വിഷവാതകം കത്തിക്കൽ 'സീറോ ഫ്ലയറിങ്' സങ്കൽപത്തിലേക്ക് ചുവടുവെക്കുന്നുവെന്ന് കൊച്ചി റിഫൈനറി
text_fieldsകൊച്ചി: പെട്രോളിയം സംസ്കരണത്തിനിടെ വമിക്കുന്ന വിഷവാതകങ്ങൾ കത്തിച്ചുകളയുന്ന പ്രക്രിയയിൽനിന്ന് 'സീറോ ഫ്ലയറിങ്' സങ്കൽപത്തിലേക്ക് ചുവടുവെക്കുകയാണ് അമ്പലമുകൾ ബി.പി.സി.എൽ കൊച്ചി റിഫൈനറി. ഇതിനായി ഫ്ലയർ കുഴലുകളിൽനിന്ന് വാതകങ്ങൾ വീണ്ടെടുക്കുന്ന യൂനിറ്റ് സജ്ജമാക്കി. അസ്ഥിരമായ ജൈവ സംയുക്തങ്ങൾ പുറന്തള്ളുന്നത് കുറക്കാനും നടപടി എടുത്തു. റിഫൈനറി സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്നങ്ങൾക്കെതിരെ ദേശീയ ഹരിത ൈട്രബ്യൂണലിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതിദിനം 3.10 ലക്ഷം ബാരൽ സംസ്കരണശേഷിയുള്ള കൊച്ചി റിഫൈനറി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല പെട്രോളിയം സംസ്കരണ ശാലയാണ്. എൽ.പി.ജി, നാഫ്ത, പെട്രോൾ, മണ്ണെണ്ണ, ഡീസൽ, ബെൻസീൻ, ഹെക്സെൻ, സൾഫർ, ഹൈഡ്രജൻ തുടങ്ങിയവയാണ് ഉൽപാദിപ്പിക്കുന്നത്.
റിഫൈനറി പ്രവർത്തനത്തിനിടെ ഉണ്ടാകുന്ന ഹൈഡ്രോ കാർബൺ വാതകങ്ങൾ അന്തരീക്ഷത്തിൽ പടരാതെ കത്തിച്ചുകളയുന്നുണ്ട്.
അധികമായി ഉണ്ടാകുന്ന വാതകങ്ങൾ ഫ്ലയറുകളിൽനിന്ന് വീണ്ടെടുത്ത് നിയന്ത്രിച്ച് കത്തിച്ചുകളയുന്ന അളവ് കുറച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
റിഫൈനറി ഉയർത്തുന്ന മലിനീകരണത്തിനെതിരെ നൽകിയ പരാതികളെത്തുടർന്ന് സംസ്ഥാന വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷിെൻറ നേതൃത്വത്തിൽ വിദഗ്ധ സംഘം വസ്തുതാന്വേഷണം നടത്തിയിരുന്നു. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ സംഘം 'ഇന്ധനത്തിെൻറ ഡീസൾഫറൈസേഷൻ' പ്രക്രിയയിലൂടെ സൾഫർ ഓക്സൈഡിെൻറ പുറന്തള്ളൽ കുറക്കണമെന്ന് ശിപാർശ ചെയ്തിട്ടുണ്ട്.
മലിനീകരണത്തോത് അളക്കാൻ മാസന്തോറും കത്തിക്കുന്ന വാതകങ്ങൾ അളക്കണം. കാർബൺഡൈ ഓക്സൈഡ്, സൾഫർ ഡൈ ഓക്സൈഡ് എന്നിവ പ്രധാനമായും അളന്ന് എത്രമാത്രം ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെടുന്നുണ്ടെന്ന് കണക്കാക്കണമെന്നും സമിതിയുടെ ശിപാർശയിലുണ്ട്.
റിഫൈനറിയുടെ ഉടമസ്ഥതയിലുള്ള 1344.93 ഏക്കറിൽ 909.01 ഏക്കറിലാണ് പ്ലാൻറ്. ബാക്കി 315.3 ഏക്കർ ഗ്രീൻ ബെൽറ്റാണ്. അതേസമയം, റിഫൈനറികൾക്ക് പരിസ്ഥിതി അനുമതി നൽകിയപ്പോൾ ബഫർ സോൺ പരിപാലിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിബന്ധന വെച്ചിട്ടില്ലെന്ന് റിഫൈനറി നൽകിയ വിശദീകരണത്തിൽ പറയുന്നു. മലിനീകരണവും സുരക്ഷിതമല്ലാത്ത അന്തരീക്ഷവും ഉയർത്തിയാണ് റിഫൈനറിക്കെതിരെ പരിസരവാസികൾ പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.