കൊച്ചി വയോജന സൗഹൃദ നഗരമാകുന്നു; ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം കാത്ത് നഗരം
text_fieldsമട്ടാഞ്ചേരി: ലോക ചരിത്രത്തിൽ കൊച്ചിക്ക് ഒരു പൊൻതൂവൽ കൂടി ലഭ്യമാകുന്നു. ഐക്യരാഷ്ട്ര സഭയുടെ ‘വയോജന സൗഹൃദ നഗരം’ പ്രഖ്യാപനത്തിന് കാതോർത്തിരിക്കുകയാണ് കൊച്ചി നഗരം.
യു.എൻ പ്രഖ്യാപനത്തോടെ ദക്ഷിണേഷ്യയിലെ പ്രഥമ വയോജന സൗഹൃദനഗരം പദവി സ്വന്തമാകും. നഗരസഭയുടെ വയോജന ക്ഷേമപ്രവർത്തനങ്ങളും പദ്ധതികളും വിശദമാക്കിയുള്ള റിപ്പോർട്ട് ഐക്യരാഷ്ട്രസഭയിൽ സമർപ്പിച്ചതിനെ തുടർന്നാണ് നഗരസഭ അധികൃതരുമായി യു.എൻ പ്രതിനിധി സംഘം നേരിട്ടുള്ള വിശദീകരണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. 13ന് നടക്കുന്ന യു.എൻ പ്രതിനിധി സഭ വിഡിയോ കോൺഫറൻസിൽ കൊച്ചി മേയർ എം.ആർ. അനിൽകുമാർ നഗരസഭ വയോജന ക്ഷേമപ്രവർത്തന വിശദീകരണം നടത്തും.
യു.എൻ വയോജന സൗഹൃദ നഗര പദ്ധതിയിൽ ഇതിനകം 51 രാജ്യങ്ങളിൽനിന്ന് 1400ഓളം നഗരങ്ങളുണ്ട്. 2012ൽ കൽക്കത്ത നഗരം പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും പ്രഖ്യാപനമുണ്ടായില്ല. പകൽ വീട്, വയോജന ക്ലിനിക്, ക്ഷേമ പ്രവർത്തനം, വയോജനക്കൂട്ടം, കാൽനട പാതയൊരുക്കൽ തുടങ്ങി കൊച്ചി നഗരത്തിലെ വിവിധതല പ്രവർത്തന റിപ്പോർട്ടിൽ താൽപര്യം പ്രകടമാക്കിയാണ് യു.എൻ പ്രതിനിധി സംഘം ഓൺലൈൻ അവതരണത്തിന് തയാറായതെന്ന് മേയർ പറഞ്ഞു. ഡോ. പ്രവീണാണ് വയോജന സൗഹൃദ നഗരം പദ്ധതി രൂപരേഖ തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.