കാരിയർമാരായി ഒടുങ്ങുന്ന അടിമജീവിതം
text_fieldsകൊച്ചിയിലെ പല സ്കൂളിലെയും പ്രധാനാധ്യാപകർ തുറന്നുസമ്മതിക്കുന്ന ഒരുകാര്യം അവിടുത്തെ ഭൂരിഭാഗം കുട്ടികളും മയക്കുമരുന്നിെൻറ കാരിയര്‍മാരായി എന്നതാണ്. സ്കൂള്‍ പരിസരത്ത് സിപ്അപ്, അച്ചാര്‍ തുടങ്ങി പല രൂപത്തില്‍ മയക്കുമരുന്ന് വില്‍ക്കുന്നു. കുട്ടികള്‍ സ്വയമറിയാതെ അതിന് അടിപ്പെട്ട് പതിയെ കാരിയര്‍മാരായി മാറുകയാണ്. കൗൺസലിങ്ങിന് സ്കൂളുകളിൽ എത്തുന്നവരോടാണ് ഈ തുറന്നുപറച്ചിൽ.
പുതുതായി മയക്കുമരുന്ന് ഉപയോഗിക്കുന്ന 16നും 25നും മധ്യേയുള്ള പ്രായക്കാരെ കണ്ടെത്തി അവർ അകപ്പെട്ട കെടുതിയിൽനിന്ന് രക്ഷിക്കാൻ എക്സൈസും പൊലീസും ശ്രമിക്കുന്നുണ്ട്. സ്ഥിരം േകസുകളിൽപെടുന്നവരെ നിയമമാർഗത്തിൽ കർശനമായി നേരിടുകയും ചെയ്യും. മയക്കുമരുന്ന് ഉപയോഗവും വിപണനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ജില്ലയിൽ ഏറുകയാണ്. ഫെബ്രുവരിയിൽ ഇടപ്പള്ളിയിൽ ഇരുചക്ര വാഹനാപകടത്തിൽ മയക്കുമരുന്നിന് അടിപ്പെട്ട യുവാവ് മരിച്ചു. മയക്കുമരുന്ന് സംബന്ധിച്ച തർക്കത്തിൽ പാലാരിവട്ടത്ത് യുവാവ് കുത്തേറ്റ് മരിച്ചു.
ഉപയോഗം കുറയാതെ വരവ് കുറയില്ല
മയക്കുമരുന്ന് ഉപയോഗിക്കുന്നവർ കുറയാതെ അതിെൻറ വരവ് കുറക്കാനാകില്ലെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന ലളിതമായ ഉത്തരം. സിഗരറ്റ്, മദ്യം എന്നിവയിലേക്ക് ഇപ്പോൾ കാര്യമായി ആരും നിർബന്ധിച്ച് വിദ്യാർഥികളെയും യുവാക്കളെയും കൊണ്ടുപോകുന്നില്ല. എന്നാൽ, മയക്കുമരുന്നിെൻറ കാര്യത്തിൽ പുതിയ ഉപഭോക്താക്കളെ കണ്ടെത്താൻ ഇടനിലക്കാർ നാട്ടിലെങ്ങും സജീവമാണ്.
സ്കൂളിലേക്കും മറ്റും പോകുന്ന കുട്ടികൾ വഴിയരികിൽ നിന്ന് ലിഫ്റ്റ് ചോദിക്കുേമ്പാൾ മിക്കവാറും എത്തിപ്പെടുന്നത് ഇത്തരം ഇടനിലക്കാരെൻറ കരങ്ങളിലേക്കാകും. അഞ്ചോ പത്തോ രൂപ വണ്ടിക്കൂലി ലാഭിച്ച് അതുകൊണ്ട് ഇഷ്ടപ്പെട്ട ഒരു സ്നാക്സ് വാങ്ങാനാണ് കൂടുതലും കുട്ടികൾ ലിഫ്റ്റ് ചോദിക്കുന്നത്. ഒന്നോ രണ്ടോ പ്രാവശ്യം ലിഫ്റ്റ് നൽകി കൊണ്ടുപോകുന്നതോടെ അപരിചിതത്വം മാറി കുട്ടിയെ കെണിയിൽപെടുത്താൻ ഇടനിലക്കാരന് കഴിയും.
വരവ് ഓൺലൈനായി
ഓൺലൈനായി കോളജ് വിദ്യാർഥികളും യുവാക്കളും കഞ്ചാവും മയക്കുമരുന്നുകളും വരുത്തുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. കോളജ് ഹോസ്റ്റലുകൾ വിലാസമായി നൽകിയാണ് ഓർഡർ നൽകുക.
ഇത്തരം ഓൺലൈൻ പർച്ചേസുകൾക്ക് എങ്ങനെ തടയിടണമെന്ന് തലപുകക്കുകയാണ് അന്വേഷണ ഏജൻസികൾ. ഋഷിരാജ് സിങ് എക്സൈസ് കമീഷണറായിരുന്ന കാലത്ത് കോളജ് ഹോസ്റ്റലുകളിൽ റെയ്ഡുകൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ കാര്യമായി നടക്കുന്നില്ല. പ്രിൻസിപ്പൽ, വാർഡൻ എന്നിവരെ അറിയിച്ച് സമ്മതം വാങ്ങി മാത്രമേ ഹോസ്റ്റലുകളിൽ പരിശോധന നടത്താനാകൂ.
അപ്പോഴേക്കും സംഗതി ഒളിപ്പിച്ചിട്ടുണ്ടാകും. കൊച്ചി നഗരത്തിലും ജില്ലയിലെ മറ്റുഭാഗങ്ങളിലും 'സ്റ്റഫ്' കിട്ടുന്നിടങ്ങളുടെ വിവരം എളുപ്പത്തിലാണ് യുവാക്കൾക്കിടയിൽ പ്രചരിപ്പിക്കുന്നത്.
കോവിഡുകാലം വരുത്തിയ വിന
സ്കൂളുകളിലും കോളജുകളിലും എക്സൈസിെൻറ വിമുക്തി ലഹരി വർജന മിഷെൻറ ഭാഗമായി ആൻറി ഡ്രഗ് ക്ലബുകൾ രൂപവത്കരിച്ചിരുന്നു. കോവിഡുകാലത്ത് സ്ഥാപനങ്ങൾ അടഞ്ഞതോടെ ഇവയുടെ പ്രവർത്തനം തടസ്സപ്പെട്ടു. ഓൺലൈനായി നടക്കുന്ന ബോധവത്കരണം ഫലപ്രദവുമല്ല.
ആഴ്ചയിൽ രണ്ടുദിവസം എങ്കിലും അധ്യാപകരുടെ ശ്രദ്ധ കുട്ടികളുടെ അക്കാദമിക് സമയത്തിനുശേഷം അവർ എന്തുചെയ്യുെന്നന്നതിൽ വേണമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗത്തിെൻറ ദുരന്തഫലങ്ങൾ ഉദാഹരണം സഹിതം കുട്ടികളോട് പറയണം. അതുകൊണ്ട് നശിക്കുന്ന ഭാവിയെ സൂചിപ്പിക്കണം. നിരന്തരം ഇത് കേൾക്കുേമ്പാൾ അത്തരം അവസ്ഥയിലേക്ക് പോകാതിരിക്കാൻ അവരുടെ മനസ്സിൽ ഒരു കരുതൽ വരും.
ചാർട്ടേഡ് ബസുകൾ വഴിയും കടത്ത്
ട്രെയിനുകളുടെ കുറവുമൂലം അന്തർ സംസ്ഥാനങ്ങളിൽനിന്ന് തൊഴിലാളികളെയും വഹിച്ച് നൂറിലേറെ ബസുകളാണ് പെരുമ്പാവൂർ, ആലുവ സർവിസുകൾ നടത്തുന്നത്. ബസുകൾ ചാർട്ട് ചെയ്ത് തൊഴിലാളികൾ ആന്ധ്ര, ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് വരുന്നു.
ഇതിെൻറ മറവിൽ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളും വ്യാപകമായി കൊണ്ടുവന്നിട്ടുണ്ടെന്ന് എക്സൈസ് അധികൃതർ പറയുന്നു. ബസുകൾ മിക്കപ്പോഴും പരിശോധിക്കപ്പെടുന്നില്ല. ബസുടമകളുടെ അറിവില്ലാതെ തൊഴിലാളികളുടെ ലഗേജുകളിലാണ് മയക്കുമരുന്ന് കടത്ത്.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.