ലൈസൻസില്ലെങ്കിൽ 10 മുതൽ കൊച്ചിയിൽ വഴിയോരക്കച്ചവടം പാടില്ല -ഹൈകോടതി
text_fieldsകൊച്ചി: ലൈസൻസില്ലാത്തവരെ ഈ മാസം 10 മുതൽ കൊച്ചി നഗരത്തിൽ വഴിയോരക്കച്ചവടത്തിന് അനുവദിക്കരുതെന്ന് ഹൈകോടതി.
വിവിധ ഡിവിഷനുകളിൽ രൂപം നൽകിയ ജാഗ്രത സമിതികൾ അനധികൃതമായി വഴിയോരക്കച്ചവടം നടക്കുന്നുണ്ടോയെന്ന് പരിശോധിച്ച് വിവരം നഗരസഭയെ അറിയിക്കുകയും നഗരസഭ ഇതിന്മേൽ നടപടിയെടുക്കുകയും വേണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ കർശന നിർദേശം നൽകി.
ഇതിന് പൊലീസിെൻറയോ മറ്റോ സഹായം ആവശ്യമെങ്കിൽ കൊച്ചി സിറ്റി പൊലീസ് കമീഷണറെയോ കലക്ടറെയോ വിവരം അറിയിക്കുകയും അവർ അത് നൽകുകയും വേണമെന്നും ഉത്തരവിൽ പറയുന്നു. കൊച്ചി നഗരത്തിലെ അനധികൃത വഴിയോരക്കച്ചവടങ്ങൾ തടയണമെന്നതടക്കം ആവശ്യപ്പെടുന്ന ഒരുകൂട്ടം ഹരജികളിലാണ് ഉത്തരവ്.
ലൈസൻസ് (വെൻഡിങ് ലൈസൻസ്) ഉള്ളവർ സ്ട്രീറ്റ് വെൻഡിങ് പ്ലാൻ പ്രകാരം അനുവദിച്ച മേഖലയിൽ മാത്രമേ കച്ചവടം നടത്താവൂവെന്നും ഉത്തരവിൽ പറയുന്നു. കച്ചവടക്കാർ ലൈസൻസ് എപ്പോഴും കൈയിൽ കരുതുകയും പരിശോധനക്ക് ആവശ്യപ്പെട്ടാൽ നൽകുകയും വേണം. ഡിസംബർ 30 വരെയുള്ള കണക്കനുസരിച്ച് 1070 പേർക്കാണ് വഴിയോരക്കച്ചവടത്തിന് ലൈസൻസ് നൽകിയിട്ടുള്ളത്.
2021 നവംബർ 23 മുതൽ ഡിസംബർ അഞ്ചുവരെയുള്ള കാലയളവിൽ അപേക്ഷ നൽകിയവരിൽ 1589 പേർക്ക് ലൈസൻസിന് അർഹതയുണ്ടെന്ന് ഇതിനുള്ള സബ് കമ്മിറ്റി കണ്ടെത്തിയിരുന്നു.
ഇവരുടെ കാര്യത്തിൽ ജാഗ്രതസമിതികളെയും കുടുംബശ്രീ അംഗങ്ങളെയും നിയോഗിച്ച് വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും 1239 അപേക്ഷ നിരസിച്ചെന്നും നഗരസഭ കോടതിയെ അറിയിച്ചിരുന്നു. ഇവർക്ക് അപ്പീൽ നൽകാനുള്ള വിവരങ്ങളും നഗരസഭ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിർദേശിച്ചു. ലൈസൻസിന് അർഹതയുണ്ടെന്ന് സബ് കമ്മിറ്റി കണ്ടെത്തിയ 1589 പേർക്ക് ഒരു മാസത്തിനുള്ളിൽ താൽക്കാലിക ലൈസൻസ് നൽകണം. ഒരു മാസത്തിനകം പരിശോധന പൂർത്തിയാക്കി ഒറിജിനൽ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പറയുന്നു.
വെൻഡിങ് സോണുകൾ അന്തിമമാക്കാൻ ജാഗ്രത സമിതികൾക്ക് നിർദേശം
കൊച്ചി: കോർപറേഷൻ പരിധിയിൽ വഴിയോരക്കച്ചവടക്കാർക്ക് പ്രത്യേക ഇടങ്ങൾ (വെൻഡിങ് സോണുകൾ) അന്തിമമാക്കാൻ ഡിവിഷനിലെ ജാഗ്രത സമിതികൾക്ക് നിർദേശം. കൗൺസിലർ, പൊലീസ്, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ഉൾപ്പെടുന്ന ജാഗ്രത സമിതിയാണ് വെൻഡിങ് സോണുകളിൽ അന്തിമ തീരുമാനം കോർപറേഷനെ അറിയിക്കേണ്ടത്. കോർപറേഷെൻറ ആവശ്യപ്രകാരം ഇക്കാര്യത്തിൽ സർവേ നടത്തിയ സി.എസ്.ഇ.എസ് നഗരത്തിൽ വെൻഡിങ് സോണുകളാക്കാൻ കഴിയുന്നിടങ്ങൾ രേഖപ്പെടുത്തി നൽകിയിട്ടുണ്ട്.
നഗരത്തിൽ പലയിടങ്ങളിലായി 3000 വഴിയോരക്കച്ചവടക്കാർ ഉപജീവനമാർഗം തേടുന്നുണ്ടെന്നാണ് എറണാകുളം ജില്ല വഴിയോര കച്ചവട തൊഴിലാളി യൂനിയെൻറ കണക്ക്. തോപ്പുംപടി, വൈറ്റില, തേവര, സൗത്ത്, ബ്രോഡ്വേ എന്നിവിടങ്ങളിലാണ് വെൻഡിങ് സോണുകൾക്കായി സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ഡിവിഷൻ ജാഗ്രത സമിതി എം.എൽ.എ ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ചാണ് വെൻഡിങ് സോണുകളെ അന്തിമമാക്കേണ്ടതെന്ന് മേയർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.