ഇത് താൻടാ കൊച്ചി സിറ്റിപൊലീസ്...
text_fieldsകൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടിൽ വൻ കവർച്ച നടത്തി മണിക്കൂറുകൾക്കുള്ളിൽ സംസ്ഥാനം വിട്ട കുപ്രസിദ്ധ മോഷ്ടാവിനെ 15 മണിക്കൂറിനുള്ളിൽ പിടികൂടുമ്പോൾ കൊച്ചി സിറ്റി പൊലീസിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി വന്നുചേരുകയാണ്. ഇതിന് കട്ടക്ക് കൂടെ നിന്നതാകട്ടെ കർണാടക പൊലീസും. കൊച്ചി സിറ്റി പൊലീസ് കമീഷണർ എസ്. ശ്യാംസുന്ദറിന്റെ നിർദേശപ്രകാരം ഡി.സി.പി (ലോ ആൻഡ് ഓർഡർ) കെ.എസ്. സുദർശന്റെ മേൽനോട്ടത്തിൽ എ.സി.പി പി.രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നയിച്ചത്.
ഇൻസ്പെക്ടർമാരായ പ്രേമാനന്ദ കൃഷ്ണൻ, ജി.പി. സഞ്ജുകുമാർ, റിച്ചാർഡ് വർഗീസ്, എസ്.ഐമാരായ വിഷ്ണു, ശരത്, രവികുമാർ, ഹരിശങ്കർ, ലെബി മോൻ, ഗ്രേഡ് എസ്.ഐ.മാരായ വി.എം. അനസ്, സി.എം. ജോസി, പി. അനിൽകുമാർ, വി.കെ. സനീപ്കുമാർ, എസ്.സി.പി.ഒമാരായ എം. മഹേഷ്, പ്രശാന്ത് ബാബു, നിഖിൽ, ജിബിൻ ലാൽ എന്നിവരടങ്ങിയ സംഘമാണ് ഉഡുപ്പിയിലെത്തി പ്രതിയെ നാട്ടിലേക്ക് കൊണ്ടുവന്നത്. ലൊക്കേഷൻ ട്രേസിങ്, കാൾ ഡീറ്റയിൽസ് റെക്കോഡ് (സി.ഡി.ആർ) ഉൾപ്പെടെ സാങ്കേതിക കാര്യങ്ങളിൽ സൈബർ വിങും സഹായിച്ചു.
സി.സി.ടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതി കാറിൽ രക്ഷപ്പെടുന്നതായി കണ്ടെത്തിയ ഉടൻ ഈ കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിക്കുകയായിരുന്നു. ബംഗളുരു സിറ്റി ഈസ്റ്റ് അഡീഷനൽ കമീഷണർ രമൺ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് കർണാടകയിൽ അന്വേഷണം ഏകോപിപ്പിച്ചത്. പ്രതി കർണാടക വഴി രക്ഷപ്പെടുന്നുവെന്ന വിവരം അറിഞ്ഞയുടൻ കർണാടക പൊലീസിന് വിവരം കൈമാറുകയായിരുന്നു. മംഗളുരു, ഉഡുപ്പി, കാർവാർ ഈ റൂട്ടിലൂടെയായിരുന്നു പ്രതി രക്ഷപ്പെടാനുദ്ദേശിച്ചത്. എന്നാൽ ഉഡുപ്പിയിൽ വെച്ച് ഇയാൾ പൊലീസിന്റെ വലയിൽ വീണു. കാർ തടഞ്ഞുനിർത്തി പൊലീസ് പരിശോധിക്കുകയായിരുന്നു. തുടർന്ന് ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. പൊലീസിന്റെ ടീം വർക്കാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ സഹായകമായതെന്ന് കമീഷണർ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
‘പോഷ് ഏരിയ’കൾക്കായി ഗൂഗ്ൾ സെർച്ച്
സമ്പന്നരുടെ വീടുകൾ തിരഞ്ഞുപിടിച്ച് മോഷ്ടിക്കുന്ന സ്വഭാവക്കാരനാണ് കള്ളൻ. സംവിധായകൻ ജോഷിയുടെ വീട് കണ്ടുപിടിച്ചതാകട്ടെ ഗൂഗ്ളിൽ തിരഞ്ഞും. മോഷണം നടത്താനുദ്ദേശിക്കുന്ന നഗരത്തിലെ ഏറ്റവും സമ്പന്നമായ ഇടങ്ങൾ (പോഷ് ഏരിയ) ഏതാണെന്ന് ഗൂഗ്ളിൽ സെർച്ച് ചെയ്ത് ഇവിടെയെത്തി മോഷണം നടത്തുകയാണ് രീതി. കൊച്ചിയിലെ സിനിമ താരങ്ങളും പ്രശസ്തരുമായ ആളുകൾ താമസിക്കുന്ന പനമ്പിള്ളി നഗറിലേക്ക് പ്രതി എത്തിയതും ഗൂഗ്ളിൽ തിരഞ്ഞുപിടിച്ചാണ്. വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ് പ്രതി കൊച്ചിയിലെത്തിയത്. ഇക്കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ എം.പിമാരും എം.എൽ.എമാരും താമസിക്കുന്ന ജൂബിലി ഹിൽസിൽ മോഷണത്തിനെത്തി സ്വർണമാലയുമായി കടന്നുകളഞ്ഞിരുന്നു. ദിവസങ്ങൾക്കു ശേഷം പിടിയിലായി ജയിലിലടക്കപ്പെട്ട ഇർഫാൻ ഈ കേസിൽ ജാമ്യം ലഭിച്ച ശേഷം നടത്തിയ അടുത്ത മോഷണമാണ് ജോഷിയുടെ വീട്ടിലത്തേത് എന്ന് പൊലീസ് സംശയിക്കുന്നു. സ്ക്രൂഡ്രൈവർ ആണ് പ്രധാന ആയുധം.
സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനൽചില്ല് ഇളക്കിമാറ്റുകയാണ് രീതി. ആദ്യ മൂന്നു വീടുകളിലും പക്ഷേ ഈ തന്ത്രം പാളിപ്പോയി. ജോഷിയുടെ വീടിന്റെ അടുക്കളയിലെ ജനലിന് ഇരുമ്പു ഗ്രില്ലുകൾ ഇല്ലാത്തതാണ് പ്രതിക്ക് കാര്യങ്ങൾ എളുപ്പത്തിലാക്കിയത്. ഉള്ളിൽ കയറി മുകളിലെ മുറികളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും മറ്റുമായി കടന്നുകളയുകയായിരുന്നു. ലോക്കർ പൂട്ടാത്തതും ഓപറേഷൻ എളുപ്പത്തിലാക്കി.
പ്രാദേശിക സഹായം കിട്ടിയോ?
പ്രതിക്ക് പ്രാദേശികമായി ആരുടെയെങ്കിലും സഹായം കിട്ടിയോ എന്ന ചോദ്യത്തിന് അന്വേഷിക്കുകയാണ് എന്നായിരുന്നു കമീഷണറുടെ മറുപടി. ഗൂഗ്ൾ സെർച്ചിന്റെ സഹായത്തോടെ മാത്രം പനമ്പിള്ളി നഗറിലെ സമ്പന്ന വീടുകൾ കണ്ടെത്താനാവില്ലെന്ന വിലയിരുത്തലിലാണ് പൊലീസ്. നഗരത്തിൽ നിന്ന് ഈ പ്രദേശം നന്നായി അറിയുന്നവരോ ജോഷിയുടെ വീടിനെക്കുറിച്ച് അറിയുന്നവരോ ആയ ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുക. ഒറ്റക്കാണ് കൃത്യം നടത്തിയതെന്നും പൊലീസ്ക രുതുന്നില്ല.
റോബിൻഹുഡ് അഥവാ ജാഗ്വാർ കള്ളൻ
ജോഷിയുടെ തന്നെ സംവിധാനത്തിൽ 2009ൽ ഇറങ്ങിയ റോബിൻഹുഡ് എന്ന സിനിമയിലെ കഥാതന്തു ഓർമയില്ലേ. തന്റെ ജീവിതം തകർത്തവരോട് പ്രതികാരം ചെയ്യാനായി ഹൈടെക് മോഷണത്തിനിറങ്ങുന്ന നായകൻ. വർഷങ്ങൾക്കിപ്പുറം സംവിധായകന്റെ വീട്ടിൽ മോഷണത്തിനിറങ്ങിയ കള്ളൻ അറിയപ്പെടുന്നത് ബിഹാർ റോബിൻഹുഡ് എന്നാണ്. സമ്പന്നരുടെ വീടുകളിൽ കയറി പണവും ആഭരണവും മോഷ്ടിക്കുകയും ഇങ്ങനെയുണ്ടാക്കുന്ന സമ്പാദ്യത്തിൽ നിന്ന് സ്വന്തം നാട്ടിലെ വികസനകാര്യങ്ങളിലും ഗ്രാമീണരുടെ ക്ഷേമത്തിനും വിനിയോഗിക്കുന്നയാളായാണ് മുഹമ്മദ് ഇർഫാൻ അറിയപ്പെടുന്നത്.
നാട്ടിൽ റോഡ് നിർമാണമുൾപ്പെടെ ഒരു കോടിയുടെ വികസന പ്രവർത്തനങ്ങളുൾ നടത്തിയിട്ടുണ്ടെന്നാണ് ബിഹാറിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളുടെ വിവാഹത്തിനും മറ്റും കൈയ്യയച്ചു സഹായിക്കുമെന്നും ഇയാളെ കുറിച്ച് വാർത്തകളുണ്ട്. ജാഗ്വാർ കള്ളൻ എന്നും ഇർഫാൻ അറിയപ്പെടുന്നുണ്ട്. മോഷണം നടത്തി കവർച്ച മുതലുമായി ഇയാൾ കടന്നുകളയുന്നത് ആഢംബര കാറായ ജാഗ്വാറിലാണ്. പതിവായി ഈ കാറിൽ തന്നെ മോഷണയാത്ര നടത്തിയതിനാലാണ് ജാഗ്വാർ കള്ളൻ എന്ന പേരിലും പ്രതി കുപ്രസിദ്ധനായത്. ഉജാല എന്നാണ് മുഹമ്മദ് ഇർഫാൻ അറിയപ്പെടുന്ന മറ്റൊരു പേര്. 2013ലാണ് ഇയാൾ മോഷണം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.