ആ മഴവിൽ ശബ്ദങ്ങൾ ഇനിയില്ലേ? അടച്ചുപൂട്ടൽ വക്കിൽ കൊച്ചി റെയിൻബോ എഫ്.എം
text_fieldsകൊച്ചി: അതിരാവിലെ ഒരു ദിനം പുലരുമ്പോൾ കാതിലെത്തുന്ന ബെഡ് കോഫി മുതൽ രാത്രി എല്ലാ തിരക്കും കഴിഞ്ഞൊന്നുറങ്ങാൻ കിടക്കുമ്പോൾ കേൾക്കുന്ന പ്രണയസല്ലാപം, ക്ലാസിക്സ് കഫേ, ചിരിക്കട, പവർ പ്ലേ തുടങ്ങി പല പരിപാടികൾ വരെ... കൊച്ചിയുടെ മുക്കിലും മൂലയിലും ഉയർന്നുകേട്ടിരുന്ന ആ റെയിൻബോ എഫ്.എം ഇനിയില്ലേ? ആശങ്കയുടെയും പ്രതിഷേധത്തിന്റെയും അശുഭകരമായ വാർത്തകളിലൂടെയാണ് കൊച്ചി ആകാശവാണി എഫ്.എം 107.5 റെയിൻബോ റേഡിയോ ശ്രോതാക്കൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
തിരുവനന്തപുരത്തെ അനന്തപുരി എഫ്.എം, കോഴിക്കോട് റിയൽ എഫ്.എം എന്നിവ അടച്ചുപൂട്ടിയതിനു പിന്നാലെയാണ് കൊച്ചി റെയിൻബോ എഫ്.എം അടച്ചുപൂട്ടാനൊരുങ്ങുന്നത്.പ്രൈമറി ചാനലായ കൊച്ചി എഫ്.എം 102.3യുമായി റെയിൻബോ എഫ്.എം ലയിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കൊച്ചി റെയിൻബോ എഫ്.എം എന്ന പേരിനു പകരം വിവിധ്ഭാരതി കൊച്ചി എന്നാക്കിയിരിക്കുന്നു.
ഗൗരവതരത്തിലുള്ളതും പൊതുവിജ്ഞാനം കൈകാര്യം ചെയ്യുന്നതുമായ പരിപാടികൾക്ക് ഊന്നൽ നൽകുന്നതാണ് കൊച്ചി എഫ്.എം, എന്നാൽ, പൂർണമായും വിനോദത്തിനും മാനസികോല്ലാസത്തിനും പ്രാധാന്യം നൽകുന്ന റെയിൻബോ എഫ്.എമ്മിനായിരുന്നു ശ്രോതാക്കളും പ്രേക്ഷകപ്രീതിയും കൂടുതൽ. എന്നാൽ, ഈമാസം പകുതി വരെയേ ചാനലിന്റെ സേവനമുണ്ടാകൂ എന്നാണ് സൂചന.
വിനോദങ്ങൾക്ക് ഏഴഴക്
മഴവിൽ നിറങ്ങൾപോലെ വൈവിധ്യവും വർണാഭവുമായ വിവിധ പരിപാടികളായിരുന്നു റെയിൻബോ എഫ്.എമ്മിന്റെ പ്രത്യേകത. രാവിലെ ശുഭചിന്തകൾ പകരുന്ന ബെഡ് കോഫി, പ്രധാന വാർത്തകളും തെരഞ്ഞെടുത്ത പാട്ടുകളും കോർത്തിണക്കിയ സ്വാഗതം കൊച്ചി എന്ന ലൈവ് പരിപാടി, ഉലകസഞ്ചാരം എന്ന യാത്രാപരിപാടി, പാട്ടുകൾക്ക് പ്രാധാന്യം നൽകുന്ന മ്യൂസിക് റൈഡ്, സിംഗലാല, ഇനിയ പാടൽ, ന്യൂജങ്ഷൻ, സെല്ലുലോയ്ഡ്, പാട്ട്സാപ്, മെമ്മറി ലെയിൻ, മധുരഗീതം, രുചിക്കൂട്ടുകളെക്കുറിച്ചുള്ള ടിപ്സ് ആൻഡ് റെസിപിസ്, ഫാമിലി ക്വിസ്, വാർത്ത പരിപാടിയായ ഓൺ ദ ഗോ, നർമപരിപാടിയായ ചിരിക്കട, കായിക പരിപാടിയായ പവർപ്ലേ തുടങ്ങി നിരവധി പരിപാടികളാണ് റെയിൻബോയെ കളർഫുളാക്കി നിർത്തിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിനാളുകൾ ജോലി ചെയ്ത് താമസിക്കുന്ന കൊച്ചി മെട്രോ നഗരത്തിൽ, എല്ലാവർക്കും ആസ്വാദ്യകരമായ വിവിധ പരിപാടികൾ റെയിൻബോ പ്രക്ഷേപണം ചെയ്തിരുന്നു. ഈ പരിപാടികളെല്ലാം കേൾക്കാൻ ആയിരക്കണക്കിന് ശ്രോതാക്കളും കൊച്ചിയിലുണ്ട്. യുവാക്കൾ, വീട്ടമ്മമാർ, വയോധികർ, തുടങ്ങി സമൂഹത്തിന്റെ വിവിധ തട്ടിലുള്ള ആളുകൾ പ്രായഭേദമന്യേ കേൾക്കുന്നതും റെയിൻബോയുടെ പ്രത്യേകതയാണ്.
അടച്ചുപൂട്ടാനുള്ള നീക്കത്തിൽനിന്ന് പിന്മാറണം -ശ്രോതാക്കളുടെ സംയുക്ത കൂട്ടായ്മ
കൊച്ചിയുടെ സ്വന്തം റെയിൻബോ എഫ്.എം ചാനൽ നിർത്തിവെക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി റേഡിയോ ശ്രോതാക്കളുടെ സംയുക്ത സമരസമിതി രംഗത്ത്. തങ്ങൾ ഏറെ സ്നേഹത്തോടെയും സന്തോഷത്തോടെയും ആവേശത്തോടെയും കേൾക്കാറുള്ള, നിത്യജീവിതത്തിന്റെ ഭാഗമായ ആകാശവാണി പരിപാടികൾ തുടർന്നും കേൾക്കണമെന്ന് കൂട്ടായ്മയിലെ അംഗങ്ങൾ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. കൊച്ചി എഫ്.എം 102.3, റെയിൻബോ എഫ്.എം 107.5 എന്നീ രണ്ടു ചാനലുകൾക്കും അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്.
കൊച്ചി എഫ്.എം റെയിൻബോ റേഡിയോ സൗഹൃദ കൂട്ടായ്മയുടെ ഫേസ്ബുക് ഗ്രൂപ്പിൽതന്നെ 26,000 അംഗങ്ങളുണ്ടെന്ന് ഇവർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ എഫ്.എമ്മിനോ പരിപാടികൾക്കോ ഭംഗംവരുത്തുന്ന നീക്കത്തിൽനിന്ന് പിന്മാറണമെന്ന് ശ്രോതാക്കളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിവസങ്ങൾക്കു മുമ്പ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു, ഇനിയും തുടർസമരങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.
റെയിൻബോ റേഡിയോ സൗഹൃദ കൂട്ടായ്മ കൺവീനർ പി.കെ. പ്രകാശ്, കാഞ്ചീരവം സെക്രട്ടറി കാഞ്ചിയോട് ജയൻ, അഖില കേരള റേഡിയോ ലിസണേഴ്സ് അസോ. പ്രസിഡന്റ് മൊയ്തീൻ കുഞ്ഞ്, ഓൾ ഇന്ത്യ റേഡിയോ ലിസണേഴ്സ് വെൽഫെയർ അസോ. സെക്രട്ടറി ഷാജി വേങ്ങൂർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.