ജല മെട്രോക്ക്
text_fieldsകൊച്ചി: കൊച്ചി ജല മെട്രോ സർവിസ് ആരംഭിച്ചിട്ട് ഏപ്രിൽ 25ന് ഒരുവർഷം പൂർത്തിയാകും. ഒമ്പത് ബോട്ടുകളും രണ്ട് റൂട്ടുകളുമായി സർവിസ് ആരംഭിച്ച ജല മെട്രോ 11 മാസം പിന്നിടുമ്പോൾ 13 ബോട്ടുകളുമായി അഞ്ച് റൂട്ടുകളിൽ സർവിസ് നടത്തുന്നു. 11 മാസത്തിനകം 18,36,390 പേർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി. വിനോദസഞ്ചാരികളുടെ പറുദീസയായ ഫോർട്ട്കൊച്ചിയിലേക്കും മെട്രോയെത്താൻ അധികം വൈകില്ല. ഇതിനു മുന്നോടിയായി നടപ്പാതകളും വഴിവിളക്കുകളുമുൾപ്പെടെ മാറ്റിസ്ഥാപിച്ച് കെ.എം.ആർ.എൽ ഫോർട്ട്കൊച്ചിയുടെ മുഖംമിനുക്കി.
10 രൂപക്കും യാത്ര
സുസ്ഥിര ജലഗതാഗത രംഗത്ത് ലോകത്തിനുതന്നെ മാതൃകയാകുകയാണ് കൊച്ചി ജല മെട്രോ. പുതിയ ആശയമായതിനാൽ ആദ്യവർഷം ജല മെട്രോയെ അടുത്തറിയാൻ കൊച്ചിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണം സ്ഥിരം യാത്രികരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ദൈനംദിന യാത്രകൾക്ക് ജല മെട്രോയെ ഒപ്പംകൂട്ടാൻ ദ്വീപ് നിവാസികളെ പ്രേരിപ്പിക്കുന്നതിനാണ് മെട്രോ അധികൃതർ ഊന്നൽ നൽകുന്നത്. 20 മുതൽ 40 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ, വിവിധ യാത്രാപാസുകൾ ഉപയോഗിച്ച് 10 രൂപ നിരക്കിൽവരെ ജല മെട്രോയിൽ സ്ഥിരം യാത്രികർക്ക് സഞ്ചരിക്കാം. സൗത്ത് ചിറ്റൂരിൽനിന്ന് ബസിൽ ഹൈകോർട്ടിലേക്കെത്താൻ 18 രൂപ വേണമെന്നിരിക്കെ ജല മെട്രോയുടെ യാത്രാപാസ് ഉപയോഗിച്ച് 10 രൂപക്ക് ഇതേ ദൂരം യാത്ര ചെയ്യാം.
ബോട്ടുകളുടെ കുറവ് വെല്ലുവിളി
പുതിയ റൂട്ടുകൾ ആരംഭിച്ചപ്പോഴും ബോട്ടുകളുടെ എണ്ണത്തിലെ പരിമിതികൾ സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് വെല്ലുവിളിയാണ്. സർവിസുകളുടെ എണ്ണം കുറവായതിനാൽ സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ റൂട്ടുകളിൽ സ്ഥിരം യാത്രികരെ ആകർഷിക്കാനായിട്ടില്ല.
പുതിയ റൂട്ടുകൾക്കായി ശേഷിക്കുന്ന ബോട്ടുകൾ കൊച്ചിൻ ഷിപ്യാർഡ് എത്രയുംവേഗം നൽകുമെന്നാണ് പ്രതീക്ഷ. കുമ്പളം, പാലിയംതുരുത്ത്, വിലിങ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്. ജല മെട്രോ ടെർമിനലുകളിലേക്ക് എത്താനും അവിടെനിന്ന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാനും ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ കണക്ടിവിറ്റി നിലവിലുള്ളതിലും മികച്ചതാക്കാനാണ് ശ്രമം. ഇതിനായി വിവിധ പദ്ധതികൾ പരിഗണനയിലാണ്.
സഞ്ചാരികൾക്കായി പദ്ധതികൾ
അതത് മേഖലകളിലെ ടൂറിസം സാധ്യതകൾ പരിഗണിച്ച് സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ തയാറാക്കാൻ തദ്ദേശസ്ഥാപനങ്ങൾ നേതൃത്വം നൽകേണ്ടതാണ്. ദ്വീപ് നിവാസികൾക്ക് വരുമാനമാകും വിധത്തിൽ ഫിഷിങ്, കലാപരിപാടികൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ ക്രമീകരിച്ച് ജല മെട്രോയിൽ സഞ്ചാരികളെ ദ്വീപുകളിൽ എത്തിക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുമായി ചർച്ചചെയ്യും. കൂടുതൽ ബോട്ടുകൾ ലഭിക്കുന്നതിനനുസരിച്ച് സഞ്ചാരികൾക്കായി പ്രത്യേക ട്രിപ്പുകൾ ക്രമീകരിക്കുന്നതും ആആലോചനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.