‘ചൂലാല വെറും ചൂലല്ല’ ശിൽപശാല
text_fieldsകൊച്ചി: മുസ്രിസ് ബിനാലെയുടെ അടിസ്ഥാന തത്ത്വത്തെ സാർഥകമാക്കുന്നതായി ഫോർട്ട്കൊച്ചി കബ്രാൾ യാർഡിലെ ആർട്ട്റൂമിൽ സംഘടിപ്പിച്ച ‘ചൂലാല വെറും ചൂലല്ല’ ശിൽപശാല. കാഴ്ചയില്ലാത്തവർക്ക് വരുമാനം കണ്ടെത്താൻ കാഞ്ഞിരമറ്റം സ്വദേശിയായ ഡിസൈനർ ലക്ഷ്മി മേനോൻ ആവിഷ്കരിച്ച ‘ചൂലാല’ എന്ന ആശയം പ്രയോഗതലത്തിലാകുന്ന വിധം വ്യക്തമാക്കിയ ശിൽപശാല ശ്രദ്ധ പിടിച്ചുപറ്റി.
കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡിന്റെ പോത്താനിക്കാട് ട്രെയിനിങ് കം പ്രൊഡക്ഷൻ കേന്ദ്രത്തിലെ ഒരുപറ്റം സ്ത്രീകൾക്ക് വരുമാനമാർഗം ആവിഷ്കരിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് രണ്ടുമാസം മുമ്പ് ചൂലാലയുടെ തുടക്കം. ഈർക്കിൽ കോർത്തും നെയ്തും തയാറാക്കുന്ന ചെറിയ ചൂലുകളാണ് ചൂലാല. ഇത് അലങ്കാര വസ്തുവായും ഉപയോഗിക്കാം. മറ്റുസംസ്ഥാനങ്ങളിൽ നിന്നുവരുന്ന ചൂലിന് പകരം നമ്മുടെ ഈർക്കിൽ ചൂലുകൾ കൂടുതൽ വ്യാപകമാക്കാനും ശാരീരിക പരിമിതികളുള്ളവർക്ക് വരുമാന വർധന ഉണ്ടാക്കാനുമുള്ള ശ്രമങ്ങളിലാണ് ലക്ഷ്മി. ബിനാലെയിൽ ലഭിച്ച അവസരം ആ ദിശയിൽ പ്രയോജനപ്പെടുമെന്നും അവർ പറഞ്ഞു.
കൊച്ചി ബിനാലെ മഹത്തായ കലാപ്രദർശനം -ജർമൻ അംബാസഡർ
കൊച്ചി: ലോകത്തെ തന്നെ മഹത്തായ കലാപ്രദർശനമാണ് കൊച്ചി മുസ്രിസ് ബിനാലെയെന്ന് ഇന്ത്യയിലെ ജർമൻ അംബാസഡറും കലാചരിത്ര പണ്ഡിതനുമായ ഡോ. ഫിലിപ് അക്കർമാൻ. കരുത്തും ഓജസ്സുമുറ്റ രാഷ്ട്രീയം ഉൾക്കൊള്ളുന്ന സൃഷ്ടികളാണ് ബിനാലെയിൽ ദൃശ്യമാകുന്നത്. രണ്ടുദിവസം വിശദമായി കലാവതരണങ്ങൾ വിലയിരുത്തിയ അദ്ദേഹം കേരളത്തിന് എന്തുകൊണ്ടും അഭിമാനിക്കാനാകുന്ന സംരംഭമാണ് ബിനാലെയെന്ന് അഭിപ്രായപ്പെട്ടു. ഡോ. ഫിലിപ് അക്കർമാനെ ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസിൽ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.