കൺസൾട്ടൻസി ഫീസായി കോടികൾ ചെലവഴിച്ച് കൊച്ചി നഗരസഭ
text_fieldsകൊച്ചി: വിവിധ പദ്ധതികൾക്ക് കൊച്ചി നഗരസഭ കൺസൾട്ടൻസി ഫീസായിമാത്രം നൽകുന്നത് കോടികൾ. നഗരസഭയുടെ സ്മാർട്ട് മിഷൻ പദ്ധതിയുമായി (സി.എസ്.എം.എൽ) ബന്ധപെട്ട് കൺസൾട്ടൻസി ചാർജായി നൽകിയത് 33.21 കോടിരൂപയാണ്. വിവരാവകാശ നിയമപ്രകാരം കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് ജനറൽ മാനേജർ നൽകിയ മറുപടിയിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയിരിക്കുന്നത്.
2022 ഒക്ടോബർ 31ലെ കണക്കുപ്രകാരം 33,20,15,350 രൂപയാണ് മൂന്ന് ഏജൻസികൾക്ക് മാത്രം കൺസൾട്ടൻസി ചാർജ് നൽകിയത്. സി.എസ്.എം.എൽ പദ്ധതിക്ക് കൺസോർഷ്യം ഓഫ് ഐ.പി.ഇ ഗ്ലോബൽ ലിമിറ്റഡിന് 25.30 കോടിയും കെ.എം.ആർ.എല്ലിന് 5.46 കോടിരൂപയും കെ.ഐ.ഐ.എഫ്.ബിക്ക് 2.44 കോടിരൂപയും കൺസൾട്ടൻസി ചാർജ് നൽകിയതായി രേഖകൾ വ്യക്തമാക്കുന്നു.
2015 ജൂൺ 25-നാണ് പ്രധാനമന്ത്രി സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതി പ്രഖ്യാപിച്ചത്. ഇന്ത്യാ ഗവൺമെന്റിന്റെ സ്മാർട്ട് സിറ്റീസ് മിഷനു കീഴിൽ തിരഞ്ഞെടുത്ത ആദ്യത്തെ 20 നഗരങ്ങളിലാണ് കൊച്ചിയും ഉൾപ്പെട്ടത്. പ്രദേശാധിഷ്ഠിത വികസന തന്ത്രങ്ങളിലൂടെ നിലവിലുള്ള നഗര ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുയാണ് സ്മാർട്ട് സിറ്റി മിഷൻ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന നഗരങ്ങളെ പ്രോത്സാഹിപ്പിക്കുകയും പൗരന്മാർക്ക് മാന്യമായ ജീവിത നിലവാരം നൽകുകയും വൃത്തിയുള്ളതും സുസ്ഥിരവുമായ അന്തരീക്ഷവും 'സ്മാർട്ട്' സൊല്യൂഷനുകളുടെ പ്രയോഗവുമാണ് മാർട്ട് സിറ്റിസ് മിഷന്റെ ലക്ഷ്യം. ഇതിനായി 2022 ഒക്ടോബറിലെ കണക്കുപ്രകാരം കൊച്ചി നഗരസഭക്ക് 592 കോടിരൂപ ലഭിച്ചതായും ഇതിൽ 458 കോടിരൂപ ചെലവായതായും വിവരാവകാശരേഖ വ്യക്തമാക്കുന്നു.
2020ൽ തീർക്കേണ്ട പദ്ധതിക്കായി 1500 കോടിരൂപയാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിൽ 1000കോടി കേന്ദ്രഗവൺമെന്റ് നൽകുമെന്നും ബാക്കി 500 കോടി വിവിധ ഏജൻസികൾ നൽകുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ പദ്ധതി പ്രഖ്യാപിച്ച് ഏഴുവർഷം കഴിഞ്ഞിട്ടും 458 കോടിരൂപമാത്രമാണ് ലഭിച്ചത്. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കാത്തതിനാലാണ് 1000 കോടി രൂപ നഷ്ടപെട്ടത്. ഇതിൽ തന്നെ കൺസൾട്ടൻസിക്ക് വേണ്ടിമാത്രം 33.21 കോടിചെലവഴിച്ചതിലാണ് ദുരൂഹത നിറയുന്നത്. കൺസൾട്ടൻസി ഫീസ് ഇനത്തിൽ വൻ തുക ചെലവഴിക്കുന്നതിനു പിന്നിൽ വ്യക്തമായ അഴിമതിയാണന്ന് നഗരസഭ പ്രതിപക്ഷനേതാവ് ആന്റണി കുരീത്തറ ‘മാധ്യമ’ത്തോട് പറഞ്ഞു. കൺസൾട്ടൻസി നിർദ്ദേശിക്കുന്ന പദ്ധതികൾക്ക് പിന്നീട് ടെണ്ടർ വിളിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സി.എസ്.എം.എൽ പദ്ധതിക്ക് അതേ സ്വഭാവത്തിലുള്ള കെ.എം.ആർ.എല്ലിനെയും കെ.ഐ.ഐ.എഫ്.ബിയെയും മറ്റും കൺസൾട്ടൻസി ഏൽപിക്കുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.