിഞ്ഞ് അതിനനുസരിച്ച് ട്രാവല്‍ പ്ലാന്‍ ചെയ്യാന്‍ സഹായിക്കുന്ന സംവിധാനവും ആലോചിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.